
ബോഗെയന് വില്ല എന്ന പുതിയ മലയാള സിനിമയ്ക്കായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അമല്‍ നീരദിന്റെ പടം, ജ്യോതിര്‍മയിയുടെ തിരിച്ചുവരവ് തുടങ്ങി നിരവധി ഘടകങ്ങളാണ് ആ കാത്തിരിപ്പിന് പിന്നിലുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പടത്തിന്റെ പ്രൊമോ സോങ്ങായ സ്തുതി പുറത്തിറങ്ങിയത്. പ്രൊമോ സോങ് വളരെ പെട്ടെന്ന് തന്നെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന് എന്നിവരുടെ ചടുല നൃത്തം പാട്ടിന്റെ താളത്തോടും ഭാവത്തോടും അത്രയധികം ഇണചേര്ന്നിരിക്കുന്നതായിരുന്നു. ഇതിന് മുന്‍പ് അമല്‍ നീരദ് തന്നെ സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിലെ പറുദീസ പാട്ടിന്റെ കൊറിയോഗ്രാഫി നിർവഹിച്ച സുമേഷും ജിഷ്ണുവും തന്നെയാണ് സ്തുതിക്ക് വേണ്ടിയും കൊറിയോഗ്രാഫി ചെയ്തത്.
സുമേഷും ജിഷ്ണുവും പറുദീസ പാട്ടിന് ശേഷം പതിനഞ്ചോളം പ്രോജക്റ്റുകളില്‍ ഭാഗമായി. തൃശ്ശൂരില്‍ മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സ് എന്ന ഡാന്‍സ് കമ്പനി നടത്തുകയാണ് ഇരുവരും. സ്തുതി ഗാനത്തിന്റെ നൃത്ത സംവിധാനത്തെ കുറിച്ചും ഒപ്പം കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ കരിയറിനെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുകയാണ് ഇവരിലൊരാളായ സുമേഷ്.
ബോഗെയന് വില്ലയിലേക്ക്
അമലേട്ടന്റെ (അമല്‍നീരദ്) ഭീഷ്മപര്‍വ്വത്തിലെ പറുദീസ, രതിപുഷ്പം തുടങ്ങിയ പാട്ടുകള്‍ ഞങ്ങള്‍ കൊറിഗ്രാഫി ചെയ്തിരുന്നു. ഈ വര്‍ക്ക് കഴിഞ്ഞ് ഒരു കൊല്ലത്തിനുശേഷം ഒരു വര്‍ക്ക് വരുന്നുണ്ട് നിങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം വീണ്ടും ജോലി ചെയ്യാന്‍ അവസരം ലഭിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. അന്നുമുതല്‍ അദ്ദേഹത്തിന്റെ പുതിയ പ്രോജക്റ്റില്‍ വര്‍ക്ക് ചെയ്യാനുള്ള കാത്തിരിപ്പായിരുന്നു. സിനിമയുടെ പോസ്റ്റര്‍ വന്നപ്പോള്‍ ഇനി ഞങ്ങളെ വിളിക്കുന്നുണ്ടാവില്ലെന്ന് കരുതി. എന്നാല്‍ സിനിമാ പോസ്റ്റര്‍ ഇറങ്ങി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അമലേട്ടന് വിളിച്ച് ഈ പ്രൊമോ സോങ്ങിന്റെ കാര്യം പറഞ്ഞു. വളരെയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പിന്നീട് അദ്ദേഹവുമായി നടന്ന മീറ്റിങ്ങില്‍ പാട്ടിന്റെ ഐഡിയയെ പറ്റി പറയുകയും മുന്നോട്ട് പോവുകയുമായിരുന്നു.
സുഷിന്റെ മനോഹരപരീക്ഷണങ്ങള്ക്കൊപ്പം ഞങ്ങളും
ഇതിലെ മ്യൂസിക് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. വേറിട്ടൊരു സംഗീത പരീക്ഷണമാണിതെന്നാണ് എന്റെ അഭിപ്രായം. ഒരു സെലിബ്രേഷന് വൈബില്‍ നിന്ന് മാറി വേറൊരു ഫീലിലാണ് മുന്നോട്ടു പോവുന്നത്. മലയാളത്തില്‍ അത്തരം പരീക്ഷണങ്ങള്‍ സുഷിന് നടത്തുമ്പോള്‍ അത്തരം ചില പരീക്ഷണങ്ങള്‍ ഞങ്ങളും കൂടിച്ചേർന്നെന്ന് പറയാം.
