
ഇന്ന് തിക്കുറിശ്ശിയുടെ ജന്മദിനം. 2021-ൽ മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം
മലയാള സിനിമയിലെ ആദ്യത്തെ ‘സഭ്യേതര’രംഗം ഏതായിരുന്നു? സിനിമയിലെ ശ്ലീലാശ്ലീലങ്ങൾ വിവാദവിഷയമാകുന്ന കാലത്ത് കൗതുകമുണർത്തിയേക്കാവുന്ന ചോദ്യം. ഏഴു പതിറ്റാണ്ട് പഴക്കമുള്ള ആ രംഗം ഒരു ഗാനത്തിന്റെ ഭാഗമായിരുന്നു എന്നറിയുമ്പോൾ കൗതുകം ഇരട്ടിക്കുന്നു. കഥയിലെ മുഖ്യകഥാപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ. മലയാള സിനിമയിലെ ആദ്യ സൂപ്പർതാരം.
ഓർമ്മയിൽ നിന്ന് ആ രസികൻ കഥ തിക്കുറിശ്ശി ഒരു കൂടിക്കാഴ്ച്ചയിൽ വിവരിച്ചതിങ്ങനെ. ‘1951 ൽ പുറത്തിറങ്ങിയ നവലോകം സിനിമയിൽ ഞാനും മിസ് കുമാരിയും ചേർന്നുള്ള പ്രണയരംഗമാണ്. അന്ന് നായികയെ സ്പർശിക്കുന്നതിനു പോലും അനുമതിയില്ല നായകന്. എങ്ങാനും തൊട്ടു പോയാൽ പുകിലാണ്. സംവിധായകൻ കട്ട് എന്നൊരു ആർത്തനാദം പുറപ്പെടുവിക്കും അപ്പോൾ. എങ്കിലും ചിലപ്പോഴൊക്കെ വികാരപാരവശ്യത്താൽ നായികയെ ഉമ്മ വെക്കാൻ തോന്നിയിട്ടുണ്ട്.
അത്തരമൊരു സന്ദർഭം ഉണ്ടായത് കോഴിക്കോട് അബ്ദുൾഖാദറും പി ലീലയും ചേർന്ന് പാടിയ മാഞ്ഞിടാതെ മധുരനിലാവേ എന്ന യുഗ്മഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ്. പാട്ട് പാടിക്കഴിഞ്ഞ് ഞാനും കുമാരിയും ഒരു കുറ്റിക്കാടിനുള്ളിൽ മറയണം. പിന്നീട് ജനം കാണുക കാട് കുലുങ്ങുന്നതാണ്. ഞങ്ങൾ തമ്മിൽ എന്തോ അവിഹിതം നടക്കുന്നു എന്ന് അവർ വിശ്വസിച്ചു കൊള്ളണം.
“കുറ്റിക്കാട്ടിൽ ഉറുമ്പിന്റെ കടിയും കൊണ്ട് ഒരുമിച്ചിരുന്നപ്പോൾ എനിക്കൊരു കുസൃതി തോന്നി. കുമാരിയെ മുറുക്കെ പുണർന്നു ഒരുമ്മ കൊടുത്തു ഞാൻ. അവരതു പ്രതീക്ഷിച്ചിരുന്നില്ല. ജനമൊട്ടു കണ്ടതുമില്ല. മലയാള സിനിമയിലെ ആദ്യത്തെ ഉമ്മ അതായിരിക്കണം; എനിക്കും കുമാരിക്കും ഇപ്പോൾ നിങ്ങൾക്കും മാത്രമേ ആ രഹസ്യം അറിയാവൂ എന്ന് മാത്രം.”
എല്ലാ തിക്കുറിശ്ശിക്കഥകളിലും എന്നപോലെ അൽപ്പം മസാല കലർന്നിരിക്കാമെങ്കിലും “കുറ്റിക്കാട്” സംഭവം സത്യമെന്ന് സാക്ഷ്യപ്പെടുത്തുന്നു സിനിമ കണ്ടവർ. നവലോകം സിനിമയുടെ പ്രിൻറ് നാമാവശേഷമായതിനാൽ ഇക്കാര്യത്തിൽ ഇനി ഒരു ഫോളോ-അപ്പ് അസാധ്യം.
‘നവലോകം’ ഇറങ്ങിയ കാലത്ത് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയ രംഗമായിരുന്നു അതെന്ന് തിക്കുറിശ്ശി. വിമർശകരുടെ നാവടക്കാൻ ഒടുവിൽ പടത്തിന്റെ തിരക്കഥാകൃത്ത് തന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു: സാക്ഷാൽ പൊൻകുന്നം വർക്കി.
അമിത നാടകീയത കലർന്ന പരിചരണം കൊണ്ട് വികലമായ ഈ സിനിമ ഇന്ന് ഓർക്കപ്പെടുന്നത് മറ്റൊരു ധീരരംഗത്തിന്റെ പേരിലാണ്. വിടനും ദുർവൃത്തനുമായ ഭർത്താവിന്റെ മുഖത്തേക്ക് താലി പൊട്ടിച്ചു വലിച്ചെറിയുന്ന ഭാര്യയെ മലയാളികൾ ആദ്യം കണ്ടത് ഈ ചിത്രത്തിലാവണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]