
ന്യൂഡൽഹി: ആജീവനാന്തം ഇഎസ്ഐ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കുന്ന തരത്തിൽ പദ്ധതി ആവിഷ്കരിക്കാൻ ആലോചന. ഇത് പഠിക്കുന്നതിനായി ഉപസമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി 21,000 രൂപയിൽ നിന്ന് 25,000 രൂപയാക്കാനും ധാരണയായി.
ശമ്പളത്തിന്റെ പരിധി മറികടന്നാലും ജീവനക്കാരുടെ ഇഎസ്ഐ ആനുകൂല്യം ഇനി നഷ്ടമാവില്ല. പ്രോവിഡന്റ് ഫണ്ടിന് സമാനമായി ഒരിക്കൽ അംഗമായാൽ ശമ്പളം പിന്നീട് എത്ര വർധിച്ചാലും ഇഎസ്ഐ ആനുകൂല്യം തുടരും. ശമ്പള പരിധി 25,000ത്തിന് മുകളിലായാൽ നിശ്ചിത തുക അധികമടച്ച് അംഗമായി തുടരുന്ന തരത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. ഇഎസ്ഐ കോർപറേഷന്റെ അടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.
ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം രാജ്യത്ത് ഏതാണ്ട് 12 കോടിയിലേറെ ഇഎസ്ഐ ഗുണഭോക്താക്കളുണ്ട്. ശമ്പളം 21,000 രൂപയിൽ കവിഞ്ഞാൽ പിന്നീട് ആനുകൂല്യം ലഭിക്കില്ല. ഈ പരിധി 25,000 രൂപയാക്കാമെന്ന് കേന്ദ്ര സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു.
അതേസമയം ശമ്പള പരിധി ഉയർത്തുന്നതിനേക്കാൾ പ്രധാനം ഒരിക്കൽ അംഗങ്ങളായവർക്ക് എക്കാലവും ആനുകൂല്യം ലഭ്യമാക്കലാണെന്ന് വിവിധ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം കോർപറേഷന്റെ അടുത്ത യോഗത്തിൽ അംഗീകരിച്ചേക്കും.
ഇഎസ്ഐ ഗുണഭോക്താക്കൾക്കു വർഷം പത്ത് ലക്ഷം രൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക അസുഖങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ ചണ്ഡീഗഢിൽ നടന്ന കോർപറേഷൻ യോഗത്തിൽ അനുമതി നൽകി.
ഇതനുസരിച്ച് 30 ലക്ഷം രൂപ വരെ ഇഎസ്ഐ കോർപറേഷന്റെ ഡിജിക്കും 50 ലക്ഷം രൂപ വരെ ലേബർ സെക്രട്ടറിക്കും അതിൽ കൂടുതലായാൽ തൊഴിൽ മന്ത്രിക്കും അംഗീകാരം നൽകാം. അംഗങ്ങൾക്ക് വാട്സ്ആപ്പിലൂടെ വിവരങ്ങൾ നൽകാനും ടെലി മെഡിസിൻ സേവനങ്ങൾ ലഭ്യമാക്കാനും തീരുമാനമായി. കോർപറേഷനിലെ കരാർ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകും.
രാജ്യത്ത് 160 ഇഎസ്ഐ ആശുപത്രികളുണ്ട്. ഇതിൽ 51 ആശുപത്രികൾ കോർപറേഷൻ നേരിട്ടും ബാക്കി ഇഎസ്ഐ പദ്ധതിക്കു കീഴിൽ സംസ്ഥാനങ്ങളുമാണ് നടത്തുന്നത്. കേരളത്തിൽ ഇവ യഥാക്രമം മൂന്നും ഒൻപതുമാണ്. രാജ്യത്തെ മുഴുവൻ ഇഎസ്ഐ സ്ഥാപനങ്ങളിലും ഈ മാസം 24 മുതൽ അടുത്ത മാസം പത്ത് വരെ ഗുണഭോക്താക്കളുടെ സംഗമവും പരാതി പരിഹാര അദാലത്തും നടത്താനും തീരുമാനമായി.
The post ശമ്പള പരിധി മറികടന്നാലും ഇഎസ്ഐ ആനുകൂല്യം; ആജീവനാന്ത പരിരക്ഷ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]