സ്തുതി ഗീതത്തിനായുള്ള ഒരുക്കങ്ങള്‍
പത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഈ പാട്ടിന്റെ വര്‍ക്കിന് മുന്‍പ് നടത്തിയിരുന്നു. കൃത്യമായൊരു ഐഡിയ ഈ ചര്‍ച്ചയിലൂടെ ലഭിച്ചിരുന്നു. ഇതിലെ മ്യുസിക്ക് ആഴത്തില്‍ ഗഹനം ചെയ്യുമ്പോള്‍ ഇതിന്റെ ഫീലും ഏങ്ങനെ കൊറിയോഗ്രാഫ് ചെയ്യണമെന്നും മനസിലായി. ഇത് കൂടാതെ അമലേട്ടന് സ്റ്റോറി വണ്‍ലൈനും കഥാപാത്രങ്ങളുടെ സവിശേഷതയും പറഞ്ഞിരുന്നു. അമലേട്ടന്റെ ആ വിശാലമായ കാന്‍വാസിനുള്ളില്‍ നിന്ന് വര്‍ക്ക് ചെയ്യേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കാരക്ടറിന് അകത്ത് നിന്ന് ആ മ്യൂസിക്ക് എന്താണോ, അത് ഞങ്ങള്‍ക്ക് പറഞ്ഞുതിരികയും ഞങ്ങളത് അവതരിപ്പിക്കുകയുമാണ് ചെയ്തത്. അതുപോലെ തന്നെ ലൊക്കേഷനും കോസ്റ്റ്യൂമിനെ കുറിച്ചും അമലേട്ടന് തന്റെ ഐഡിയ പറഞ്ഞിരുന്നു.
ചാക്കോച്ചനൊപ്പമുള്ള സ്വപ്നനിമിഷം
മലയാള സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ചാക്കോച്ചനാണ് അതിനുള്ള കാരണം. എല്ലാ മലയാളികളെയും പോലെ ഞങ്ങളും അദ്ദേഹത്തിന്റെ ഡാന്‍സിനെ ആരാധിക്കുന്നവരാണ്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രിയപ്പെട്ട ഡാന്‍സര്‍ അദ്ദേഹമാണ്. ആരാധന കാരണം അദ്ദേഹത്തിന്റെ തന്നെ രണ്ടുപാട്ടുകള്‍ ഞങ്ങള്‍ റീലെടുത്തിരുന്നു. അദ്ദേഹം ആ റീല്‍ കാണാനായി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ചാക്കോച്ചനോടൊത്ത് ഒരു വര്‍ക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഒരുപക്ഷേ, സിനിമയിലേക്ക് വരുന്നതിനേക്കാള്‍ വലിയ ആഗ്രഹം അതായിരുന്നുവെന്ന് പറയാം. ഈ സിനിമ സത്യത്തില്‍ ഒരു ആഗ്രഹപൂര്‍ത്തികരണം കൂടിയാണ്. അദ്ദേഹത്തെ ആദ്യമായി കാണുന്നത് ഒരു സ്വപ്നസാക്ഷാത്കാര നിമിഷമാണെന്ന് പറയാം. ഞങ്ങളുടെ സ്റ്റെപ്പുകള്‍ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറഞ്ഞപ്പോള്‍ വളരെയധികം സന്തോഷിച്ചു
വിവാദങ്ങളെ നോക്കാറില്ല
പാട്ടിന് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുന്നില്ല. വിവാദങ്ങളെ കാര്യമായി എടുക്കുന്നില്ലന്ന് വേണം പറയാന്‍. സിനിമകള്‍ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാം. നമ്മള് ചെയ്യുന്ന വര്‍ക്ക് നല്ലതാണെങ്കില്‍ ആളുകള്‍ സ്വീകരിക്കുമെന്നതില്‍ വിശ്വസിക്കുന്നു.
