
.news-body p a {width: auto;float: none;}
തിരുപ്പതി: ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വിവാദത്തിന്റെ അലയൊലികൾ അവസാനിക്കുംമുമ്പ് ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ക്ഷേത്രത്തിൽ വിളമ്പിയ അന്ന പ്രസാദത്തിൽ അട്ടയെ ലഭിച്ചെന്ന പരാതിയുമായി ഒരു വിശ്വാസിയാണ് രംഗത്തെത്തിയത്. അതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
വാറങ്കൽ സ്വദേശിയായ ചന്തു എന്ന വിശ്വാസിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ‘എന്റെ പേര് ചന്തു, ഞാൻ തല മൊട്ടയടിച്ച ശേഷം ഉച്ചഭക്ഷണത്തിന് പോയി. അന്നപ്രസാദം കഴിക്കുന്നതിനിടെ ചോറിൽ നിന്ന് അട്ടയെ ലഭിച്ചു. സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഞെട്ടിക്കുന്ന പ്രതികരണമണ് ഉണ്ടായത്.വിളമ്പാൻ ഉപയോഗിച്ച ഇലയിൽ നിന്നാണ് അട്ട വന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ അശ്രദ്ധ അംഗീകരിക്കാനാവില്ല. കുട്ടികളോ മറ്റുള്ളവരോ മലിനമായ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ഭക്ഷ്യ വിഷബാധയുണ്ടാകുമായിരുന്നു. എങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും?’ ചന്തു ചോദിക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ ക്ഷേത്രജീവനക്കാർ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായും ചന്തു ആരോപിച്ചിട്ടുണ്ട്.
എന്നാൽ, പ്രസാദത്തിൽ അട്ടയെ കണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ടിടിഡി പറയുന്നത്. ദിവസവും ആയിരക്കണക്കിന് ഭക്തർക്ക് പ്രസാദം നൽകുന്നുണ്ടെന്നും അതിൽ പ്രാണികൾ അകപ്പെടുക എന്നത് ഒരിക്കലും സംഭവിക്കില്ലെന്നുമാണ് ടിടിഡി പറയുന്നത്. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും ഭക്തരുടെ വികാരം വ്രണപ്പെടുത്താനുമുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും അവർ അഭിപ്രായപ്പെട്ടു.ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാർത്തകളിൽ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും അവർ പറഞ്ഞു.
ലഡു തയാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ഉയർന്നത് വൻ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ( എസ്. ഐ.ടി) സുപ്രീംകോടതി കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. ആന്ധ്ര സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് പകരമാണിത്.
സി.ബി.ഐ, ആന്ധ്ര പൊലീസ് എന്നിവയിലെ രണ്ടു വീതം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ്സ് അതോറിട്ടിയുടെ മുതിർന്ന ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് പുതിയ സംഘം. സി.ബി.ഐ ഡയറക്ടർക്കാണ് മേൽനോട്ടം. ആന്ധ്രപൊലീസിന്റെ അന്വേഷണസംഘത്തിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല, വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് നടപടി. കോടതിയെ രാഷ്ട്രീയപോരാട്ട വേദിയാക്കാൻ അനുവദിക്കില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി. അന്വേഷണത്തിന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രത്യേക അന്വേഷണസംഘത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, തിരുപ്പതി തിരുമല ദേവസ്ഥാനവും അനുകൂലിച്ചു. നാഷണൽ ഡെയറി ഡെവലപ്പ്മെന്റ് ബോർഡ് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുൻ സർക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയതെന്ന് ആന്ധ്ര സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയ എതിരാളി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ മുൻസർക്കാർ മായംകലർന്ന നെയ്യ് ഉപയോഗിച്ചെന്ന മട്ടിലുള്ള നായിഡുവിന്റെ പ്രസ്താവനയെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും നിരീക്ഷിച്ചിരുന്നു.