
ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമ ‘വേട്ടയനി’ലെ പോലീസ് ഏറ്റുമുട്ടലുകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും മധുര സ്വദേശിയായ കെ. പളനിവേലു ഹൈക്കോടതി മധുരബെഞ്ചിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവർ അടങ്ങിയ ബെഞ്ച് നിർമാതാക്കൾക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടു.
ഒക്ടോബർ പത്തിനാണ് ‘വേട്ടയൻ’ റിലീസ് ചെയ്യുന്നത്. മുന്നോടിയായി പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കുറ്റവാളികൾക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. വ്യാജ പോലീസ് ഏറ്റുമുട്ടലുകൾ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഇതിനെ മഹത്ത്വവത്കരിക്കുന്നത് അനുവദിക്കരുതെന്നും വാദിക്കുന്നു.
പോലീസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതാണ് ‘വേട്ടയൻ’ ചിത്രത്തിന്റെ കഥ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജുവാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
പോലീസ് ഏറ്റുമുട്ടലിൽ റൗഡികൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ തമിഴ്നാട്ടിൽ പതിവായ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കഴിഞ്ഞ 13 മാസത്തിനിടെ 13 പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തമിഴ്നാട്ടിലുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]