
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആദ്യ ഇടവേള കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്കു തിരിച്ചെത്തുമ്പോൾ ആരാധകർ ഹാപ്പിയാണ്. ഒപ്പം ഒരു തരി ആശങ്കയും. ഒരു ജയം, ഒരു പരാജയം, രണ്ടു സമനില – ബ്ലാസ്റ്റേഴ്സിന്റേത് ഇത്തവണ സമനില തെറ്റാത്ത പ്രകടനമാണെന്നതാണു സന്തോഷത്തിനു കാരണം. രണ്ടും സമനിലകളും പിറന്നത് എതിരാളികളുടെ തട്ടകത്തിലാണെന്നതും സന്തോഷമേകുന്ന മാറ്റം. പുതിയ പരിശീലകൻ മികായേൽ സ്റ്റാറെയ്ക്കു കീഴിൽ ആശിപ്പിക്കുന്ന തുടക്കമാണെങ്കിലും ആശങ്കയ്ക്കുമുണ്ട് കാരണങ്ങളേറെ.
ഇടവേള എന്ന ദുർഭൂതം
സൂപ്പർ ലീഗിൽ ഇടവേള കഴിഞ്ഞെത്തുമ്പോൾ കളി മറക്കുന്ന പതിവുള്ള ടീമാണു ബ്ലാസ്റ്റേഴ്സ്. ഇതിന്റെ ഏറ്റവും ‘വേദനിപ്പിക്കുന്ന’ ഉദാഹരണം കഴിഞ്ഞ സീസണിലേത്. കഴിഞ്ഞ ഡിസംബറിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കവെയാണ് ഐഎസ്എലിൽ ഇടവേള വന്നത്. ഒരു മാസത്തിനു ശേഷം കളമുണർന്നപ്പോൾ ബ്ലാസ്റ്റേഴ്സ് പഴയ ഫോമിന്റെ നിഴൽ പോലുമായില്ല.
ആക്രമണമാണു തുറുപ്പുചീട്ടെങ്കിലും പ്രതിരോധത്തിനു പ്രാധാന്യമേറെ നൽകുന്ന പരിശീലകനാണ് സ്റ്റാറെ. പക്ഷേ, പ്രതിരോധത്തിലെ, പ്രത്യേകിച്ചും ഗോളിനു മുന്നിലെ പിഴവുകളാണ് ആദ്യ നാലു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനു തലവേദന തീർത്തത്.
മധ്യം ചലിക്കുമോ?
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇരു പാർശ്വങ്ങളിലൂടെയും നിരന്തരം ആക്രമണങ്ങൾ പിറന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ മുഴച്ചു നിന്നൊരു കുറവുണ്ടായിരുന്നു– മധ്യത്തിലൂടെയെത്തുന്ന മുന്നേറ്റങ്ങൾ. ഫൈനൽ തേഡിലേക്കുള്ള ടീമിന്റെ നീക്കങ്ങളിൽ 80 ശതമാനവും വന്നതു വിങ്ങുകളിലൂടെ. പ്ലേമേക്കർ അഡ്രിയൻ ലൂണ മടങ്ങിയെത്തുന്നതോടെ മധ്യം ചലിച്ചു തുടങ്ങുമെന്ന് അവർ കണക്കുകൂട്ടുന്നു. സെൻട്രൽ മിഡ്ഫീൽഡിൽ വിബിൻ മോഹനനും അറ്റാക്കിങ് മിഡ്ഫീൽഡിൽ ലൂണയും ആളിക്കത്തുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ഇടവേളയ്ക്കപ്പുറം ആരാധകർ പ്രതീക്ഷിക്കുന്നത്.
ഐഎസ്എൽ: 2025ലെ മത്സരക്രമമായി
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോള് സീസണിലെ അടുത്ത വർഷത്തെ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജനുവരി രണ്ടിനു മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിയും തമ്മിലാണ് 2025 ലെ ആദ്യ മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ജനുവരി 5ന് ഡൽഹിയിൽ പഞ്ചാബ് എഫ്സിക്കെതിരെ.
English Summary:
Fans expect changes from Kerala Blasters when they return after break
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]