
.news-body p a {width: auto;float: none;}
ടെൽ അവീവ്: ഗാസയിലുള്ള ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ യുദ്ധം നാളെ അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ചതിന് പിന്നാലെയാണ് പ്രതികരണം.
സിൻവാറിന്റെ മരണത്തോടെ യുദ്ധം അവസാനിക്കില്ല. ഇത് ‘ഗാസ യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കം” മാത്രം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആക്രമണം നിറുത്തി ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു.
ഇതോടെ, ഗാസയിലും ലെബനനിലും തുടരുന്ന ഇസ്രയേൽ ആക്രമണങ്ങൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിൽ വിള്ളൽ വീണു. ഹമാസിന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കിയതിനാൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ശ്രമിക്കണമെന്ന് ഇസ്രയേലിലും ആവശ്യം ശക്തമാണ്.
സിൻവാറിന്റെ മരണത്തോടെ ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഹമാസിന്റെ പ്രതിരോധത്തിന് ശക്തി കൂടുമെന്ന് സഖ്യ കക്ഷിയായ ഇറാനും പ്രതികരിച്ചു.
# യുദ്ധം നിറുത്താം. പക്ഷേ…
(നെതന്യാഹുവിന്റെ ഉപാധികൾ)
1. ബന്ദികളെ മോചിപ്പിക്കണം
2. ഹമാസ് അംഗങ്ങൾ ആയുധംവച്ച് കീഴടങ്ങണം
3. ബന്ദികളെ തിരികെ നൽകുന്നവർക്ക് സുരക്ഷ ഉറപ്പ്. ദ്രോഹിച്ചാൽ വെറുതെ വിടില്ല
# മുഹമ്മദ് സിൻവാറിനെ തേടുന്നു
യഹ്യാ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാർ അടക്കമുള്ള ഹമാസ് കമാൻഡർമാർക്കായി ഇസ്രയേൽ തെരച്ചിൽ ശക്തം. ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് മേധാവിയായ മുഹമ്മദ് ആറ് തവണ ഇസ്രയേലിന്റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.
# ഹിസ്ബുള്ള ഉന്നതൻ കൊല്ലപ്പെട്ടു
ഇന്നലെ തെക്കൻ ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഉന്നത ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാമൽ കൊല്ലപ്പെട്ടു. ഇതിനിടെ ജോർദ്ദാനിൽ നിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ആയുധധാരികളെ സൈന്യം വധിച്ചു.
—————
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേഖലയിൽ ഇറാൻ കെട്ടിപ്പടുത്ത ഭീകരതയുടെ അച്ചുതണ്ട് ഇതാ കൺമുന്നിൽ തകരുന്നു.
– ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി, ഇസ്രയേൽ
തങ്ങളെ തുടച്ചുനീക്കാൻ കഴിയില്ല.
– ഹമാസ്
സിൻവാർ ചർച്ചയ്ക്ക് വിസമ്മതിച്ചിരുന്നു. ഇപ്പോൾ തടസങ്ങൾ നീങ്ങി. ഇസ്രയേൽ വെടിനിറുത്തൽ-ബന്ദീ മോചന ചർച്ചകളിലേക്ക് കടക്കണം.
– മാത്യു മില്ലർ, വക്താവ്, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്