
തിരുവനന്തപുരം: എഡിജിപി വിവാദം മുൻനിര്‍ത്തി സിപിഐയിൽ നടക്കുന്നത് പാര്‍ട്ടി പിടിക്കാൻ ലക്ഷ്യമിട്ട ആസൂത്രിത നീക്കങ്ങൾ. സംസ്ഥാന സെക്രട്ടറിക്കെതിരായ പടയൊരുക്കം തിരിച്ചറിഞ്ഞാണ് അതിരുകടക്കുന്ന പ്രതികരണങ്ങൾക്ക് ബിനോയ് വിശ്വം തടയിട്ടത്. സമ്മേളനകാലം കൂടിയായതിനാൽ നേതാക്കൾ ഇരു ചേരികളായി നിന്ന് അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ഇതിനകം സജീവമായിട്ടുണ്ട്.
കാനത്തിന് ശേഷം ഇനിയാരെന്ന ചോദ്യത്തിന് പറഞ്ഞുകേട്ടിരുന്ന പ്രധാന പേരുകളിലൊന്നായിരുന്നു കെ പ്രകാശ് ബാബുവിന്റേത്. ഇതിനിടക്കാണ് താൽക്കാലിക ചുമതലയിലേക്ക് ബിനോയ് വിശ്വം എത്തിയത്. കാനത്തിന്റെ വിയോഗത്തിന് ശേഷം കസേര ഉറപ്പിച്ചത് ബിനോയ് വിശ്വമായിരുന്നു. പ്രത്യക്ഷത്തിൽ എല്ലാം ശാന്തമെന്ന് തോന്നുന്ന പാര്‍ട്ടിയിൽ അധികാരം പിടിക്കാനുള്ള അടിയൊഴുക്ക് അന്ന് മുതൽ തുടങ്ങിയതാണ്. ഒളിഞ്ഞും തെളിഞ്ഞും നിന്ന വിയോജിപ്പുകൾ എഡിജിപി വിവാദത്തോടെ മറനീക്കി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങൾ മയപ്പെടുത്തിയ ധാര്‍മ്മികയതയാണെന്നും പാര്‍ട്ടി നയങ്ങൾ പ്രതിഫലിപ്പിക്കാൻ പോന്നതല്ലെന്നുള്ള വിമര്‍ശനം പ്രകാശ് ബാബു പക്ഷത്തിനുണ്ട്. എഡിജിപിയെ മാറ്റാൻ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും പാർട്ടി മുഖപത്രത്തിൽ ഇതിന് വിരുദ്ധമായി മുഖ്യമന്ത്രിയ്ക്ക് എതിരായ വിമര്‍ശനങ്ങളും പരസ്യ നിലപാടുകളും തുടർച്ചയായി വന്നത് ബോധപൂര്‍വ്വമാണന്ന വിലയിരുത്തലിലാണ് ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങൾ മുന്നോടിയായി ഉൾപാര്‍ട്ടി വിമര്‍ശകര്‍ക്ക് ഏറി വരുന്ന പിന്തുണയും നേതൃത്വം കാണുന്നുണ്ട്. ഈ സമ്മേളനത്തോടെ നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ ഇനി എളപ്പമല്ല എന്ന തിരിച്ചറിവിലാണ് പ്രകാശ് ബാബു പക്ഷത്തിന്റെ പോക്ക്. നേതൃമാറ്റത്തിനായി ആവശ്യമെങ്കിൽ മത്സരമെങ്കിൽ അങ്ങനെ എന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]