
തൃശൂര്‍: മികച്ച സംഘടനാ മുന്നൊരുക്കങ്ങളുമായി ചേലക്കര പിടിക്കാനിറങ്ങിയ യുഡിഎഫിന് അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് എന്‍ കെ സുധീറിന്റെ വിമത നീക്കം. സംഘടനയില്‍ സുധീര്‍ അപ്രസക്തനെന്ന് പറയുമ്പോഴും 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചേലക്കര കൂടി ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ സുധീര്‍ നേടിയ വോട്ടിന്റെ കണക്കുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലവേദന കൂട്ടും. പി വി അന്‍വറിന്റെ നിലപാടുകളോട് ആഭിമുഖ്യമുള്ള ഇടത് അണികളുടെ വോട്ട് സുധീറിലേക്ക് പോകാനുള്ള സാധ്യതയും യുഡിഎഫിന്റെ വിജയ പ്രതീക്ഷകള്‍ക്ക് മേലാണ് വന്ന് പതിക്കുന്നത്.
തൃശൂര്‍ ജില്ലയ്ക്ക് പുറത്ത് അത്ര കേട്ടുകേള്‍വിയില്ലാത്തൊരു പ്രാദേശിക നേതാവ് മാത്രമായി എന്‍കെ സുധീറിനെ ചുരുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി അണികള്‍ക്കിടയിലും സുധീറിന് സ്വാധീനമില്ലെന്ന് പറഞ്ഞ് സുധീറിനെ പാടെ അവഗണിക്കുകയാണ് പാര്‍ട്ടി. പക്ഷേ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ ഇടതുകോട്ടയായ ചേലക്കരയിലും ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും മികച്ച മല്‍സരം കാഴ്ചവച്ച കോണ്‍ഗ്രസുകാരനാണ് സുധീറെന്നാണ് തിരഞ്ഞെടുപ്പ് കണക്കുകള്‍ പറയുന്നത്. 2009ല്‍ ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ പി കെ ബിജുവിനെതിരെ സുധീര്‍ നടത്തിയ മത്സരം തന്നെയാണ് ഇവിടെ പ്രസക്തം. ഇടത് കോട്ടയായ ആലത്തൂരില്‍ അന്ന് കോണ്‍ഗ്രസുകാരനായ സുധീറിന്റെ തോല്‍വി കേവലം 20,962 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. അന്ന് ചേലക്കരയില്‍ സുധീറിന് കിട്ടിയത് ആകെ പോള്‍ ചെയ്തതിന്റെ 43.5 ശതമാനം വോട്ടുകള്‍. പാര്‍ട്ടി കോട്ടയായിട്ടും ചേലക്കരയില്‍ അന്ന് കേവലം 2459 വോട്ടുകളുടെ ലീഡ് മാത്രമാണ് സുധീറിനെതിരെ പി കെ ബിജുവിന് നേടാനായത്.
എന്നാല്‍, കണക്കൊക്കെ വെറും പഴങ്കണക്കെന്ന് പറഞ്ഞ് തള്ളുകയാണ് കോണ്‍ഗ്രസ് നേതൃത്വം. 2009ല്‍ സംസ്ഥാനമാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ ആനുകൂല്യം മാത്രമാണ് സുധീര്‍ നേടിയതെന്നും വ്യക്തിപരമായി വോട്ടുകള്‍ സമാഹരിക്കാനുളള ശേഷി അന്നും ഇന്നും സുധീറിനില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷ്യം. അതേസമയം, രമ്യ ഹരിദാസിനോട് എതിര്‍പ്പുള്ള പ്രാദേശിക കോണ്‍ഗ്രസ് അണികളുടെയും അനുഭാവികളുടെയും വോട്ടുകളില്‍ ഒരു പങ്ക് സുധീറിലേക്ക് പോകാതിരിക്കാനുളള മുന്നൊരുക്കങ്ങള്‍ യുഡിഎഫ് തുടങ്ങിക്കഴിഞ്ഞു. ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുള്ള ഇടത് അനുഭാവി വോട്ടുകളില്‍ വലിയൊരു പങ്കുകൂടി പ്രതീക്ഷിച്ചാണ് ചേലക്കരയില്‍ ഇക്കുറി ജയിക്കാമെന്ന ആത്മവിശ്വാസം യുഡിഎഫ് പ്രകടിപ്പിക്കുന്നത്. പിവി അന്‍വറിന്റെ പിന്തുണയോടെ സുധീര്‍ മല്‍സരിക്കുമ്പോള്‍ യുഡിഎഫ് പ്രതീക്ഷിക്കുന്ന ഇടത് വോട്ടുകളും സുധീറിലേക്ക് മറിഞ്ഞേക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു. അങ്ങനെ വന്നാല്‍ ഫലത്തില്‍ അത് ഗുണമാവുക ഇടതുമുന്നണിക്കുമാകും. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രചാരണത്തിലേക്ക് കടക്കുന്നതോടെ സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ അപ്രസക്തമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]