സോണി ലിവിന്റെ ആദ്യത്തെ മലയാള വെബ് സീരീസ് ആയ ‘ജയ് മഹേന്ദ്രന്’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അധികമാകാതെ, എന്നാല്‍ കുറിക്ക് കൊള്ളുന്ന തരത്തില്‍ ‘ജയ് മഹേന്ദ്രന്’ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതിന് തിരക്കഥാകൃത്ത് രാഹുല്‍ റിജി നായറിന് വലിയൊരു പങ്കുണ്ട്. തന്റെ കരിയറിന്റയും ‘ജയ് മഹേന്ദ്രന്റെ’യും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് രാഹുല്‍ റിജി നായര്‍
മലയാളി പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത ഒന്നാണ് ക്രിയേറ്റർ അഥവാ ഷോ റണ്ണർ. തിരക്കഥാകൃത്തിൽ നിന്ന് എങ്ങനെയാണ് ക്രിയേറ്ററും ഷോ റണ്ണറും വ്യത്യസ്തരാകുന്നത്
ഒരു തിരക്കഥാകൃത്തിനെക്കാളും നിർമ്മാതാവിനേക്കാളും ഉത്തരവാദിത്വം ഉള്ള ജോലിയാണ് ഷോ റണ്ണറിന്റേത്. ക്രിയേറ്റീവ് സൂപ്പർ വൈസർ, പ്രോജക്ട് ഡിസൈനർ, ഡയറക്ടറിന്റെയും പ്ലാറ്റ്ഫോമിന്റെയും മീഡിയേറ്റർ എന്നിങ്ങനെ മൂന്ന് ജോലികളാണ് ഒരു ഷോ റണ്ണർ അഥവാ ക്രിയേറ്റർ ചെയ്യുന്നത്. കഥ എഴുതുന്ന ആളിന്റെ മനസ്സിലാണ് ആ ലോകം മുഴുവൻ ഉള്ളത്. ഒരോ കഥാപാത്രവും എങ്ങനെയാണ്, അവരുടെ പെരുമാറ്റം എങ്ങനെ എന്നതെല്ലാം മറ്റാരെക്കാളും അറിയുന്നത്എഴുത്തുകാരനാണ്. അതുകൊണ്ടാണ് ക്രിയേറ്റീവ് സൂപ്പർവൈസർ ആകാൻ കഴിയുന്നത്. ഒരു കഥ പ്രോജക്ട് ആയി അവതരിപ്പിച്ച് അനുവാദം വാങ്ങുന്നത് പ്രോജക്ട് ഡിസൈനറുടെ ജോലിയാണ്. പല വെസ്റ്റേൺ സീരിസുകളിലും കുറച്ച് നാൾ കഴിഞ്ഞ് അഭിനേതാക്കളും സംവിധായകനും മറ്റും മാറാറുണ്ട് എന്നാൽ മാറാത്ത ആളാണ് പ്രോജക്ട് ഡിസൈനർ. പരമ്പരയുടെ സത്വം മാറാതെ, തുടർച്ച അറ്റുപോവാതെ നോക്കുന്നതും പ്രോജക്ട് ഡിസൈനറാണ്. ഒരു പ്രത്യേക പ്ലാറ്റ്ഫോമിന് വേണ്ടി ചെയ്യുന്ന പ്രോജക്ടുകളാണല്ലോ സീരിസുകൾ, പ്ലാറ്റ്ഫോമുകൾക്ക് അവരുടേതായ കാഴ്ച്ചപ്പാട് ഉണ്ടാകും. സംവിധായകന് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും ഉണ്ടാകും. ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോകേണ്ടതും ഷോ റണ്ണറിന്റെ ഉത്തരവാദിത്തമാണ്.
