
പച്ചക്കറികളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ‘കാന്താ ഫാസ്റ്റ് ട്രെയിൻ’ കുതിക്കുന്നു. യാത്രക്കാരുമായല്ല, 42 വാഗണുകളിലായി 1,600 ടൺ സവാളയുമായാണ് യാത്ര. ഒക്ടോബർ 20ന് ട്രെയിൻ ഡൽഹിയിലെത്തും. വിലസ്ഥിരതാ ഫണ്ട് പ്രകാരം കർഷകരിൽ നിന്ന് നാഷണൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) സമാഹരിച്ച സവാളയാണ് ട്രെയിനിലുള്ളത്.
രാജ്യത്ത് മുഖ്യ സവാള ഉൽപാദന കേന്ദ്രമായ നാസിക്കിൽ നിന്ന് വാരാണസി, ലക്നൗ തുടങ്ങിയ പ്രദേശങ്ങളിലേക്കും വൈകാതെ സവാളയുമായി ട്രെയിനുകൾ ഓടുമെന്ന് കേന്ദ്രം വ്യക്തമാക്കി. നവാരാത്രി, ദീപാവലി, ദസ്സറ ഉത്സവകാല സീസണിൽ സവാള ഉൾപ്പെടെ പച്ചക്കറികളുടെ വില ഉയർന്നു നിൽക്കുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരുതൽ ശേഖരത്തിൽ നിന്ന് ട്രെയിൻ മാർഗം വൻതോതിൽ സവാളയും മറ്റും വിപണിയിലെത്തിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം.
4.7 ലക്ഷം ടൺ സവാളയാണ് (റാബി വിളവ്) വിലസ്ഥിരതാ പദ്ധതിപ്രകാരം കേന്ദ്രം സംഭരിച്ചത്. വിപണിയിൽ കിലോയ്ക്ക് 17 രൂപ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് 28 രൂപ വീതം നൽകിയായിരുന്നു സംഭരണം. ഈ ശേഖരത്തിൽ നിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് കേന്ദ്രം സവാള വിപണിയിലെത്തിക്കുന്നത്. സ്റ്റോക്കിൽ നിന്ന് ഇതിനകം 92,000 ടൺ സവാള റോഡ് മാർഗവും വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു. നിലവിൽ ഡൽഹിയിൽ സവാള വില കിലോയ്ക്ക് 65-70 രൂപയാണ്. റെയിൽ മാർഗം ചരക്കെത്തിക്കാൻ താരതമ്യേന ചെലവ് കുറവാണെന്നും കേന്ദ്രം പറയുന്നു. നാസിക്കിൽ നിന്ന് ട്രെയിനിൽ സവാള ഡൽഹിയിൽ എത്തിക്കാൻ 70 ലക്ഷം രൂപ മതി. റോഡ് വഴിയാകുമ്പോൾ 84 ലക്ഷം രൂപ വേണ്ടിവരും.
തക്കാളിക്കും വില കുറയുമെന്ന് കേന്ദ്രം
കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മഴക്കെടുതി മൂലം ഉൽപാദനം കുറഞ്ഞതിനെ തുടർന്ന് തക്കാളി വിലയും കുതിച്ചുയർന്നിരുന്നു. ഡൽഹിയിൽ കിലോയ്ക്ക് 100-120 രൂപയാണ് റീറ്റെയ്ൽ വില. മഹാരാഷ്ട്രയിൽ നിന്ന് വൈകാതെ കൂടുതൽ തക്കാളി വിപണിയിലെത്തുമെന്നും വില കുറയുമെന്നും നിധി ഖരെ പറഞ്ഞു. എൻസിസിഎഫിൽ നിന്ന് കിലോയ്ക്ക് 65 രൂപ നിരക്കിലാണ് മുംബൈയിലും ഡൽഹിയിലും കേന്ദ്രം തക്കാളി വിപണിയിലെത്തിക്കുന്നത്.
കേരളത്തിലും തക്കാളി വില അടുത്തിടെ കിലോയ്ക്ക് 100 രൂപയ്ക്കടുത്ത് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതായിരുന്നു തിരിച്ചടി. വിഎഫ്പിസികെയുടെ കണക്കുപ്രകാരം സവാളയ്ക്ക് കിലോയ്ക്ക് 60 രൂപയും തക്കാളിക്ക് 62 രൂപയുമാണ് ചില്ലറവില. ഹോർട്ടികോർപ്പിന്റെ ലിസ്റ്റ് പ്രകാരം തക്കാളിക്ക് വില 52 രൂപ മുതൽ 82 രൂപവരെ. സവാളയ്ക്ക് 29-35 രൂപയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]