
ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് 12 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കാം. രക്തസ്രാവം, അവയവ സ്തംഭനം എന്നിവയ്ക്ക് കാരണമാകുന്ന ഈ മാരകവൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്. എബോളയ്ക്ക് സമാനമായ അതീവ മാരകമായ വൈറസാണിത്.
വൈറസ് ബാധിച്ച് മരിച്ചത് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ്. മൃഗങ്ങളില്‍ നിന്നാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് റിപ്പോർട്ട്. രോഗബാധിതരുടെ ശരീര സ്രവവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്.
1967 ൽ ജർമ്മനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. 2008ൽ ഉഗാണ്ടയിലെ ഒരു ഗുഹ സന്ദർശിച്ച സഞ്ചാരികൾക്കാണ് രോഗബാധയുണ്ടായത്.
ലക്ഷണങ്ങള്‍
കടുത്ത പനി, കടുത്ത തലവേദന, ശരീര വേദന, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, മസ്തിഷ്കജ്വരം, നാഡീ വ്യവസ്ഥയുടെ സ്തംഭനം, അടിവയര്‍ വേദന, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. കണ്ണുകള്‍ കുഴിഞ്ഞ്, മുഖത്ത് ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി രോഗികള്‍ കാണപ്പെടും എന്നതും ഈ വൈറസ് രോഗികളില്‍ ഉണ്ടാകാം.
വൈറസ് ശരീരത്തിനുള്ളിൽ എത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും. രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങൾ സ്വീകരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നത് തന്നെയാണ് പ്രധാന പ്രതിരോധ മാർഗ്ഗം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]