അപ്രൂവൽ വാങ്ങി തിരക്കഥ എഴുതുന്നതും ചിത്രീകരിക്കുന്നതും എഴുത്തുകാരന്റെ സർഗ്ഗാത്മകതയിലേക്കുള്ള കടന്നുകയറ്റമായി തോന്നാറില്ലേ
എന്റെ തിരക്കഥ സമ്പൂർണമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..സ്ക്രിപ്റ്റിലുള്ള ഒരു പിഴവ് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് അത് വായിക്കുന്ന മറ്റൊരാളിനായിരിക്കും. ആ നിർദേശം എന്നോട് പറഞ്ഞാല്‍ സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിക്കും, വേണ്ട മാറ്റങ്ങള്‍ വരുത്തും. സ്ക്രിപ്റ്റില്‍ മാത്രമല്ല ഒരു സീന്‍ എടുക്കുമ്പോള്‍ അവിടെ നില്ക്കുന്ന ലൈറ്റിലെ ചേട്ടന്മാരോ ക്രൂവിലെ ചേട്ടന്മാരോ തല ഇത്രയും അനക്കണ്ട രാഹുലേ എന്ന് പറഞ്ഞാല്‍ ഞാന്‍ അത് സന്തോഷത്തോടെ അനുസരിക്കും. ലോകം മുഴുവന്‍ അറിയപ്പെടുന്ന പ്ലാറ്റ്ഫോം ആയതു കൊണ്ട് അവര്‍ക്ക് അവരുടേതായ പല പോളിസികളും ഉണ്ടാകും അത് ഭാവിയില്‍ നിയമപ്രശ്നങ്ങളും മറ്റും ഉണ്ടാകാതിരിക്കാനാണ്. ‘ജയ് മഹേന്ദ്രനി’ല്‍ തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും അടയാളങ്ങള്‍ അറിഞ്ഞും അറിയാതെയും കാണിക്കുന്നുണ്ട്, അത് ചിത്രത്തിന് അത്യാവശ്യം വേണ്ടതാണ്. ഈ കാര്യം സോണിലിവ് അവരുടെ ലീഗല്‍ ടീമിനോട് സംസാരിച്ച് അപ്രൂവല്‍ കിട്ടിയിട്ടാണ് ചിത്രീകരിച്ചത്. നമ്മുടെ കയ്യിലുള്ള പ്രോജക്ട് എന്താണ്, എങ്ങനെയാണ് കഥ പുരോഗമിക്കുന്നത്, ഓരോ കഥാപാത്രങ്ങളും എങ്ങനെ, അതിന്റെ രാഷ്ട്രീയമെങ്ങനെ, അടുത്ത സീസണിന് സാധ്യതയുണ്ടെങ്കില്‍ അത് എങ്ങനെ… ഇതൊക്കെ പല തവണ ചർച്ച ചെയ്താണ് ചിത്രീകരണം ആരംഭിക്കുന്നത്. അതു കൊണ്ട് തന്നെ സര്‍ഗ്ഗാത്മകതയിലേക്കുള്ള കടന്നുകയറ്റമുണ്ടെന്ന് തോന്നുന്നില്ല. യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ ആശയമെന്താണെന്ന് മനസ്സിലാക്കാനും വിട്ടുപോകാനുള്ള സ്വാതന്ത്യവും ഉണ്ടല്ലോ. ചർച്ചകൾ നടക്കുന്ന സമയത്ത്, എന്താണ് അവരുടെ കാഴ്ച്ചപ്പാട് എന്നു പറഞ്ഞ് നമ്മളും അവരും ഓക്കേ ആയി അവര്‍ക്ക് നമ്മളോട് വിശ്വാസം ഉണ്ടായാല്‍ പിന്നെ വലിയ പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയാം. പിന്നെ അത് സംവിധായകന്റെയും നിർമ്മാതാവിന്റെയും ഉത്തരവാദിത്വമാണ്.
നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും അവര്‍ തരാറുണ്ട്, അത് സിനിമയിലും ഉണ്ടാകാറുണ്ടല്ലോ. എനിക്കത് ഇതുവരെ പ്രതിബന്ധമായി തോന്നിയിട്ടില്ല. ‘ജയ് മഹേന്ദ്രനി’ലെ ഒരു സീന്‍ പോലും പോസ്റ്റ് പ്രൊഡക്ഷനില്‍ ഒഴിവാക്കാമോ മാറ്റിയെടുക്കാമോ എന്ന് ചോദിച്ച സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റ് ചില പ്രോജക്ടുകളില്‍ എന്റെ വിയോജിപ്പ് അറിയിച്ച സാഹചര്യമുണ്ടായിട്ടുണ്ട്.
