
നമ്മെ അമ്പരപ്പിക്കാൻ എപ്പോഴും റെഡിയായിരിക്കുന്നവരാണ് ഓട്ടോ ഡ്രൈവർമാർ. മറ്റൊന്നുമല്ല കാരണം, അവരുടെ ഓട്ടോയിൽ അവർ കുറിച്ച് വച്ചിരിക്കുന്ന വാചകങ്ങളും മറ്റും തന്നെയാണ്. അതിപ്പോൾ സിനിമാ ഡയലോഗ് ആയിരിക്കാം. ചില പേരുകളായിരിക്കാം, ചില പ്രസ്താവനകളായിരിക്കാം, അങ്ങനെ എന്തും ആവാം. ഏതായാലും, അതുപോലെ ഒരു ഓട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അതും, എല്ലാ ഓട്ടോയും പോലെയൊന്നുമല്ല, ഓട്ടോയിൽ കുറിച്ചു വച്ചിരിക്കുന്നത് തികച്ചും വെറൈറ്റിയും പുരോഗമനപരവുമായ വാചകങ്ങളാണ് എന്നാണ് നെറ്റിസൺസിൽ പലരുടേയും അഭിപ്രായം. retired sports fan എന്ന യൂസറാണ് എക്സിൽ (മുമ്പ് ട്വിറ്റർ) ഈ ഓട്ടോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ബെംഗളൂരു റോഡുകളിൽ ചില റാഡിക്കൽ ഫെമിനിസം’ എന്ന കാപ്ഷനോട് കൂടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
‘മെലിഞ്ഞിരുന്നോട്ടെ, തടിച്ചിരുന്നോട്ടെ, കറുത്തോ വെളുത്തോ ഇരുന്നോട്ടെ, കന്യകയായിക്കോട്ടെ അല്ലാതിരുന്നോട്ടെ എല്ലാ പെൺകുട്ടികളും ബഹുമാനം അർഹിക്കുന്നുണ്ട്’ എന്നായിരുന്നു ഓട്ടോയിൽ കുറിച്ച് വച്ചിരിക്കുന്നത്.
some radical feminism on the roads of bangalore pic.twitter.com/EtnLk75t3A
— retired sports fan (@kreepkroop) September 30, 2024
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ഒരുപാട് പേരാണ് ഓട്ടോ ഡ്രൈവറെയും ചിത്രം പങ്കുവച്ച യൂസറേയും അനുകൂലിച്ചും വിമർശിച്ചും മുന്നോട്ട് വന്നിരിക്കുന്നത്. അനുകൂലിക്കുന്നവർ പ്രധാനമായും പറയുന്നത്, ഓട്ടോ ഡ്രൈവർ തികച്ചും പുരോഗമനപരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് എന്നാണ്. ആളുകളെ മുൻവിധികളോടെ സമീപിക്കാതെ എല്ലാത്തരം ആളുകളെയും ഒരുപോലെ കാണുന്ന സമീപനമാണ് ഓട്ടോ ഡ്രൈവർ എടുത്തിരിക്കുന്നത് എന്നും അഭിപ്രായമുയർന്നു.
അതേസമയം, ഇത് റാഡിക്കൽ ഫെമിനിസമാണ് എന്ന് പറഞ്ഞ എക്സ് യൂസറിനോട് പലരും തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതല്ല ഫെമിനിസം. ഇത് ഓരോ മനുഷ്യനും മിനിമം കാണിക്കേണ്ടുന്ന മര്യാദ മാത്രമാണ് എന്നായിരുന്നു അവരുടെ അഭിപ്രായം.
എന്തൊക്കെ തന്നെയായാലും ഈ ഓട്ടോയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]