
കൊച്ചി∙ ഷിപ്പിങ് വ്യവസായത്തിൽ ഇന്ത്യയുടെ ആഗോള മേൽവിലാസമായ കൊച്ചി ഷിപ്യാഡിന്റെ 5 % ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ആയാണ് ഇന്നു മുതൽ ഓഹരി വിൽപന. ഓഹരി ഒന്നിന് 1540 രൂപയാണു ഫ്ലോർ പ്രൈസായി നിശ്ചയിച്ചിരിക്കുന്നത്. 2000 കോടി രൂപ സമാഹരിക്കാനാണു നീക്കം.
നോൺ റീട്ടെയ്ൽ നിക്ഷേപകർക്കുള്ള ഇഷ്യു ഇന്നും റീട്ടെയ്ൽ നിക്ഷേപകർക്കുള്ള വിൽപന നാളെയും ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി ഷിപ്യാഡിൽ കേന്ദ്ര സർക്കാരിന് 72.86% ഓഹരിയാണുള്ളത്. 2017 ഓഗസ്റ്റിലായിരുന്നു ഷിപ്യാഡ് ഓഹരികളുടെ ഐപിഒ നടന്നത്.
കൈ നിറയെ കരാറുകൾ
പ്രതിരോധ വകുപ്പിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നുമായി 22,000 കോടി രൂപയുടെ ഓർഡറുകളാണു നിലവിൽ ഷിപ്യാഡ് നേടിയിട്ടുള്ളത്. ജർമനി, നോർവേ, സൈപ്രസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾക്കടക്കം 14 നാവിക കപ്പലുകളും 22 തീരദേശ കപ്പലുകളും നിർമിക്കുന്നു. കൂടാതെ, ഇന്ത്യൻ നാവിക സേനയ്ക്കായും കപ്പലുകൾ നിർമിക്കുന്നു; ആകെ 65 യാനങ്ങൾ. ഹരിത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന യാനങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഷിപ്യാഡ് തീരുമാനിച്ചിട്ടുണ്ട്. കാർബൺ നിർഗമനം കഴിയുന്നത്ര കുറയ്ക്കാൻ കഴിയുമെന്നതാണ് കാരണം.
സമീപകാലത്തു ഷിപ്യാഡ് ഓഹരികൾ മികച്ച കുതിപ്പാണു നടത്തുന്നത്. ഇന്നലെ ഓഹരി ഒന്നിന് 1673 രൂപ നിരക്കിലാണു ക്ലോസ് ചെയ്തത്; വർധന 2.99%. ലാഭത്തിലും കുതിപ്പുണ്ട്. കഴിഞ്ഞ ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 174.2 കോടി രൂപയായിരുന്നു അറ്റാദായം. മുൻ വർഷത്തെക്കാൾ 76.5% വർധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]