അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് സിനിമയെടുക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ഇപ്പോഴിതാ ലോറൻസ് ബിഷ്ണോയിയെ പ്രകീർത്തിച്ചിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെയത്രയും സൗന്ദര്യം ഇന്ത്യയിലെ ഒരുനടനും ഇല്ലെന്ന് ആർ.ജി.വി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ലോറൻസ് ബിഷ്ണോയിക്ക് നടൻ സൽമാൻ ഖാനോട് തോന്നിയ പകയേക്കുറിച്ച് രാംഗോപാൽ വർമ കഴിഞ്ഞദിവസം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിഷ്ണോയിയുടെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം പുകഴ്ത്തിയിരിക്കുന്നത്. “ഏറ്റവും വലിയ അധോലോകനായകനെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ഛോട്ടാ രാജനെപ്പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്ണോയിയേക്കാൾ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെ എനിക്ക് ഓർമവരുന്നില്ല.” വർമയുടെ വാക്കുകൾ.
സംവിധായകന്റെ പോസ്റ്റ് വന്നതിനുപിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. സൽമാൻ ഖാനെ ലോറൻസ് ബിഷ്ണോയിയായി അഭിനയിപ്പിച്ചാൽ അതൊരു വലിയ വിരോധാഭാസമാവുമെന്നാണ് ഒരാളുടെ പ്രതികരണം. ആർ.ജി.വി അദ്ദേഹത്തിന്റെ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സ്മൈലിങ് ഇമോജിയോടെയുള്ള മറ്റൊരു കമന്റ്. സംവിധായകന്റെ കണ്ടെത്തൽ ഇങ്ങനെയാണെങ്കിൽ ബിഷ്ണോയിയെ അവതരിപ്പിക്കാൻ അയാളെത്തന്നെ ഏൽപിച്ചാൽ പോരെയെന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.
കഴിഞ്ഞദിവസവും രാംഗോപാൽ വർമ ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് എഴുതിയിരുന്നു. 1998-ൽ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊല്ലുന്നത്. അന്ന് ലോറൻസ് ബിഷ്ണോയിക്ക് അഞ്ചുവയസേ ഉണ്ടായിരുന്നുള്ളൂ എന്ന് രാംഗോപാൽ വർമ പറഞ്ഞു. 25 വർഷമായി ബിഷ്ണോയി തന്റെ പക ഉള്ളിൽക്കൊണ്ടുനടക്കുന്നു. കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സൽമാൻ ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവൻ പറയുന്നു. ഈ മൃഗസ്നേഹം അതിൻ്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ എന്നും രാംഗോപാൽ വർമ ചോദിച്ചിരുന്നു.
ഇതിനുപുറമേ ലോറൻസ് ബിഷ്ണോയിയെക്കുറിച്ച് എക്സിൽ പോസ്റ്റുകളിട്ടുകൊണ്ടിരിക്കുകയാണ് ആർ.ജി.വി. നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി. സൽമാൻ ഖാന്റെ നേരേയുണ്ടായ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]