
രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ ഇനി അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ നവൽ ടാറ്റ. ടാറ്റാ കുടുംബത്തിന്റെ നിയന്ത്രണത്തിൽ സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നീ മുഖ്യ ട്രസ്റ്റുകളും അവയുടെ അനുബന്ധ ട്രസ്റ്റുകളുമാണുള്ളത്. ഇവയെ സംയോജിതമായി ടാറ്റാ ട്രസ്റ്റ്സ് എന്നുവിളിക്കുന്നു. ഇവയുടെ ചെയർമാനായാണ് ഓരോ ട്രസ്റ്റിന്റെയും ബോർഡിലെ ട്രസ്റ്റികൾ ഐകണ്ഠ്യേന നോയൽ ടാറ്റയെ തിരഞ്ഞെടുത്തത്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെയും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ 11-ാമത്തെയും ചെയർമാനാണ് നോയൽ.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ മുഖ്യ ഓഹരി ഉടമകളാണ് ടാറ്റാ ട്രസ്റ്റ്സ്. ടാറ്റാ സൺസിന്റെ 66% ഓഹരികളും ഈ ട്രസ്റ്റുകളുടെ കൈവശമാണ്. സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ പക്കലാണ് 51.5 ശതമാനം ഓഹരികളും. ടാറ്റാ കമ്പനികളുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതും ടാറ്റാ ട്രസ്റ്റ്സ് ആണ്. സർ രത്തൻ ടാറ്റ ട്രസ്റ്റിനൊപ്പം ടാറ്റ എഡ്യുക്കേഷൻ ആൻഡ് ഡവലപ്മെന്റ് ട്രസ്റ്റ്, നവജ്ബായ് രത്തൻ ടാറ്റ ട്രസ്റ്റ്, ബായ് ഹിരാബായ് ജെ.എൻ. ടാറ്റ നവ്സാരി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ, സർവജനിക് സേവ ട്രസ്റ്റ് എന്നിവയാണുള്ളത്.
സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിനൊപ്പമാണ് ലേഡി ടാറ്റ മെമ്മോറിയൽ ട്രസ്റ്റ്, ജാംസേട്ജി ട്രസ്റ്റ്, ജെആർഡി ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യൽ വെൽഫെയർ ട്രസ്റ്റ്, ജെഎൻ ടാറ്റ എൻഡോവ്മെന്റ്, ടാറ്റ എഡ്യുക്കേഷൻ ട്രസ്റ്റ്, ആർഡി ടാറ്റ ട്രസ്റ്റ്, ദ് ജെആർഡി ആൻഡ് തെൽമ ജെ. ടാറ്റ ട്രസ്റ്റ് എന്നിവ. ഇവയുടെ ചെയർമാനും ടാറ്റാ സൺസ് മുൻ ചെയർമാനുമായിരുന്ന രത്തൻ ടാറ്റ (86) ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്. രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെ രണ്ടാംവിവാഹത്തിലുണ്ടായ പുത്രനാണ് നോയൽ. സിമോൺ ടാറ്റയെയാണ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്തത്.
ഇക്കുറി മാറ്റിനിർത്തിയില്ല, തീരുമാനം ഒറ്റക്കെട്ട്
രത്തൻ ടാറ്റയുടെ പിൻഗാമി ആരെന്ന ചോദ്യം മാസങ്ങൾക്ക് മുമ്പേ തന്നെ ഉയർന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷമാണ് നോയലിന്റെ ഉൾപ്പെടെ പേരുകൾ ചർച്ചയായത്. നേരത്തേ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് രത്തൻ ടാറ്റ വിരമിച്ചപ്പോൾ പകരക്കാരനായി എത്തിയത് ടാറ്റാ സൺസിൽ ഓഹരി പങ്കാളിത്തമുള്ള ഷാപുർജി പലോൺജി കുടുംബത്തിൽ നിന്നുള്ള സൈറസ് മിസ്ത്രിയായിരുന്നു. നോയലിനെ ആ സമയം പരിഗണിച്ചിരുന്നില്ല. പിന്നീട് രത്തൻ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയപ്പോഴും നോയലിനെ പരിഗണിച്ചില്ല. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും കർക്കശ തീരുമാനങ്ങളെടുക്കാനും കഴിവുള്ള പ്രൊഫഷണൽ വേണമെന്ന നിലപാടായിരുന്നു രത്തൻ ടാറ്റയ്ക്ക്. ഇടക്കാല ചെയർമാൻ സ്ഥാനമേറ്റെടുത്ത രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ എൻ. ചന്ദ്രശേഖരനെയാണ് പിന്നീട് ടാറ്റാ സൺസിന്റെ ചെയർമാനാക്കിയത്. എന്നാൽ, ഇക്കുറി രത്തൻ ടാറ്റയുടെ പകരക്കാരനായി ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികൾ ഒറ്റക്കെട്ടായാണ് നോയലിനെ തിരഞ്ഞെടുത്തത്.
