
ചെമ്പൈയുടെ സ്വരമാധുരി ഇപ്പോഴും നിറയുന്നുണ്ട് ലോകനാർകാവിൽ… ഈ മണ്ണിലാണ് ചെമ്പൈ സംഗീതത്തിലേക്ക് പിച്ചവെച്ചത്. അഞ്ചുവയസ്സുവരെ സാധകംചെയ്ത് മധുരസ്വരത്തിലേക്ക് യാത്രതുടങ്ങിയതും ഇവിടെനിന്ന്. ആ രാഗസഞ്ചാരം ലോകം കീഴടക്കിയപ്പോഴും ജനിച്ച മണ്ണിനെ ചെമ്പൈ മറന്നില്ല… മരിക്കുന്നതുവരെ മിക്ക മണ്ഡലമാസങ്ങളിലും അദ്ദേഹം ലോകനാർകാവിലെത്തി കച്ചേരി നടത്തി. 1974-ൽ ലോകനാർകാവിലെ സ്റ്റേജ് ഉദ്ഘാടനംചെയ്യാനാണ് അവസാനമായി വന്നത്. അന്ന് കച്ചേരിയും നടത്തി മടങ്ങിയ അദ്ദേഹം അതേവർഷം ഒക്ടോബർ 16-ന് മരണപ്പെട്ടു. ആ വിയോഗത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ ഓർത്തെടുക്കാൻ ഏറെയുണ്ട് ലോകനാർകാവിന്.
ചെമ്പൈ പാലക്കാട്ടുകാരനായാണ് അറിയപ്പെടുന്നതെങ്കിലും ജനനം ലോകനാർകാവിലാണ്. 1896 ഓഗസ്റ്റ് 28-ന് ലോകനാർകാവിലെ പേരാക്കൂൽമഠത്തിലാണ് ചെമ്പൈയുടെ ജനനം. അമ്മവീടായിരുന്നു ഇത്. അക്കാലത്ത് ഒട്ടേറെ തമിഴ് ബ്രാഹ്മണകുടുംബങ്ങൾ ഈ ഭാഗത്ത് താമസിച്ചിരുന്നു. ഈ കുടുംബങ്ങളിലൊന്നിലെ പാർവതി അമ്മാളിനെയാണ് ചെമ്പൈയുടെ പിതാവ് അനന്തഭാഗവതർ വിവാഹംചെയ്തത്. ചെമ്പൈയുടെ അഞ്ചുവയസ്സുവരെ കുടുംബം ലോകനാർകാവിലായിരുന്നു. പിന്നീട് പാലക്കാട്ടേക്ക് മാറി.
ചെമ്പൈയുടെ കുടുംബത്തിൽപ്പെട്ട പരമേശ്വര അയ്യർ മുമ്പ് ലോകനാർകാവിൽ കണക്കപ്പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകൻ കുറെക്കാലം ലോകനാർകാവിലുണ്ടായിരുന്നു. ഇപ്പോൾ ഈ കുടുംബത്തിൽപ്പെട്ട ആരും ഇവിടെയില്ല. പേരാക്കൂൽ മഠവും വർഷങ്ങൾക്കുമുമ്പ് പൊളിച്ചു. ചെമ്പൈയെ സംഗീതം അഭ്യസിപ്പിച്ചത് പിതാവ് അനന്തഭാഗവതരാണ്. വിഷ്ണുക്ഷേത്രത്തിന് പുറകിലെ കൽത്തറയിലിരുന്നാണ് ചെമ്പൈ സാധകം ചെയ്തിരുന്നതെന്ന് ക്ഷേത്രത്തിലെ മുൻമേൽശാന്തിമാരിൽനിന്ന് കൈമാറിക്കിട്ടിയ വിവരമെന്ന നിലയിൽ പഴയതലമുറ പങ്കുവെക്കുന്നു.
ഒട്ടേറെത്തവണ ചെമ്പൈ ലോകനാർകാവിൽ വന്നിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിലിനുമുന്നിലെ മൂന്നുമണികൾ ഇദ്ദേഹം സംഭാവനചെയ്തതാണ്. വലിയ ചിറയ്ക്ക് സമീപം താമസിച്ചിരുന്ന സംഗീതകാരൻ വിശ്വനാഥ അയ്യർക്ക് ഒരിക്കൽ ചെമ്പൈ ഹാർമോണിയം സമ്മാനമായി നൽകി. ഇത്തരത്തിൽ ചെമ്പൈയുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമ്മകളുണ്ട് ലോകനാർകാവിന്. 1974-ൽ ചെമ്പൈ അവതരിപ്പിച്ച കച്ചേരി കണ്ട ഒട്ടേറെപ്പേർ ലോകനാർകാവിലുണ്ട്.
ചെമ്പൈയുടെ സ്മരണയ്ക്കായി ഇവിടെ ഒരു സംഗീതമണ്ഡപം നിർമിക്കാൻ ആലോചന നടന്ന സമയത്താണ് നിർമാണക്കമ്മിറ്റി ഭാരവാഹികൾ ചെമ്പൈയുടെ ലോകനാർകാവിലെ ബന്ധം തേടി പാലക്കാട്ട് കോട്ടായിയിലെ ചെമ്പൈ ഗ്രാമത്തിലേക്ക് പോയത്. വലിയ പിന്തുണയാണ് അന്ന് കുടുംബത്തിൽനിന്ന് ലഭിച്ചതെന്ന് കമ്മിറ്റി ചെയർമാൻ സുരേഷ് കാവിൽ പറഞ്ഞു. ചെമ്പൈയുടെ സഹോദരപൗത്രൻ സുരേഷും കുടുംബവും ലോകനാർകാവ് സന്ദർശിക്കുകയുംചെയ്തു. മാതൃഭൂമിയുടെ കൂടി സഹായത്തോടെയാണ് ചെമ്പൈ സംഗീതമണ്ഡപം നിർമാണം പൂർത്തിയാക്കിയത്. ഈ മാസം ആദ്യം ഇത് നാടിന് സമർപ്പിച്ചു. അൻപതാം ചരമവാർഷികസമയത്ത് സംഗീതമണ്ഡപത്തിലൂടെ ചെമ്പൈ സ്മരണ സജീവമാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ലോകനാർകാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]