.news-body p a {width: auto;float: none;}
സംസ്ഥാനത്ത് സെെബർ തട്ടിപ്പുകാർ മുൻകാലത്തെക്കാൾ ശക്തിപ്രാപിക്കുണ്ടെന്നാണ് സെെബർ കേസുകളുടെ എണ്ണവും സ്വഭാവവുമെല്ലാം പരിശോധിച്ചാൽ മനസിലാകുന്നത്. വിദ്യാർത്ഥികളേയും ചെറുപ്പക്കാരേയും കണ്ണുവച്ച് കേരളത്തിൽ നിന്നു മാത്രം ഉത്തരേന്ത്യൻ സെെബർ തട്ടിപ്പുസംഘങ്ങൾ കോടികളാണ് കൊയ്യുന്നത്. തട്ടിയെടുത്ത കോടികൾ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് പോക്കറ്റ് മണിയായി അയച്ചും, മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കാനുളള ഓൺലൈൻ ജോലികളിൽ കുടുക്കിയും സൈബർ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
പതിനായിരമോ ഇരുപതിനായിരമോ പോക്കറ്റ് മണി നൽകുമ്പോൾ വിദ്യാർത്ഥികൾ പകരം നൽകേണ്ടത് ബാങ്ക് വിവരങ്ങളാണ്. പണമില്ലാത്ത അക്കൗണ്ട് വിവരം നൽകിയാൽ ഒന്നും നഷ്ടപ്പെടില്ലെന്ന് കരുതി, നിരവധി വിദ്യാർത്ഥികളാണ് വിവരങ്ങൾ കൈമാറിയത്. ഈ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത തുകകൾ ട്രാൻസ്ഫർ ചെയ്ത് സൈബർ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷനേടാനായി തട്ടിപ്പുകാർ പുതിയ വഴി കണ്ടെത്തുകയായിരുന്നു. ഒടുവിൽ പിടിക്കപ്പെടുന്നത് വിദ്യാർത്ഥികളും. വടക്കെ ഇന്ത്യയിലാണ് സംഘങ്ങളുള്ളതെന്നാണ് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തതോടെയാണ് കെണിയെകുറിച്ചുളള വിവരം പുറത്തുവന്നത്.
ജോലി തേടുന്നവരിലും കണ്ണ്
യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെച്ച്, സാമൂഹമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്നവരെയും കുടുക്കുന്നുണ്ട്. ബാങ്ക്, ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുമെന്നാണ് വാഗ്ദാനം. തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മിഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുക എന്നതാണ് ജോലി. ഉയർന്ന കമ്മിഷനാണ് വാഗ്ദാനം. പാഴ്സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശവും പ്രചരിക്കുന്നുണ്ട്.
12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പാഴ്സൽ തിരിച്ചയ്ക്കുമെന്നാകും മുന്നറിയിപ്പ്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യാനും സന്ദേശം കിട്ടും. ക്ലിക്ക് ചെയ്താൽ തപാൽ വകുപ്പിന്റേതിനു സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജിലെത്തും. തുടർന്ന് പാഴ്സലിന് 25 രൂപ നൽകാൻ ആവശ്യപ്പെടും. പണം അയയ്ക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അക്കൗണ്ടിലെ തുക പിൻവലിക്കും. വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി ഉപയോഗിച്ചാണ് പുതിയ തട്ടിപ്പുകൾ നടത്തുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ അറിയാത്ത ചെറുപ്പക്കാരെ തട്ടിപ്പുസംഘത്തിലെ അംഗമാക്കും. അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരെ അനുവദിക്കരുതെന്നും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും സെെബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ വിദ്യാർത്ഥികളും യുവാക്കളും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും അതീവജാഗ്രത പുലർത്തണമെന്നും പൊലീസ് പറയുന്നു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാം 1930 എന്ന നമ്പറിൽ വിളിക്കണം. ഉടൻ പരാതി നൽകാൻ www.cybercrime.gov.in എന്ന വെബ്സെെറ്റ് സന്ദർശിക്കണം.
