
തിരുവനന്തപുരം: എഡിജിപി എംആര്‍ പത്മകുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിച്ചിട്ടില്ലെന്നും നടപടികള്‍ തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആര്‍എസ്എസ് നേതൃത്വവുമായി പത്മകുമാര്‍ കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ അടക്കം അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബീനമോള്‍ക്ക് പുറമേ മറ്റൊരു പേര് കൂടി ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര് പ്രദീപിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. 19 ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ പിആര്‍ ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായെന്ന ഹിന്ദു പത്രത്തിന്റെ വാദം അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പേരില്‍ തെറ്റായ പരാമര്‍ശത്തെ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ചുള്ള പത്രത്തിന്റെ നിലപാട് സ്വാഗതാര്‍ഹവും അഭിനന്ദനം അര്‍ഹിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത്-ഹവാല പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേരില്‍ ദ ഹിന്ദുവില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച പത്രം, പി.ആര്.ഏജന്‍സിയാണ് ഇത്തരത്തിലുള്ള പരാമര്‍ശം അഭിമുഖത്തില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]