
ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (ഡിഎ) വർധിപ്പിച്ചു. ഡിഎ 3% വർധിപ്പിക്കുന്നതിന് ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. പുതിയ വർദ്ധനവ് പ്രാബലത്തിൽ വരുന്നതോടെ ഇത് 53% ആയി ഉയരും. ഇത് രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കാണ് പ്രയോജനം ചെയ്യുക.
ദീപാവലിക്ക് മുന്നോടിയായി ഡിഎ വർധിപ്പിച്ചത് കേന്ദ്രസർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. ഒരു കോടിയിലധികം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർധനയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂലൈ മാസത്തേക്കുള്ള ഡിഎ വർധിപ്പിച്ചുള്ള തീരുമാനം വന്നതോടെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശികയും ലഭിക്കും. ഡിഎ വർധിപ്പിച്ചതിലൂടെ കേന്ദ്രസർക്കാരിന് 9,448 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
പണപ്പെരുപ്പവും വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും പിടിച്ചുനിർത്താൻ ജീവനക്കാരെ സഹായിക്കുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനസ് അലവൻസ്. ഇത് ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 4% വർധിപ്പിച്ചിരുന്നു. ഇതോടെയാണ് ഡിഎ 50% ആയി ഉയർന്നത്.
അതേസമയം, ദീപാവലിക്ക് മുന്നോടിയായി ഛത്തീസ്ഗഡ് സർക്കാർ ഡിഎ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ഡിഎ 4 ശതമാനം വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ ഡിഎ 50 ശതമാനമായി ഉയർന്നു. നവംബർ മുതൽ ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് മിസോറാം സർക്കാരും അംഗീകാരം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]