
പത്തനംതിട്ട: കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തതിനാൽ ടെലഗ്രാം ആപ്ലിക്കേഷൻ വഴി വ്യാജസിനിമകൾ ഇറക്കുന്നവരെ കുടുക്കാൻ പോലീസിനാകുന്നില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ടെലഗ്രാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമനിർവഹണ ഏജൻസികളുമായി പങ്കുവെക്കുമെന്ന് ടെലഗ്രാം മേധാവി പാവെൽ ദുരോവ് ആഴ്ചകൾക്കുമുൻപ് പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും ടെലഗ്രാമിന്റെ രീതികൾ പഴയപടി തന്നെയാണെന്നാണ് സൈബർ പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
മലയാളസിനിമകളുടെ വ്യാജപ്പതിപ്പുകൾ ടെലഗ്രാം വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ടെലഗ്രാം പ്രൈവസി പോളിസി കാരണം വ്യക്തികളുടെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നില്ല. സോഫ്റ്റ്വേർ ഉപയോഗിച്ച് തയ്യാറാക്കുന്ന ബോട്ട് അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന ചാനലുകൾ വഴിയാണ് ടെലഗ്രാമിൽ സിനിമകൾ പ്രചരിക്കുന്നത്. ടെലഗ്രാം പോളിസിപ്രകാരം ഇത് സൃഷ്ടിച്ചയാളുടെ വിവരങ്ങൾ പുറത്തറിയിക്കില്ല.
ചില കേസുകളിൽ മാത്രമാണ് ടെലഗ്രാമിന്റെ ഭാഗത്തുനിന്നു സഹായങ്ങൾ ലഭിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ട വിഭാഗത്തിൽനിന്നുള്ളവർ പറയുന്നു. വ്യാജ ഐ.പി. അഡ്രസുകൾ ഉപയോഗിച്ചായിരിക്കും ഇത്തരക്കാരുടെ പ്രവർത്തനം എന്നതിനാൽ ആ രീതിയിലും കുറ്റക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ടെലഗ്രാമിന്റെ സഹകരണംകൂടി ഉണ്ടെങ്കിലെ ഇത്തരക്കാരെ വേഗം കണ്ടെത്താൻ സാധിക്കൂ.
തമിഴ് റോക്കേഴ്സ് പോലെയുള്ള വെബ്സൈറ്റുകളിൽനിന്നു സിനിമ ഡൗൺലോഡുചെയ്യാൻ അത്ര എളുപ്പമല്ല. ടെലഗ്രാം സെർച്ച് ബാറിൽ മൂവി ഗ്രൂപ്പ് പേരുകൾ തിരഞ്ഞ് കണ്ടുപിടിക്കാൻ എളുപ്പമാണ്. ഡൗൺലോഡുചെയ്യുന്ന രീതി ഒരുതവണ മനസ്സിലായാൽ പിന്നെ കാര്യങ്ങൾ കൈകാര്യംചെയ്യാൻ എളുപ്പമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]