സജീവമായി സെെബർ സംഘങ്ങൾ
കവർച്ചകളിൽ നഷ്ടപെടുന്നതിനേക്കാൾ പതിനഞ്ച് ഇരട്ടിയിലധികം തുക സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നുവെന്നാണ് പാെലീസിന്റെ കണക്കുകൾ. അതുകൊണ്ടുതന്നെ ബാങ്കുകളുടെ പ്രതിരോധമാർഗങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കോടിക്കണക്കിന് രൂപ അക്കൗണ്ടിൽ പെട്ടെന്ന് വരികയും പിൻവലിക്കുകയുമെല്ലാം ചെയ്യുമ്പോൾ അത് കൃത്യമായി അന്വേഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്.
ബോധവത്കരണവുമായി പൊലീസ് സൈബർ സുരക്ഷാ നിർദ്ദേശം ജനങ്ങളിലേക്കെത്തിക്കുന്നുണ്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങളെയും അവരുടെ പുതിയ രീതികളെയും കുറിച്ച് ജനം മനസിലാക്കുന്നില്ല.
മാസങ്ങൾക്ക് മുൻപ് തൃശൂരിലെ ഒരു യുവതിക്ക് ഒൻപതര ലക്ഷം രൂപ നഷ്ടമായ ഉടനെ പൊലീസിൽ പരാതിപ്പെട്ടതിനാൽ മുഴുവൻ തുകയും തിരിച്ചുകിട്ടിയിരുന്നു. കുരിയച്ചിറ സ്വദേശിനിയിൽ നിന്നും വ്യാജ ഫോൺകോളിലൂടെ അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് 9,50,000 രൂപ തട്ടിയത്. സൈബർ ഫിനാൻഷ്യൽ ക്രൈം ഹെൽപ്പ് ഡെസ്ക് നമ്പർ ആയ 1930 എന്ന നമ്പറിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്തതോടെ അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹി കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നതെന്നും മലേഷ്യയിലേയ്ക്ക് അയച്ച പാഴ്സലിൽ നിയമവരുദ്ധമായവ ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. തുടർന്ന് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടില്ല
സൈബർ ഫ്രോഡുകളുടെ തട്ടിപ്പുകളിൽ പെടാതിരിക്കാനുള്ള സുരക്ഷാമാർഗം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥരും കേസിന്റെ പരിശോധനയ്ക്കായി പണം അയച്ചുനൽകാൻ ആവശ്യപ്പെടില്ല. അപരിചിതരുടെ കോളിൽ സംശയം തോന്നിയാൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എമർജൻസി നമ്പരായ 112 ൽ വിളിച്ച് ഉറപ്പുവരുത്തണം. ഒരു മണിക്കൂറിനുള്ളിൽ തന്നെ 1930 എന്ന നമ്പരിൽ പരാതി നൽകാൻ വിളിക്കണം. എന്നാലേ സത്വര നടപടിയെടുക്കാനാകൂ. പണം നഷ്ടപെട്ട് 1930 എന്ന നമ്പറിലേക്ക് വിളിക്കാതിരുന്നവർക്കും ഏറെ വൈകി വിളിച്ചവർക്കും പണം തിരികെ കിട്ടാനുള്ള സാദ്ധ്യത കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഖ്യമന്ത്രിയും മുന്നറിയിപ്പ് നൽകി
സൈബർ ആക്രമണം നടത്തുന്നവരോട് പൊലീസിന് സോഫ്റ്റ് കോർണർ ഉണ്ടെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത്തരക്കാർക്ക് അത് പ്രോത്സാഹനമായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി ശ്രദ്ധേയമായ മുന്നറിയിപ്പ്. മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികളോടുള്ള സമീപനം വച്ചുനോക്കുമ്പോൾ പൊലീസിന് സൈബർ കുറ്റവാളികളോട് ഇങ്ങനെയൊരു സമീപനമുള്ളതായി തോന്നുന്നുണ്ടെന്നും
ജനങ്ങൾക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ പൊലീസിന്റേത് പൊതുവേ മികച്ച പ്രവർത്തനമാണെങ്കിലും ആകസ്മികമായ ചില സംഭവങ്ങളുണ്ടായെന്നും അതുകൂടി പരിഹരിക്കുന്ന വിധം സുസജ്ജമാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകുന്ന നിർദ്ദേശം പാലിക്കണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടും ജനങ്ങൾ ബോധവാൻമാരുകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒ.ടി. പി, സാമ്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കണമെന്നും അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്നും അപരിചിതരുടെ വീഡയോ കോളുകളോട് പ്രതികരിക്കരുതെന്നും പൊലീസ് ആവർത്തിച്ച് പറയുന്നു.