ആത്മവിശ്വാസമാകാൻ ഇനി നോയൽ
130 വർഷത്തിലധികം പാരമ്പര്യമുള്ള ടാറ്റാ ട്രസ്റ്റുകളുടെ നിർണായക നേതൃപദവിയിലേക്കാണ് 67കാരൻ നോയൽ നവൽ ടാറ്റ എത്തുന്നത്. രത്തൻ ടാറ്റയുടെയും നോയൽ ടാറ്റയുടെയും മുതുമുത്തച്ഛൻ ജാംസേട്ജി ടാറ്റ 1892ലാണ് ടാറ്റ ട്രസ്റ്റുകൾക്ക് തുടക്കമിട്ടത്. രത്തൻ ടാറ്റ ഉൾപ്പെടെയുള്ള തന്റെ മുൻഗാമികൾ കാത്തുസൂക്ഷിച്ച മൂല്യങ്ങൾ മുറുകെപ്പിടിക്കുകയെന്ന വെല്ലുവിളിയാണ് പ്രധാനമായും നോയലിന് മുന്നിലുള്ളത്. രത്തൻ ടാറ്റ കഴിഞ്ഞ അരനൂറ്റാണ്ടായി ടാറ്റ ഗ്രൂപ്പിലെ ഓരോരുത്തർക്കും പകർന്നുനൽകിയ ആത്മവിശ്വാസമാകാൻ ഇനി നോയലിനും കഴിയുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയലിന്റെ മക്കളായ മായ ടാറ്റ, ലിയ ടാറ്റ, നെവിൽ ടാറ്റ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും നോയലിനെ തിരഞ്ഞെടുക്കുകയായിരുന്നു. മിസ്ത്രി കുടുംബത്തിൽ നിന്നുള്ള അലൂ മിസ്ത്രിയാണ് നോയലിന്റെ ഭാര്യ. രത്തൻ ടാറ്റ അവിവാഹിതനായിരുന്നു. ജീവിച്ചിരുന്നപ്പോൾ, തന്റെ പകരക്കാരൻ ആരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുമില്ല.
ടാറ്റാ ഗ്രൂപ്പിൽ ഒരു കമ്പനിയിലും നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് രത്തൻ ടാറ്റ ഇഷ്ടപ്പെട്ടിരുന്നില്ല. താൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞപ്പോൾ സൈറസ് മിസ്ത്രിയെയും പിന്നീട് മിസ്ത്രിക്ക് പകരക്കാരനായി എൻ. ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തത് അതിവേഗമായിരുന്നു. രത്തൻ ടാറ്റയുടെ ഈ മൂല്യത്തിലൂന്നിയാണ്, അദ്ദേഹത്തിന്റെ സംസ്കാരത്തിന് തൊട്ടടുത്തദിവസം തന്നെ ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായി നോയലിനെയും തിരഞ്ഞെടുത്തത്. ടാറ്റ ട്രസ്റ്റുകളുടെയും ടാറ്റ സൺസിന്റെയും ചെയർമാനായി ഒരേസമയം ഒരാൾ തന്നെ വേണ്ട എന്ന് 2022ൽ തന്നെ കമ്പനി നിയമഭേദഗതിയിലൂടെ തീരുമാനിച്ചിരുന്നു.
40 വർഷമായി ടാറ്റയ്ക്കൊപ്പം
നിലവിൽ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയാണ് നോയൽ. വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ തുടങ്ങി ടാറ്റാ ഗ്രൂപ്പിലെ നിരവധി കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവുമാണ്.
ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ൽ കമ്പനിയായ ട്രെന്റിനെ കഴിഞ്ഞ 11 വർഷമായി നയിക്കുന്നത് ചെയർമാനും എംഡിയുമായ നോയലാണ്. നോയലിന്റെ കീഴിൽ ട്രെന്റിന്റെ ഓഹരി വില കഴിഞ്ഞ ദശാബ്ദത്തിൽ 6,000 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 2.8 ലക്ഷം കോടി രൂപയിലുമെത്തി. 2010 മുതൽ 2021 വരെ ടാറ്റ ഇന്റർനാഷണലിന്റെയും മാനേജിങ് ഡയറക്ടർ ആയിരുന്നു നോയൽ. അദ്ദേഹത്തിന് കീഴിൽ കമ്പനിയുടെ വരുമാനം 50 കോടി ഡോളറിൽ നിന്ന് 300 കോടി ഡോളറായി വർധിച്ചിരുന്നു. ടാറ്റാ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാൻ പദവിയും നോയൽ വഹിക്കുന്നു. യുകെയിലെ സസക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഫ്രാൻസിലെ പ്രസിദ്ധമായ ഇൻസീഡ് ബിസിനസ് സ്കൂളിൽ നിന്ന് ഇന്റർനാഷണൽ എക്സിക്യുട്ടിവ് പ്രോഗ്രാമും നേടിയിട്ടുണ്ട് നോയൽ.
