
ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം സംഗീതജ്ഞൻ ടി.എം. കൃഷ്ണയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ കൊച്ചുമകൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കർണാടകസംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകൾകൊണ്ട് വിമർശിച്ചയാളാണ് കൃഷ്ണയെന്നും അദ്ദേഹത്തിന് ഈ പുരസ്കാരം നൽകുന്നത് നിരീശ്വരവാദിക്ക് ഭക്തപുരസ്കാരം നൽകുന്നതുപോലെയാണെന്നും ഹർജിക്കാരനായ വി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിപുരസ്കാരം 2005 മുതലാണ് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. മാർച്ച് 17-നായിരുന്നു ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം. ഡിസംബറിലെ സംഗീതമേളയിലാണ് സമ്മാനദാനം. അവാർഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായി ശ്രീനിവാസന്റെ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ആർ.എം.ടി. ടീക്കാ രാമന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പുരസ്കാരജേതാക്കളെ തീരുമാനിക്കുന്നത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും തീരുമാനത്തിൽ അക്കാദമി ഭരണസമിതിക്ക് പങ്കൊന്നുമില്ലെന്നും മ്യൂസിക് അക്കാദമി ഹൈക്കോടതിയെ അറിയിച്ചു. ഹർജിയുടെ വാദം ഒക്ടോബർ 21-ലേക്കു മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]