
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ നടൻ ബൈജുവിന്റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിൽ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കാനുള്ള എൻ.ഒ.സി. ഹാജരാക്കിയില്ലെന്ന് മാത്രമല്ല റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്.
നടന് ബൈജുവിന്റെ ഔദ്യോഗിക പേര് ബി സന്തോഷ് കുമാർ എന്നാണ്. അപകടത്തിൽപ്പെട്ട ഓഡി കാര്‍ ബൈജു വാങ്ങുന്നത് ഹരിയാനയിലെ വിലാസത്തിലാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 49ല്‍ താമസക്കാരന് എന്നാണ് പരിവാഹന്‍ വെബ്സൈറ്റിലെ ബൈജുവിൻ്റെ വിലാസം. പക്ഷെ കാര്‍ രണ്ട് ഉടമകള്‍ കൈമറിഞ്ഞാണ് ബൈജുവിന്റെ കൈയിലെത്തുന്നത്. 2015 ലാണ് കാര്‍ ആദ്യമായി റോഡിലിറങ്ങുന്നത്. 2022 ല്‍ ഉടമ മറ്റൊരാള്‍ക്ക് കൈമാറി. 2023 ലാണ് കാര്‍ ബൈജുവിന്റെ കൈകളിലേക്ക് എത്തുന്നത്. 2023 ഒക്ടോബര്‍ 20ന് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഈ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ കണ്ണുകളില്‍പ്പെട്ടിരുന്നു. അന്ന് മുതല്‍ തുടങ്ങുന്നു ബൈജുവിന്റെ നിയമലംഘനങ്ങളുടെ പരമ്പരകള്‍.
ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇവിടെ കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ ഓടിക്കുന്നതിന് ഹരിയാന മോട്ടോര്‍ വാഹനവകുപ്പിന്റെ എൻ.ഒ.സി. ഹാജരാക്കണം. വാഹനം എത്തിച്ച് 30 ദിവസത്തിനുള്ളില്‍ എൻ.ഒ.സി. ഹാജരാക്കണം എന്നാണ് വ്യവസ്ഥ. ഈ എൻ.ഒ.സി. ഇതുവരെ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, കേരളത്തില്‍ റോഡ് നികുതി അടക്കണം എന്നാണ് നിയമം. വാഹനത്തിന്റെ ആദ്യ ഉടമ 6,28,000 രൂപ 15 വര്‍ഷത്തെ നികുതിയായി അടച്ചിട്ടുണ്ട്. എങ്കില്‍ പോലും വാഹനത്തിന് ഇനി എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടോ അത്രയും വര്‍ഷത്തെ നികുതി ബൈജു കേരളത്തില്‍ അടച്ചേ പറ്റൂ. കാറിന്റെ വിലയുടെ 15 ശതമാനം പ്രതിവര്‍ഷം കണക്കാക്കി അടക്കണം. ഇത് വരെ ഒരു പൈസ പോലും ബൈജുനികുതി അടച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തില്‍ എത്തിച്ച ശേഷം ഏഴ് തവണ സീറ്റ് ബെല്‍റ്റ് ധരിക്കാത്തിന് വാഹനത്തന് പിഴ ചുമത്തിയിട്ടുണ്ട്. പക്ഷെ ഓരോ തവണയും പിഴ ഓണ്‍ലൈന്‍ വഴി അടച്ച് നിയമലംഘനങ്ങള്‍ നേരിട്ട് പിടിക്കപ്പെടാതിരിക്കാന്‍ ബൈജു അതീവ ശ്രദ്ധ കാട്ടി. ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് മാത്രമായി ഓടിക്കാന്‍ പ്രത്യേകം അനുമതി വാങ്ങാം. ഇതിനും ബൈജി അപേക്ഷ നല്‍കിയിട്ടില്ല. ഇനി അറിയേണ്ടത് ബൈജുവിന്റെ ഹരിയാന വിലാസത്തിന്റെ സത്യാവസ്ഥയാണ്. പോണ്ടിച്ചേരിയില്‍ താമസക്കാരനാണ് എന്ന വിലാസം നല്‍കിയാണ് മുമ്പ് സുരേഷ് ഗോപി നിയമക്കുരുക്കില്‍പ്പെട്ടത്. അതുകൊണ്ട് തന്നെ ബൈജുവിന്റെ വിലാസത്തിന് പിറകെയും ഉദ്യോഗസ്ഥര്‍ പായുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]