തലവര മാറ്റിയ പറുദീസ
പറുദീസയ്ക്ക് മുന്‍പ് ഒരു ചിത്രത്തില്‍ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ പടം പാതിയില്‍ മുടങ്ങിപോയി. അന്ന് വിഷമിച്ചെങ്കിലും സിനിമ ഫീല്‍ഡില്‍ ഇത്ര നല്ല തുടക്കം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങളുടെ ചില വൈറല്‍ വീഡിയോകള്‍ കണ്ടാണ് അമലേട്ടന് ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണന്ന് അദ്ദേഹം ആദ്യം കരുതിയിരുന്നത്. കോണ്ടാക്റ്റ് ചെയ്തതോടെയാണ് മലയാളികളാണെന്ന് അറിയുന്നത്. ഭീഷ്മപര്വ്വത്തിന് കൊറിയോഗ്രാഫി ചെയ്യാനാണ് വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയിലായിരുന്നു. പാട്ടിറങ്ങിയിപ്പോള് ഞങ്ങളുടെ കൊറിയോഗ്രാഫിക്കും ശ്രദ്ധ കിട്ടിയപ്പോള്‍ അന്നത്തെ സന്തോഷം നാലിരട്ടിയായി. ഞങ്ങളുടെ ടീമിലെ ഡാന്‍സേഴ്സ് മാത്രം മതിയെന്നായിരുന്നു അമലേട്ടന്റെ നിര്‍ദേശം അതോടൊപ്പം അഞ്ച് ദിവസമെങ്കിലും പ്രാക്ടീസ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അത്ര വലിയൊരു ടീമിനെ ഹാന്‍ഡില്‍ ചെയ്യുന്നത് എളുപ്പമായി. രതിപുഷ്പവും വ്യത്യസ്ത അനുഭവമായിരുന്നു. ഡാന്‍സില്‍ നല്ല വ്യക്തതയുള്ള റംസാനായിരുന്നു ആ പാട്ടിന്റെ പ്രധാന പ്ലസ് പോയന്റ്.
ഒരോ വൈബുള്ള ഞങ്ങള്‍
വിദ്യാഭ്യാസ കാലം മുതല്‍ തന്നെ ഡാന്‍സില്‍ ഞാന്‍ വളരെയധികം ആക്ടീവായിരുന്നു. എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കുമായിരുന്നു. ഇത്തരം ടീമുകളില്‍ അംഗമായിരുന്ന കാലത്താണ് ജിഷ്ണുവിനെ പരിചയപ്പെടുന്നതും സൗഹൃദം ഉടലെടുക്കുന്നതും, പിന്നീട് കോളേജ് പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കുമായി ഒരുമിച്ച് കൊറിയോഗ്രാഫി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് മൈസെല്‍ഫ് ആന്‍ഡ് മൂവ്സ് എന്ന ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചു. ഞങ്ങളുടെ സിനിമാ വര്‍ക്കുകളില്‍ ഞങ്ങളുടെ തന്നെ ടീമാണ് ഉണ്ടാവുക. ഒരേ വൈബുള്ള രണ്ടുപേര്‍ ഒന്നിച്ചാലുള്ള സമാധാനമാണ് ഞങ്ങള്‍ക്കുള്ളത്
പാഷനെ പ്രൊഫഷനാക്കുമ്പോള് നേരിടുന്ന വെല്ലുവിളികള്‍
പലപ്പോഴും ആര്‍ട്ട് എന്നത് പ്രധാന പ്രൊഫഷനൊപ്പം കൊണ്ടുപോവുന്ന വെറും പാഷനായി കാണുന്നവരാണ് മിക്കവരും. ആരെയും കുറ്റം പറയാനാവില്ല നമ്മുടെ പരിസരം അത്തരത്തിലാണ് നമ്മളെ കണ്ഡീഷന് ചെയ്തിരിക്കുന്നത്. ആര്‍ട്ടിന്റെ പ്രൊഫഷണല്‍ സൈഡിനെ കുറിച്ച് ഇന്നും അവ്യക്തതകളുണ്ട്. ഡാന്സിനെപ്രൊഫഷനായെടുക്കുമ്പോള് നിരവധി വെല്ലുവിളികള്‍ എനിക്ക് മുന്നിലുണ്ടായിരുന്നത്. എന്‍ജിനീയറിങ് പഠനത്തിനുശേഷം നിരവധി ജോലികള്‍ ചെയ്ത ശേഷമായിരുന്നു ഡാന്‍സിലേക്ക് തന്നെ തിരിച്ചു വന്നത്. ഞാന്‍ അത്രയധികം സന്തോഷത്തോടെയാണ് ഡാന്‍സ് ചെയ്യുന്നത്. അത്രയും ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒന്നിനെ പ്രൊഫഷനായി തിരഞ്ഞെടുക്കുമ്പോള്‍ മാനസികമായി ലഭിക്കുന്ന സമാധാനം വിവരിക്കാനാവുന്നതിലും അപ്പുറമാണ്. ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടുകാര്‍ ഞങ്ങള്‍ക്ക് ഒപ്പം ശക്തരായി നിലകൊള്ളുന്നവരാണ്. അവരുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി.
