
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി ജില്ലയ്ക്ക് സുപരിചിതമാകുന്നു. സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെ ഫോൺ ജനങ്ങളെ ആകര്‍ഷിക്കുന്നത്. ജില്ലയില്‍ ഇതുവരെ 2035.74 കിലോമീറ്റര്‍ കേബിളുകള്‍ സ്ഥാപിച്ചു. കെഎസ്ഇബി ട്രാന്സ്മിഷന് ടവറുകളിലൂടെയാണ് 306.28 കിലോമീറ്റര്‍ കേബിള്‍ വലിച്ചത്. 1729.46 കിലോമീറ്റര്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയും. 1213 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെ ഫോണ്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ 1622 ഓഫീസുകളിലാണ് കണക്ഷന് നല്‍കേണ്ടത്. ബാക്കിയുള്ളിടങ്ങളിലേക്കും ഉടനെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ വഴി കണക്ഷൻ നൽകും
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 157 ബിപിഎല്‍ വീടുകളിലാണ് കെ ഫോണ്‍ കണക്ഷനുള്ളത്. 573 വീടുകളിലാണ് ആദ്യഘട്ടം പൂര്‍ത്തീകരിക്കേണ്ടത്. ഇതിനുള്ള നടപടികള്‍ നടക്കുകയാണ്. 1843 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്കി. ഇത് വാണിജ്യ സ്ഥാപനങ്ങളിലേക്കും തുക അടയ്ക്കാന്‍ തയാറായ വീടുകളിലേക്കും എത്തിയിട്ടുണ്ട്. പ്രാദേശിക കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയില്‍ 118 കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐ എല്‍ എല്‍ കണക്ഷനും ജില്ലയില്‍ നല്‍കിയിട്ടുണ്ട്. നെറ്റ്വര്‍ക്കിന്റെ വേഗതയിലെ സ്ഥിരതയാണ് ഐ എല്‍ എല്‍ കണക്ഷനുകളുടെ പ്രത്യേകത.
ബിപിഎൽ വീടുകളിൽ സൗജന്യ കണക്ഷനുകൾ
നിലവില്‍ ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുവര്‍ഷം എന്നിങ്ങനെയാണ് കെ ഫോണ്‍ പാക്കേജുകള്‍. കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ്, എക്സ്ട്രാനെറ്റ് സപ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റജ് എന്നീ സേവനദാതാക്കള്‍ കെ ഫോണിന്റെ ഡാര്‍ക്ക് ഫൈബര്‍ ഉപയോഗിക്കുന്നുണ്ട്. 1149.295 കിലോമീറ്ററാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. കിലോമീറ്ററിന് നിശ്ചിത തുകയീടാക്കുന്നുണ്ട്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമേ ഒരു നിയമസഭ മണ്ഡലത്തില്‍ 100 ബിപിഎല്‍ വീടുകള്‍ക്ക് സൗജന്യ കണക്ഷന് നല്‍കുകയാണ് ആദ്യഘട്ട ലക്ഷ്യം. പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ എന്റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]