അപ്പോള്‍ മുന്‍കൂട്ടി കൊടുത്ത സ്ക്രിപ്പ്റ്റ് പ്രകാരം മാത്രമാണോ ചിത്രീകരണം നടക്കുന്നത്
അങ്ങനെ അല്ല. ഉദാഹരണത്തിന് ചിത്രത്തിൽ മിയ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം തുടക്കത്തിൽ ഇത്ര ദൈർഘ്യമുള്ളതല്ല. ചിത്രീകരണം തുടങ്ങിയപ്പോഴാണ് കുറച്ച് കൂടെ സ്ക്രീൻ സ്പെയ്സ് ആവാമെന്ന് വന്നത്. മിയയുടെയും സുഹാസിനി മാഡത്തിന്റെയും സീനൊക്കെ രാത്രി എഴുതി സോണിലിവിന്റെ ടീമിനോട് അപ്രൂവൽ വാങ്ങിയാണ് അടുത്ത ദിവസം ചിത്രീകരിച്ചത്. അതുപോലെയാണ് ജെനുവിനിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്ന ആളിന്റെ കഥാപാത്രവും… കുറച്ചൂടെ സ്കോപ്പ് ഉണ്ടല്ലോ എന്ന് കരുതി പിന്നീട് വന്നതാണ് കുറച്ച് കഥാപാത്രങ്ങൾ. അതൊക്കെ വിശദീകരിക്കാൻ വേണ്ടത്ര സമയം കിട്ടിയെന്ന് വരില്ല. അവർക്ക് നമ്മുടെ ആശയം എന്താണെന്ന് അറിയാവുന്നത് കൊണ്ട് രണ്ട് സീരിസുകളിലും വലിയ പ്രശ്നങ്ങളൊന്നും വന്നിട്ടില്ല.
ഇരുതല മൂര്‍ച്ചയുള്ള വാള് കയ്യില്‍ കരുതുന്നത് പോലെയാണ് രാഷ്ട്രീയം പ്ലോട്ട് ആയി സിനിമ എടുക്കുന്നത്. രാഹുലിന് അവാര്‍ഡ് കിട്ടിയ ‘ഒറ്റമുറി വെളിച്ച’ത്തിലും ആദ്യത്തെ ഡോക്യുമെന്ററിയായ ‘ഹ്യൂമന്‍ ബൗണ്ടറി’യിലും ആക്ഷേപഹാസ്യം അല്ലെങ്കിലും രാഷ്ട്രീയമുണ്ടല്ലോ…
രാഷ്ട്രീയം വേണം എന്ന ഉദ്ദേശത്തില്‍ എഴുതിയ സ്ക്രിപ്റ്റ് അല്ല ഇതൊന്നും. കഥയിലേക്ക് അറിയാതെ കടന്ന് വന്നതാണ്. വെളിച്ചം നന്മയുടെ പ്രതിരൂപമായിട്ടാണ് എല്ലാവരും കരുതുന്നത് എന്നാല്‍ വെളിച്ചം ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ വന്നാലോ എന്ന വണ്‍ലൈനില്‍ നിന്നാണ് ‘ഒറ്റമുറി വെളിച്ച’ത്തിന്റെ ഐഡിയ വരുന്നത്. ആ കഥ എഴുതി വന്നപ്പോളാണ് മാരിറ്റല്‍ റേപ്പിനും കഥയില്‍ തുല്യപ്രധാന്യം ഉണ്ടല്ലോ എന്ന് തോന്നിയത്. അന്ന് കോടതി പോലും മാരിറ്റല്‍ റേപ്പിനെക്കുറിച്ച് അഡ്രസ്സ് ചെയ്യാത്ത സമയമാണ്. പിന്നെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കൗണ്‍സിലര്‍മാരെയും ഇരകളെയും കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. അവരോട് സംസാരിച്ച ശേഷം കഥ ഞാന്‍ റീ റൈറ്റ് ചെയ്ത കഥ ആദ്യത്തേതില്‍നിന്ന് വളരെ വ്യത്യസ്തമാണെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. പലരുടെയും ജീവിതമാണ് ആ വരികളില്‍ ഞാന്‍ എഴുതിയത്. പിന്നെ ചിത്രത്തിന് അവാര്‍ഡ് ഒക്കെ കിട്ടിയതിന് ശേഷമാണ് ലോകത്താകമാനമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ഇതിന്റെ വ്യാപ്തിയും ഒക്കെ മനസ്സിലാക്കുന്നത്. ‘ഹ്യൂമന്‍ ബൗണ്ടറി’യില്‍ ഒരു ശതമാനം പോലും ഫിക്ക്ഷന്‍ ഇല്ല. അവിടെ കണ്ട കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്നവരുടെ കണ്ണുനീര് അതുപോലെ പകര്‍ത്തുകയാണ് ഞാന്‍ ചെയ്തത്. അത് ചിത്രീകരിച്ചതിന് ശേഷം കുറേനാള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു ഞാന്‍.