ഇപ്പോഴും ടെന്‍ഷനുണ്ട്
ഇപ്പോള്‍ പതിനഞ്ച് പടങ്ങള്‍ ചെയ്തുവെന്ന് പറയുമ്പോഴും ഒരുപാട് കരിയര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളെ സംബന്ധിച്ച് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഡാന്‍സിന് പ്രാധാന്യമില്ലെന്ന് വേണം പറയാന്‍. പ്രധാന നായകന് നായിക സങ്കല്‍പ്പത്തില്‍ നിന്ന് വിട്ടുമാറി പൂര്‍ണമായും നൃത്താധിഷ്ഠിത പാട്ടുകള്‍ ഇവിടെ കുറവാണ്.ബോളിവുഡില്‍ എല്ലാ മുന്‍നിര ചിത്രങ്ങളിലും ഡാന്‍സിന് പ്രാധാന്യമുള്ള ഒരുപാട് പാട്ടുകളുണ്ടാവും. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ അത് സ്ക്രീപ്റ്റിന് യോജിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഡാന്‍സുള്ള പാട്ടുകള്‍ ഉണ്ടാവുകയുള്ളു. ഇവിടെ വിഷ്യല്‍, ആക്ടിങ് കൊറിയോഗ്രാഫിക്ക് പ്രാധാന്യം കൊടുക്കുന്ന പാട്ടുകളാണ് കൂടുതലുള്ളത്. 15 സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കൊറിയോഗ്രാഫര്‍ എന്ന രീതിയില്‍ വളരെ കുറിച്ച് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയിട്ടുള്ളത്.
വേണ്ട അംഗീകാരം ലഭിക്കുന്നില്ല
മലയാള സിനിമയില്‍ കൊറിയോഗ്രാഫേഴ്സിന് വേണ്ട അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം.നമ്മളുടെ പഴയ സിനിമയില്‍ വളരെ ഭംഗിയായി കൊറിയോഗ്രാഫി ചെയ്്ത പാട്ടുകളുണ്ട് എന്നാല്‍ അതിന്റെ നൃത്തശില്പ്പികള്ക്ക് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല. വരുംനാളില്‍ മലയാള സിനിമാരംഗത്ത് കൊറിയോഗ്രാഫേര്സിന് വേണ്ട അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കുടുംബം
ഡിഗ്രി പഠനത്തിനുശേഷം നൃത്തരംഗത്തേക്ക് നേരിട്ടെത്തിയതാണ് ജിഷ്ണു, അച്ഛന് വേലായുധന്, അമ്മ സുമിത്ര , മൂത്തസഹോദരന് വിഷ്ണു എന്നിവരോടൊപ്പം കുന്ദംകുളം കാണിപ്പയ്യൂരിലാണ് താമസം. എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നതിനിടെ നൃത്തത്തോടുള്ള പാഷന് കാരണം ജോലി ഉപേക്ഷിച്ചാണ് സുമേഷ് ഈ മേഖലയിലേക്കെത്തിയത്. പരേതനായ ഐ.എം. സുന്ദരന്‍, ബീന സുന്ദരന്‍ എന്നിവരാണ് സുമേഷിന്റെ മാതാപിതാക്കള്‍ മൂത്തസഹോദരന് സുബിന്. തൃശ്ശൂര്‍ മുല്ലശ്ശേരിയിലാണ് വീട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]