Leah Tata, Neville Tata, Maya Tata (Image : X)
നോയലിന്റെ മകൻ നെവിൽ ടാറ്റ (34) 2016ൽ ട്രെന്റിൽ ചേർന്നു. നിലവിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറിന്റെ മേൽനോട്ടമാണ് വഹിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് ഭാവിയിലെ വരുമാനത്തിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുമെന്ന് കരുതുന്ന ബിസിനസ് വിഭാഗമാണ് സ്റ്റാർ ബസാർ. ടാറ്റയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ടാറ്റാ ന്യൂ അവതരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് മായ ടാറ്റ എന്ന 34കാരി. ടാറ്റാ ഓപ്പർച്യൂണിറ്റീസ്, ടാറ്റ ഡിജിറ്റൽ എന്നിവയിലും നിർണായക പദവികൾ. ബ്രിട്ടനിലെ വാർവിക് യൂണിവേഴ്സിറ്റി, ബെയ്സ് ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിലെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുകയാണ് 39കാരിയായ ലിയ ടാറ്റ. സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്ന് ബിരുദം സ്വന്തമാക്കിയിട്ടുള്ള ലിയ, ടാറ്റാ ഗ്രൂപ്പിലെ ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ പ്രവർത്തനങ്ങളിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. താജ് ഹോട്ടൽ ശൃംഖലകളുടെ വളർച്ചയിലും നിർണായക പങ്കുവഹിക്കുന്നു.
ഓഹരികൾ ഇന്നും സമ്മിശ്രം
രത്തൻ ടാറ്റയുടെ നിര്യാണം, ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായി നോയൽ ടാറ്റയുടെ വരവ് എന്നിവയുടെ പശ്ചാത്തലത്തിൽ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നും സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഓട്ടോ കോർപ്പറേഷൻ, റാലിസ്, ടാറ്റ കെമിക്കൽസ്, ടാറ്റാ കോഫീ, ടാറ്റ ഇൻവെസ്റ്റ്മെന്റ്, ടാറ്റ മെറ്റാലിക്, ട്രെന്റ് എന്നിവ രണ്ടുമതൽ 3.6 ശതമാനം വരെ നേട്ടത്തിലാണ്.
A-100, DEL-090138, JANUARY 09, 2008: New Delhi: Chairman, Tata Sons, Ratan Tata poses next to the new Direct Injection Common Rail (DICOR) version Indica vehicle, at it’s launch at the 9th Auto Expo in New Delhi on Wednesday,. PTI Photo by Kamal Singh
ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ടാറ്റ കൺസ്യൂമർ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, വോൾട്ടാസ് എന്നിവ ഒരു ശതമാനത്തിൽ താഴെ നേട്ടം കുറിച്ചു. നെൽകോ, ടാറ്റ എൽക്സി, ടാറ്റ ടെക്, ടാറ്റ ടെലിസർവീസസ്, ടിസിഎസ് എന്നിവ 0.4 മുതൽ 2.14% വരെ നഷ്ടത്തിലായി.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നെങ്കിലും നിരീക്ഷകർ പ്രതീക്ഷിച്ചത്ര നേടാനായില്ലെന്നത് ഇന്ന് ഓഹരികളിൽ രണ്ടു ശതമാനത്തിലധികം നഷ്ടത്തിന് വഴിവച്ചു. 11,909 കോടി രൂപയാണ് കമ്പനിയുടെ സെപ്റ്റംബർപാദ ലാഭം. വാർഷികാടിസ്ഥാനത്തിൽ 4.9%, പാദാടിസ്ഥാനത്തിൽ നെഗറ്റീവ് 1.1% എന്നിങ്ങനെയാണ് വളർച്ച. വരുമാനം വാർഷികാടിസ്ഥാനത്തിൽ 7.6% ഉയർന്ന് 64,259 കോടിരൂപ. പാദാടിസ്ഥാനത്തിലെ വളർച്ച 2.6% മാത്രം. ടാറ്റാ എൽക്സി 15% വാർഷിക വളർച്ചയോടെ 229 കോടി രൂപ ലാഭവും 8% വളർച്ചയോടെ 955 കോടി രൂപ പ്രവർത്തന വരുമാനവും നേടിയിട്ടുണ്ട്.
ഫോബ്സിന്റെ 100 ഇന്ത്യൻ സമ്പന്നർ: അംബാനി ഒന്നാമൻ; മലയാളികളിൽ മൂത്തൂറ്റ് കുടുംബവും യൂസഫലിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]