‘ജയ് മഹേന്ദ്രന്’ ഞാന്‍ എഴുതിയത് ഒരു പാര്‍ട്ടിയെയോ സമ്പ്രദായത്തെയോ കളിയാക്കണമെന്ന് കരുതിയല്ല. മഹേന്ദ്രനെ ഇത്തരത്തില്‍ ആക്കിയതില്‍ രാഷ്ട്രീയത്തിന് വലിയൊരു പങ്കുണ്ട്. അത് നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞു. സീരിസ് കണ്ടതിനു ശേഷം പലരും പറയുന്നുണ്ട് പല സീനുകളും അവരുടെ അനുഭവം ആണെന്ന്. ഒരു വില്ലേജ് ഓഫീസര്‍ എവിടുന്നോ എന്റെ നമ്പര്‍ ഒക്കെ തപ്പിപിടിച്ച് മെസേജ് അയച്ചിരുന്നു ഇത് പുള്ളിയുടെ ജീവിതം തന്നെയാണെന്ന്. സീരിസ് കാണുന്ന എല്ലാവര്ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഇത് തനിക്കും സംഭവിച്ചിട്ടുണ്ടല്ലോ എന്ന് തോന്നും അത് ഉറപ്പാണ്. സര്‍ക്കാര്‍ ജോലി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സുഖമായി, ജോലി എടുക്കണ്ട, കൈക്കൂലി ഇഷ്ടം പോലെ കിട്ടും എന്നൊക്കെയുള്ള ഒരു ചിന്ത മലയാളികളുടെ മനസ്സില്‍ ഉണ്ടല്ലോ അതിന്റെ മറുവശം എത്ര പേര്‍ക്ക് അറിയാം? അതും ഞാന്‍ ‘ജയ് മഹേന്ദ്രനി’ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അച്ഛന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായത് കൊണ്ടാണോ മറുവശവും ഉണ്ടെന്ന് ഇത്ര കൃത്യമായി പറയുന്നത്
അതേ… കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് അച്ഛനൊപ്പം ഞാന്‍ ഓഫീസില്‍ പോകാറുണ്ടായിരുന്നു. അന്ന് തൊട്ടേ അവിടുത്തെ ഓരോ കാര്യങ്ങളും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.പല കാര്യങ്ങളിലും അച്ഛന് അനുഭവിച്ച സമ്മർദ്ദം എന്തായിരുന്നു എന്ന് എനിക്ക് അറിയാം. അത് സ്ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നെ പലരുടെയും അനുഭവങ്ങളാണ് ഫിക്ഷനെക്കാള്‍ കൂടുതല്‍ ഇതില്‍ ഉള്ളത്. പല സര്‍ക്കാര്‍ ഓഫീസുകളിലും പോയി അവിടെ വരുന്ന മനുഷ്യരുടെ സ്വഭാവും രീതിയും ഒക്കെ മനസ്സിലാക്കിയിരുന്നു. എഴുതുന്ന മുറയ്ക്ക് അച്ഛനെ കാണിച്ച് ശരിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. സര്‍ക്കാര്‍ ഭാഷയും അവരുടെ രീതിയും ഒക്കെ വ്യത്യസ്തമാണല്ലോ അത് കൃത്യമാക്കി തന്നിരുന്നത് അച്ഛനായിരുന്നു.
