
ഓർത്തുചിരിക്കാൻ സാധിക്കുന്ന ഹാസ്യ സിനിമകള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അത് സമൂഹത്തില്‍ നടക്കുന്ന സമകാലിക കാര്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കൂടിയാകുമ്പോള്‍ നര്‍മം കൂടുതല്‍ ആസ്വാദ്യകരമാകും. ഇത്തരത്തില്‍ ചിരിയും ചിന്തയും ഉണര്‍ത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ എടുത്തുവെക്കാവുന്നതാണ് പൊറാട്ട് നാടകം എന്ന സിനിമ. വെറും ഹാസ്യമാകാതെ അതിനെ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിച്ച ചിത്രത്തിന്റെ അവതരണ ശൈലി എടുത്തുപറയേണ്ടതാണ്. ഓരോ സീനിലും നര്‍മം ചാലിച്ച് വ്യത്യസ്തമായി നിര്‍മ്മിച്ചിരിക്കുന്ന ‘പൊറാട്ട് നാടകം’ കുടുംബസമേതം തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന സിനിമയാണ്.
കർണാടകയുമായി അതിര്‍ത്തി പങ്കിട്ടുനില്ക്കുന്ന ഗോപാലപുരമെന്ന നാടിനെയും നാട്ടുകാരെയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ഓരോ നാട്ടിലും കാണുന്നത് പോലെ പലതരം പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ആചാരനുഷ്ഠാനങ്ങളുമെല്ലാം ചിത്രത്തില്‍ കാണിക്കുന്നു. പലതരം പ്രശ്നങ്ങളില്‍ നില്ക്കുന്ന ഒരു നാട്ടില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇതിനെല്ലാം പുറമേ നായകന്റെ പ്രശ്നങ്ങള്‍ വേറിട്ട് നില്ക്കുന്നു. ഭാര്യ, മക്കള്‍, അമ്മ എന്നിവരടങ്ങുന്ന ഒരു കുടുംബനാഥനാണ് അബു. ഈ കഥാപാത്രത്തെ സൈജു കുറുപ്പ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്ററായിടട്ടാണ് അബു ജോലി ചെയ്യുന്നത്. വാപ്പയുണ്ടാക്കിയ കടം തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന, ബാധ്യതകളുടെ ഒരു കൂടാരമാണ് അബു. പലിശക്കാരും, ബാങ്കുകാരും കയറിയിറങ്ങി ശല്യം ചെയ്തുകൊണ്ട് അബുവിന്റെ സ്വസ്ഥത മുഴുവന്‍ നഷ്ടപ്പെടുന്നു. അങ്ങനെയിരിക്കേ കടം തീര്‍ക്കാനായി അയാള്‍ക്കൊരു മാര്‍ഗം ലഭിക്കുകയാണ്. ആ ‘മാര്‍ഗം’ ആണ് കഥയുടെ ഗതിയെ തന്നെ മാറ്റിമറിക്കുന്നത്. അബുവിനെ കടത്തില്‍ നിന്ന് കരകയറ്റാന്‍ കിട്ടിയ മാര്ഗമെന്തായിരുന്നു .. അത് അയാളെ കൊണ്ടെത്തിച്ച പ്രശ്നങ്ങള്‍ .. പരിഹാരങ്ങള്‍ എന്നിവയെല്ലാം സിനിമ കണ്ട് തന്നെ മനസിലാക്കണം.
സിനിമയിലുടനീളമുള്ളത് ഒരു ആക്ഷേപഹാസ്യ സ്വഭാവമാണ്. പ്രത്യക്ഷത്തില്‍ കേരളത്തില്‍ നടക്കുന്ന സമകാലിക വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങളെ വളരെ ഭംഗിയായി തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഹാസ്യം മാത്രമല്ല സമൂഹത്തില്‍ നിലവില്‍ നിലനില്‍ക്കുന്ന ഭീകരമായ ജാതി വ്യവസ്ഥകള്‍ക്കെതിരെ വിരല്‍ ചൂണ്ടി ആളുകളുടെ പുനര്‍ വിചിന്തനത്തിനും സിനിമ വഴിവെക്കുന്നു. കേരളത്തെ മാത്രമല്ല ഇന്ത്യയിലെ നിലവിലുള്ള അവസ്ഥയെ തന്നെ നേര്‍ച്ചിത്രമായി സിനിമയില്‍ വരച്ച് കാട്ടിയിട്ടുണ്ട്.
എടുത്തു പറയേണ്ട കഥാപാത്രമാണ് മണിക്കുട്ടി. ആ കഥാപാത്രമായ പശുവാണ് ചിത്രത്തെ മുഴുവന്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അബുവിന്റെ മാത്രമല്ല മണിക്കുട്ടിയുടെയും കഥയാണ് പൊറാട്ട് നാടകം. രാഷ്ട്രീയത്തിന്റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന ദുരാചാരങ്ങളെ വരച്ച് കാട്ടുന്നതിനോടൊപ്പം തന്നെ സമൂഹത്തെ പൊറുതി മുട്ടിച്ചുകൊണ്ടിരിക്കുന്ന അഴിമതി എന്ന കരടിനെയും ചിത്രത്തില്‍ വളരെ ഗൗരവമായി പറഞ്ഞിട്ടുണ്ട്.
രാഹുല്‍ മാധവ്, ധര്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്ജുന് വിജയന്,ആര്യ വിജയന്, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.
മണ്മറഞ്ഞുപോയ മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താന്‍ സംവിധായകന് സിദ്ദിഖ് അവതരിപ്പിക്കുന്നു എന്ന ടൈറ്റില്‍ കാര്‍ഡാണ് ചിത്രത്തിനുള്ളത്. പേര് പോലെ തന്നെ സിദ്ദിഖിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹത്തിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരുങ്ങിയത്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന് പള്ളിക്കര നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഈ വര്‍ഷത്തെ ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാടാണ് ആണ്. രാഹുല്‍ രാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]