
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൻെറ വിചാരണ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണ നടപടികള്‍ വേഗത്തിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാരോണിൻെറ കുടുംബം പ്രതികരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണയാണ് ആംഭിക്കുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രം. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു.
പലപ്പോഴായി ശീതളപാനീയത്തിൽ ഗുളിക കലർത്തി നൽകി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവിൽ വിദഗ്ധമായി വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഒക്ടോബർ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റിൽ പരതി കണ്ടെത്തിയിരുന്നു.
വിദ്ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ വച്ച് ഷാരോണ്‍ മരിക്കുന്നത്. മരണമൊഴിയിൽ പോലും ഷാരോണ്‍ സുഹൃത്തായ ഗ്രീഷ്മയെ സംശയിച്ചില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. പൊലീസിൻെറ ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത അമ്മ സിന്ധു, അമ്മാവൻ നിർമ്മകല കുമാരൻ നായർ എന്നിവരെയും അറസ്റ്റ് ചെയ്തു.
തെളിവുകളും ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലിസ് കണ്ടെത്തി. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. ഗ്രീഷ്മയുടെ വീട് തമിഴ്നാട് പളുകയിൽ ആയതിനാൽ കുറ്റപത്രം പരിഗണിക്കാൻ നെയ്യാറ്റിൻകര സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തള്ളി. മൂന്നു പ്രതികളും ജാമ്യത്തിലാണ്. മൂന്നാഴ്ച മുമ്പ് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
കേസിൽ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. അസ്വാഭാവിക മരണത്തിന് പാറശ്ശാല പൊലീസ് ആദ്യം കേസെടുത്തു അന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ പരാതിയിൽ മേൽ റൂറൽ എസ് പി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് കേസ് കൈമാറി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ. വി. എസ് വിനീത് കുമാറിനെ നിയമിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ. എം. ബഷീറാണ് കേസ് പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]