
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി നാല് മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. നാല് വനിതകളുടെയും ആദ്യ ചിത്രമാണ് മേളയ്ക്കെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മത്സരവിഭാഗത്തില്‍ ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ ഉള്‍പ്പെടെയാണ് വനിതാസാന്നിധ്യം.
ജെ.ശിവരഞ്ജിനിയുടെ വിക്ടോറിയ, ആദിത്യ ബേബിയുടെ കാമദേവന് നക്ഷത്രം കണ്ടു, ശോഭന പടിഞ്ഞാറ്റിലയുടെ ഗേള്‍ ഫ്രണ്ട്സ് എന്നിവ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രവും അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കും. ഇതും സംവിധായകന്റെ ആദ്യചിത്രമാണ്. സംവിധായകന് ജിയോ ബേബി ചെയര്‍മാനും തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഐ.എഫ്.എഫ്.കെ.യിലേക്കുള്ള മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്.
വി.സി.അഭിലാഷ് സംവിധാനം ചെയ്ത എ പാന്‍ ഇന്ത്യന്‍ സ്റ്റോറി, അഭിലാഷ് ബാബുവിന്റെ മായുന്നു മാറിവരുന്നു നിശ്വാസങ്ങളില്‍, കെ.റിനോഷന്റെ വെളിച്ചം തേടി, ദിന്‍ജിത് അയ്യത്താന്റെ കിഷ്കിന്ധാ കാണ്ഡം, മിഥുന് മുരളിയുടെ കിസ് വാഗണ്‍, ജിതിന് ഐസക് തോമസ് സംവിധാനം ചെയ്ത പാത്ത്, കൃഷാന്ദ് ആര്.കെ.യുടെ സംഘര്‍ഷ ഘടന, സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത മുഖക്കണ്ണാടി, സിറില്‍ എബ്രഹാം ഡെന്നിസിന്റെ വാഴ്സി സോംബി തുടങ്ങിയവയാണ് മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകള്‍. ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]