
ബംഗളൂരു: ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാർ തമ്മിലുള്ള പോരിനൊടുവിൽ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് രോഹിണി സിന്ദൂരി. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നും രോഹിണി സിന്ദൂരി ഡി. രൂപക്ക് അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.
കർണാടക ദേവസ്വം കമ്മീഷണറായിരുന്ന രോഹിണി സിന്ദൂരിയും കരകൗശല വികസന കോർപറേഷന് മാനേജിങ് ഡയറക്ടറായിരുന്ന ഡി. രൂപയും തമ്മിൽ പരസ്പരം ആരോപണമുന്നയിച്ച് നടത്തിയ പോരിനൊടുവിൽ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു.
ഇരുവരും തമ്മിലുള്ള വിദ്വേഷമാണ് പരസ്യമായ ആരോപണങ്ങളിലേക്ക് നയിച്ചത്. രോഹിണി സിന്ദൂരിയുടെ ഏതാനും സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ഇവ പങ്കുവെച്ചത്. ചിത്രങ്ങൾ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന രൂപക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
തമ്മിലടി ശക്തമായതോടെ ഇരുവരെയും കഴിഞ്ഞ ദിവസം പദവികളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. പുതിയ പോസ്റ്റിങ്ങൊന്നും നൽകാതെയാണ് സ്ഥലംമാറ്റം.
വ്യക്തിപരമായ വിദ്വേഷം പൊതുവിടങ്ങളിലേക്ക് വലിച്ചിഴച്ച രണ്ടുപേർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു.
The post ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് നൽകി രോഹിണി സിന്ദൂരി. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]