
ബോളിവുഡിലെ യുവതാരങ്ങളുടെ നിരയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് കാർത്തിക് ആര്യൻ. ഒമ്പതുകോടി രൂപ പ്രതിഫലം നല്കാമെന്നുള്ള പാൻ മസാല കമ്പനിയുടെ വാഗ്ദാനം നിരസിച്ചത് ഉൾപ്പടെ, തന്റെ നിലപാടുകളിൽ എപ്പോഴും താരം ഉറച്ചുനിൽക്കാറുമുണ്ട്. ഇപ്പോഴിതാ ‘പിങ്ക് വില്ല’യ്ക്ക് നൽകിയ അഭിമുഖത്തിൽ താരം നടത്തിയ പരാമർശം ചർച്ചയാവുകയാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രതിഫലത്തിനുവേണ്ടി മാത്രമാണ് സിനിമ ചെയ്തിരുന്നത് എന്നാണ് നടന്റെ തുറന്നുപറച്ചിൽ.
ഏത് ചിത്രമാണ് അത്തരത്തിൽ ചെയ്തതെന്ന് പറയില്ലെന്നും അന്ന് സാമ്പത്തിക പ്രയാസം നേരിട്ടതിനാലാണ് ആ സിനിമ ചെയ്യേണ്ടിവന്നതെന്നും താരം വ്യക്തമാക്കി. “അധികകാലം സിനിമകൾക്കായി കാത്തിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. വേറെ ഒരു മാർഗവും അന്ന് ഇല്ലായിരുന്നു. അങ്ങനെ ഒരിക്കൽ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യേണ്ടിവന്നു”, കാർത്തിക് ആര്യന് പറഞ്ഞു.
എന്തുകൊണ്ടാണ് ഒരു നടന്റെ പ്രതിഫലം വളരെ ഉയർന്നതാകാൻ കാരണമെന്നും അദ്ദേഹം അഭിമുഖത്തിനിടെ വിശദീകരിച്ചു. എല്ലാം ഒരു കണക്കുകൂട്ടലും ബിസിനസ്സുമാണ്. അത്തരം കണക്കുകൂട്ടലുകളെല്ലാം ശരിയാണെങ്കിൽ സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് പകർപ്പവകാശങ്ങളിലൂടെ നിർമാതാവിന് ലാഭം ലഭിക്കും. പ്രേക്ഷകർ ആ നടനായി വരുന്നുണ്ടെങ്കിൽ അത്തരം കണക്കുകൂട്ടലുകൾ അർഥവത്താകുമെന്നും ആര്യൻ വ്യക്തമാക്കി.
‘ഭൂൽ ഭുലയ്യ 3’ ആണ് കാർത്തിക് ആര്യന്റെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദീപാവലി റിലീസായാകും ചിത്രം തീയറ്ററുകളിൽ എത്തുക. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി 2007-ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ കോമഡിചിത്രമായ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണിത്. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]