
മുംബൈ: എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടതിനേത്തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹം താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റ് കനത്ത സുരക്ഷാവലയത്തിലാണിപ്പോൾ. സിനിമയിലെ സൽമാന്റെ സുഹൃത്തുക്കളോട് അദ്ദേഹത്തെ കാണാൻ വീട്ടിലേക്ക് വരരുതെന്നും അഭ്യർത്ഥിച്ചിരിക്കുകയാണ് കുടുംബം.
ബാബാ സിദ്ദിഖിയുമായി അഗാധമായ ബന്ധം പുലർത്തുന്നയാളാണ് സൽമാൻ ഖാൻ. അതുകൊണ്ടുതന്നെ സിദ്ദിഖിയുടെ മരണം സൽമാനെ വല്ലാതെ തളർത്തിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്. മുംബൈ ലീലാവതി ആശുപത്രിയിൽ ബാബാ സിദ്ദിഖിയുടെ മൃതദേഹം കണ്ടുവന്നതിനുശേഷം സൽമാന്റെ ഉറക്കം നഷ്ടപ്പെട്ടതായും ബാബാ സിദ്ദിഖിയുടെ മകൻ സീഷാനെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നതായും റിപ്പോർട്ടുണ്ട്.
ബാബാ സിദ്ദിഖിയുടെ മരണത്തിൽ സൽമാൻ ഖാന്റെ കുടംബവും തകർന്നിരിക്കുകയാണെന്നാണ് വിവരം. സൽമാൻ ഖാന്റെ സഹോദരങ്ങളായ അർബാസ് ഖാനും സൊഹൈൽ ഖാനും ബാബാ സിദ്ദിഖിയുമായി ഏറെ അടുപ്പമുള്ളവരാണ്. സിദ്ദിഖി നടത്തുന്ന ഇഫ്താർ പാർട്ടികളിൽ ഇരുവരും സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. കൂടാതെ സൽമാന്റെ വസതിയിലെ നിത്യസന്ദർശകരുമായിരുന്നു ബാബാ സിദ്ദിഖിയും മകൻ സീഷാനും
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സിദ്ദിഖി ബാന്ദ്ര വെസ്റ്റില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുപി, ഹരിയാണ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായുള്ള തിരച്ചിൽ ക്രൈം ബ്രാഞ്ച് സംഘം തുടരുകയാണ്. സൽമാൻ ഖാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിനുകാരണമെന്നും വിവരമുണ്ട്. ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് താൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിർത്തിവെപ്പിച്ചിട്ടാണ് സൽമാൻ ഖാൻ മുംബൈ ലീലാവതി ആശുപത്രിയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]