പുതുക്കാട് സ്റ്റേഷനിൽ ചരക്ക് വണ്ടി നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയതിനാൽ പുതുക്കാട് – ഊരകം റോഡിലെ റെയിൽവേ ഗേറ്റിൽ യാത്രക്കാർ ട്രെയിനിന് അടിയിലൂടെ പാളം മുറിച്ചു കടക്കുന്നു
ആമ്പല്ലൂർ: ജോലി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ഗുഡ്സ് ട്രെയിന്‍ പുതുക്കാട് റെയില്‍വേ ഗേറ്റിന് കുറുകെ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി. ഇതോടെ പുതുക്കാട് -ഊരകം റോഡിലെ ഗതാഗതം രണ്ടര മണിക്കൂര്‍ മുടങ്ങി. ഇരുമ്പനത്തേക്ക് ഇന്ധനം നിറക്കാന്‍ പോയ ഗുഡ്സ് ട്രെയിനാണ് പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. രാവിലെ 5.30നായിരുന്നു സംഭവം.
പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സമയമായിരുന്നതിനാല്‍ ഏറെപ്പേര്‍ ഇതുമൂലം വലഞ്ഞു. ട്രെയിന്‍ കുറുകെ ഇട്ടതിനാല്‍ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കുവാന്‍ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങിയ യാത്രക്കാര്‍ ഗുഡ്സ് ട്രെയിന്റെ അടിയിലൂടെ ഏറെ കഷ്ടപ്പെട്ട് കടന്നാണ് പ്ലാറ്റ്ഫോമിലെത്തിയത്. മുന്നറിയിപ്പ് ഇല്ലാതെ ഗേറ്റ് അടച്ചിട്ടതോടെ പുതുക്കാട് നിന്നും ഊരകം ഭാഗത്തേക്കും പാഴായി ഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ വലിയൊരു നിര തന്നെ രാവിലെ ഉണ്ടായിരുന്നു.
കിലോമീറ്റർ ദൂരമുള്ള ബ്ലോക്ക് ഓഫീസ് പരിസരത്ത് വരെ വാഹനങ്ങളുടെ നിര നീണ്ടിരുന്നു. ലോക്കോ പൈലറ്റുമാര്‍ക്ക് 10 മണിക്കൂറാണ് ഡ്യൂട്ടി സമയം. വടക്കാഞ്ചേരിയില്‍ വെച്ച് തന്നെ സമയം കഴിഞ്ഞിരുന്നു. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആള് എത്താത്തതിനെ തുടര്‍ന്നാണ് പുതുക്കാട് വെച്ച് യാത്ര അവസാനിപ്പിച്ചത്. സ്റ്റേഷന് മാസ്റ്ററെ അറിയിച്ചതിനു ശേഷമാണ് ലോക്കോ പൈലറ്റ് മടങ്ങിയത്.
അധികൃതര്‍ കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്താതിരുന്നതാണ് സംഭവത്തിനിടയായതെന്ന് ആരോപണമുണ്ട്. പിന്നീട് എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ എത്തിച്ചാണ് ഗുഡ്സ് ട്രെയിൻ മാറ്റിയത്.
The post പുതുക്കാട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]