
മച്ചാട്ട് വാസന്തിച്ചേച്ചി മരിച്ചു എന്നുകേട്ടപ്പോൾ കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഒരു പാട്ട് പെട്ടെന്ന് നിലച്ചതുപോലെയാണ് എനിക്ക് തോന്നിയത്. ആ പാട്ടിന്റെ ഓർമ്മകൾ ജീവിതത്തിൽ ഒരുപാട് പുറകിലേക്ക് എന്നെ കൊണ്ടുപോയി -ഗൃഹാതുരമായ കോഴിക്കോടൻദിനങ്ങളിലേക്ക്.
ഐ.വി. ശശിയേട്ടനാണ് വാസന്തിച്ചേച്ചിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ‘വിപ്ലവഗായികയാണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ശശിയേട്ടൻ അവരെ അവതരിപ്പിച്ചത്. ബാബുരാജ് കണ്ടെത്തിയ ആളാണ് എന്നും പറഞ്ഞു. അതുകേട്ട് അവർ വിനയപൂർവം ചിരിച്ചു. അന്നുമുതൽ മച്ചാട്ട് വാസന്തിയെ എത്രതവണ കണ്ടിരിക്കുന്നു! എത്രതവണ ആ പാട്ട് കേട്ടിരിക്കുന്നു!
കോഴിക്കോട്ട് ഷൂട്ടിങ്ങിനെത്തുമ്പോഴായിരുന്നു വാസന്തിയേച്ചിയെ കൂടുതലും കാണാറുള്ളത്. ഞങ്ങൾ താമസിക്കുന്ന മഹാറാണി ഹോട്ടലിൽ അവർ വരും. വാസന്തിയേച്ചി ഒരേയൊരു കാര്യമേ എപ്പോഴും ചോദിച്ചിരുന്നുള്ളൂ: ‘ഞാനൊന്ന് പാടിക്കോട്ടേ മോനേ…’ അത്രയേ വേണ്ടൂ.
എത്രയോ പാട്ടുകൾ ഞങ്ങളുടെ സുഹൃത്തുക്കളുടെ സംഘത്തിനുമുന്നിൽ ചേച്ചി പാടിയിട്ടുണ്ട്. അവർക്ക് പാടണമായിരുന്നു, അത് കേൾക്കാൻ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പാട്ടിനെ അത്രമേൽ പ്രണയിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങിനെയാവാൻ സാധിക്കൂ.
മച്ചാട്ട് വാസന്തിയേച്ചിയുടെ അവസ്ഥ വളരെ കഷ്ടമാണ് എന്നകാര്യം ഞാനറിയുന്നത് കഴിഞ്ഞയാഴ്ച പി.വി. ഗംഗാധരന്റെ ഓർമ്മയിൽ കോഴിക്കോട്ട് നടത്തിയ ഗംഗാതരംഗം എന്ന പരിപാടിയിൽവെച്ചാണ്. ഗംഗേട്ടന്റെ ഓർമ്മയ്ക്ക്, കൈത്താങ്ങായി ഒരുലക്ഷം രൂപ ആ കുടുംബം വാസന്തിയേച്ചിക്ക് നൽകിയിരുന്നു.
ഓർമ്മയിൽ ഇനി ശേഷിക്കുന്നത് ചേച്ചി ഞങ്ങൾക്കുവേണ്ടി പാടിത്തന്ന ആ പാട്ടുകൾ മാത്രം. അതൊരു കാലമായിരുന്നു; എന്റെ മനസ്സിൽ ആ കാലത്തിന്റെ ശബ്ദം മച്ചാട്ട് വാസന്തിച്ചേച്ചിയുടേതാണ്. പാടിപ്പാടി സ്വയം പാട്ടായിമാറിയ ഒരാളുടെ നാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]