
കണ്ണൂർ: അഴിമതി ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തത്.
നവീൻ ബാബുവിന്റെ മൃതദേഹം ജൻമനാടായ പത്തനംതിട്ടയിലെത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെയാണ് സംസ്കാരം നടത്തുക. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി.
വിരമിക്കാൻ ഇനി ബാക്കി ഏഴ് മാസം മാത്രമാണുള്ളത്. കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ച് ജൻമനാട്ടിൽ ജോലി ചെയ്യാമെന്ന് കരുതിയുള്ള വരവാണ് കണ്ണീര് ഓര്‍മ്മയായത്. നവീൻ ബാബുവിന്റെ ചേതനയറ്റ ശരീരവുമായി കണ്ണൂരിൽ നിന്ന് അതിരാവിലെ പുറപ്പെട്ട ആംബുലൻസ് പത്തനംതിട്ടയിലെത്തിയപ്പോൾ വിങ്ങിപ്പൊട്ടി ബന്ധുക്കളും സഹപ്രവര്‍ത്തകരും. തൊട്ടുപിന്നാലെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അടക്കമുള്ളവര്‍ ആംബുലൻസിൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
പ്രതിപക്ഷ നേതാവും കെപസിസി പ്രസിഡന്റും അടക്കം നേതാക്കളുടെ ഒരു വലിയൊരു നിര തന്നെ വീട്ടിലെത്തിയിരുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അനുകൂലിക്കുന്ന ന്യായവാദങ്ങളെല്ലാം തള്ളുന്നതായിരുന്നു പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സംഭവത്തിൽ കളക്ടറേറ്റിലടക്കം പ്രതിഷേധ യോഗങ്ങൾ നടന്നു. നാളെ വീട്ടിൽ പൊതുദര്‍ശനം നടത്തും. അതിന് ശേഷം പത്തനംതിട്ടയിൽ തന്നെ സംസ്കാരം നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]