2019 ലേ മനസ്സില്‍ ഉണ്ടായിരുന്ന പ്ലോട്ടായിരുന്നു ‘ജയ് മഹേന്ദ്രന്’ എന്ന് കേട്ടിട്ടുണ്ട്. ഏതെങ്കിലും നടനെ മഹേന്ദ്രനായി മനസ്സില്‍ കരുതിയിരുന്നോ ? അന്നത്തെ കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നോ
അങ്ങനെ ഒരാളിന് വേണ്ടി എഴുതിയ കഥയല്ല ‘ജയ് മഹേന്ദ്രന്’. എന്നാല്‍ ഞാന്‍ ചെയ്ത ബാലുവിന്റെ കഥാപാത്രത്തിന് വേറൊരു നടന് മനസ്സില്‍ ഉണ്ടായിരുന്നു.. പക്ഷേ സമയക്കുറവ് കൊണ്ട് അത് നടന്നില്ല.. പിന്നെ മുഴുവന്‍ സമയം സെറ്റിലുള്ള ഞാന്‍ ബാലുവായി മാറുകയായിരുന്നു. അന്നത്തെ കഥയില്‍ മാറ്റമില്ല പക്ഷേ ചില കഥാപാത്രങ്ങള്‍ക്ക് സ്ക്രീന്‍ ടൈം പിന്നീട് കൂട്ടിയിരുന്നു. അതിന്റെ ഉദാഹരണമാണ് സുഹാസിനി മാഡം. സമ്മതിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു പക്ഷേ മാഡം വന്നു. തിരക്കഥ അയച്ചപ്പോള്‍ മാഡത്തിന്റേതു പോലയുള്ള കഥാപാത്രങ്ങളെ പൊതുവേ വളരെ ഗൗരവക്കാരായി ആണ് കാണിക്കുന്നത് അങ്ങനെ വേണ്ട അതില്‍ മാറ്റം വരുത്തിയാല്‍ കുറച്ച് കൂടെ നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു.. ആ സജഷന്‍ വളരെ നല്ലതായി ഞങ്ങള്‍ക്ക് തോന്നി. മാഡം പറയുന്നത് വരെ ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നു പിന്നെ കഥയില്‍ മാറ്റം വരുത്തുകയായിരുന്നു. സുരേഷേട്ടന്റെ കാര്യത്തിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അത് മാത്രമല്ല പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2019- ല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു സിനിമയുടെ തിരക്കഥ ആയിരുന്നു. സിനിമ പോലെ അല്ലല്ലോ വെബ് സീരിസ് അതുകൊണ്ട് വെബ് സീരിസിന്റെ രീതിയിലേക്ക് അതിനെ മാറ്റി എഴുതിയിരുന്നു. രണ്ട് പേരില്‍ മാത്രം ഒതുങ്ങി പോകേണ്ട കഥയ്ക്ക് ഇത്രയും നല്ല കഥാപാത്രങ്ങളെ കിട്ടിയതും വെബ് സീരിസ് ആയതു കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്.
അതിവൈകാരിക മുഹൂര്‍ത്തങ്ങളൊന്നും കൈകാര്യം ചെയ്യുന്ന ആളല്ല മഹേന്ദ്രന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കുറച്ച് കള്ളമൊക്കെയുള്ള സാധാരണക്കാരന്. ഇത്തരത്തിലുള്ള കഥാപാത്രം ചെയ്യാന്‍ ഒരുപാട് പേരുണ്ട് മലയാള സിനിമയില്‍. എങ്ങനെയാണ് സൈജു കുറുപ്പിലേക്ക് എത്തിയത്
ഞാനും ശ്രീകാന്തും സൈജു ചേട്ടനോടൊപ്പം ഇതിനു മുന്‍പും സിനിമ ചെയ്തിട്ടുണ്ട്. അന്നേ ചേട്ടന്റെ നേ്ച്ചര് അറിയാം.വളരെ ഇന്സ്പയറിങായ വര്‍ക്ക് എത്തിക്സ് ഉള്ള ആളാണ് സൈജു ചേട്ടന്. ഏത് രീതിയിലും രൂപപ്പെടുത്താൻ സാധിക്കുന്ന വളരെ ഓപ്പണായ ആളാണ്. ചേട്ടാ ഇങ്ങനെയല്ല വേണ്ടത് എന്ന് പറഞ്ഞാല്‍ നീ എന്നെ പഠിപ്പിക്കാന്‍ വരണ്ട എനിക്ക് അറിയാം എന്ന് അദ്ദേഹം ഒരിക്കലും പറയില്ല. ഇത് ഫിലിം മേക്കഴ്സിന് തരുന്ന ആത്മവിശ്വാസം ചെറുതല്ല. എന്ത് രീതിയിലേക്കും മാറ്റിയെടുക്കാന്‍ സൈജു ചേട്ടന് കഴിയുമെന്നത് ഞങ്ങളുടെ വലിയ സ്വത്തായിരുന്നു. സീരിസിന്റെ പ്രീ പ്രൊഡക്ഷന്‍ ടൈം ആയപ്പോള്‍ സൈജു ചേട്ടന്റെ കരിയര്‍ വളരെ നല്ല രീതിയില്‍ മാറിയിരുന്നല്ലോ. സൈജു ചേട്ടന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഹേന്ദ്രന്. അത് ഉറപ്പാണ്.
