
.news-body p a {width: auto;float: none;}
തിരുവനന്തപുരം: മന്ത്രിമാറ്റം നീളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻ സി പി നേതാവും എം എൽ എയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനം പങ്കിടുമെന്ന് പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമായിട്ടില്ലെങ്കിൽ പരസ്യ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി മാറ്റം വൈകുന്നതിനെപ്പറ്റി എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോയെ ധരിപ്പിച്ചിട്ടുണ്ട്. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ കത്ത് കിട്ടിയിട്ടും മുഖ്യമന്ത്രി വിഷയം പരിഗണിക്കാത്തതിൽ അതൃപ്തിയുണ്ട്. തന്റെ അയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു.
‘ചുമ്മാതെ ഒരു കാര്യം നീട്ടിക്കൊണ്ടുപോകാൻ ഒക്കത്തില്ല. അതിന് അടിസ്ഥാനപരമായ ഒരു കാരണം വേണമല്ലോ. ആ കാരണം എന്താണെന്ന് അവർ പറയട്ടെ. മന്ത്രി മാറ്റം വൈകിപ്പിക്കാൻ പാടില്ല.’- അദ്ദേഹം പറഞ്ഞു. എ കെ ശശീന്ദ്രന് പകരം എൻ സി പി പ്രതിനിധിയായി കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തെത്തുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
രണ്ട് എം എൽ എമാരും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ തോമസ് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ശശീന്ദ്രനും സംസ്ഥാന നേതൃത്വവും ആദ്യം വഴങ്ങിയിരുന്നില്ല. സംസ്ഥാന നേതൃത്വം തോമസിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് മന്ത്രിമാറ്റത്തിന് കളമൊരുങ്ങിയത്. എന്നാൽ ഇക്കാര്യം നീട്ടിക്കൊണ്ടുപോയതോടെയാണ് തോമസ് കെ തോമസ് രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]