കേരളം പോലെ എല്ലാ രംഗത്തും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് സോണിലിവ് പോലെയുള്ള ഒരു വലിയ പ്ലാറ്റ്ഫോം വഴി പറയുന്നത് ശരിയാണോ
ഒരു വെബ് സീരിസ് ഒരിക്കലും ഒരു നാടിന്റെ എന്ന രീതിയില്‍ അല്ല നിര്‍മ്മിക്കുന്നത്. അതിന് ഒരു പാന്‍ ഇന്ത്യന്‍ ഛായ കൊണ്ട് വരാന്‍ അറിഞ്ഞു കൊണ്ട് തന്നെ ശ്രമിക്കാറുണ്ട്. പഞ്ചായത്ത് സീരിസ് പറയുന്നത് നോര്‍ത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് പക്ഷേ അത് കാണുന്ന ഓരോരുത്തര്‍ക്കും അതിലെ കഥാപാത്രങ്ങള്‍ നമുക്ക് ചിരപരിചിതരായവര്‍ ആണെന്ന് തോന്നും. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെയെല്ലാം ഘടനയും പ്രവര്‍ത്തനവും ഏതാണ്ട് നമ്മുടെ നാട്ടിലെ പോലെ തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്. നമുടെ നാട്ടില്‍ നടക്കാത്ത ഒരു കാര്യവും ഞാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പലപ്പോഴായി സര്‍ക്കാര്‍ ഓഫീസുകളില്‍ നടന്ന സംഭവം ഒരുമിച്ച് ചേര്‍ത്ത് വച്ചുയെന്നേയുള്ളു. നമുടെ നാട്ടിലെ പൊളിറ്റിക്കല്‍ സിസ്റ്റം ബ്യൂറോക്രസിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ മനപ്പൂര്‍വം ആരേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.
വളരെയധികം സ്കോപ്പുള്ള മേഖലയാണ് ഒടിടി പ്ലാറ്റ്ഫോം. സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് എല്ലാ തരത്തിലുമുള്ള വളർച്ച കിട്ടാന്‍ എന്റെ അഭിപ്രായത്തില്‍ ഒടിടി ആണ് നല്ലത്. തിയേറ്ററുകളെക്കാള്‍ സുരക്ഷിതവും ഒടിടിയാണ്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു സിനിമ മാര്‍ക്കറ്റ് ചെയ്യാനും തിയേറ്ററില്‍ നിലനിര്‍ത്താനുമുള്ള ബുദ്ധിമുട്ട് ചെറുതല്ല. തിയേറ്ററില്‍ ഓടാത്ത പല സിനിമകളും ഒടിടിയില്‍ ഹിറ്റായതും നമുക്ക് അറിയാമല്ലോ- രാഹുല്‍ പറയുന്നു
ജയ് മഹേന്ദ്രനെക്കുറിച്ച് വന്ന പോസിറ്റീവ് റിവ്യൂകളില്‍ ശ്രദ്ധേയമായ ഒന്നാണ് വളരെ കൃത്യമായി, ആവശ്യത്തിന് മാത്രമുള്ള പാസ്സിങ് ആര്‍ട്ടിസ്റ്റുകള്‍
അത് ശരിയാണ്. പല സിനിമകളിലും സീന്‍ ശക്തമാവാൻ വേണ്ടി ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ആ സീനുമായി അവര്‍ക്ക് ബന്ധം കാണില്ല. ജയ് മഹേന്ദ്രനില്‍ അങ്ങനെ വരാതിരിക്കാനുള്ള പ്രധാന കാരണം ഡയറക്ഷന്‍ ടീം ആണ്. കഥ എന്താണെന്ന് വളരെ കൃത്യമായി മനസ്സിലാക്കി ഓരോ സീനിലും എന്താണ് വേണ്ടതെന്ന് അറിഞ്ഞ് ഹോം വര്‍ക്ക് ചെയ്താണ് അവര്‍ ഒരു സീന്‍ ആലോചിക്കുന്നത്. പ്രേക്ഷകന് ബോറടിക്കരുത്, നീങ്ങുന്നില്ലല്ലോ എന്ന ഫീല്‍ വരരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. പിന്നെ ഇതിലെ ഓരോ ആര്‍ട്ടിസ്റ്റിന്റെയും അഭിനയവും വളരെ മികച്ചതായിരുന്നു.
മഹേന്ദ്രന്റെ കഥ ഈ സീസണ് കൊണ്ട് അവസാനിക്കുകയാണോ
സീസണ് അവസാനിക്കുന്നില്ല….മഹേന്ദ്രനും പാലാഴിക്കര റവന്യു ഓഫീസും ഇനിയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും എത്തണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]