ലക്നൗ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരുന്നതിന്റെ വിഷമം ഇറാനി കപ്പിൽ തീർത്ത് സർഫറാസ് ഖാൻ. ഇരുപത്തിയാറുകാരൻ സർഫറാസിന്റെ ഇരട്ട സെഞ്ചറിക്കരുത്തിൽ (221 നോട്ടൗട്ട്) ഇറാനി കപ്പ് ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മുംബൈ ശക്തമായ നിലയിൽ. ഒന്നാം ദിനം അവസാനിക്കുമ്പോൾ 9ന് 536 എന്ന നിലയിലാണ് മുംബൈ. റണ്ണൊന്നും എടുക്കാതെ ജുനൈദ് ഖാനാണ് സർഫറാസിനൊപ്പം ക്രീസിലുള്ളത്. ഇറാനി കപ്പിൽ ഒരു മുംബൈ താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചറിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ 4ന് 139 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ (97)– സർഫറാസ് സഖ്യമാണ് നിലവിലെ രഞ്ജി ട്രോഫി ചാംപ്യൻമാരെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ഇവർക്കു പുറമേ, ശ്രേയസ് അയ്യരും (57) മുംബൈയ്ക്കായി തിളങ്ങി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ 4 വിക്കറ്റ് വീഴ്ത്തി. ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും സർഫറാസിനു കളിക്കാൻ അവസരം ലഭിച്ചില്ല. ഇതോടെയാണ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ സർഫറാസ്, ധ്രുവ് ജുറേൽ, യഷ് ദയാൽ തുടങ്ങിയ താരങ്ങളെ ഇറാനി കപ്പ് കളിക്കാനായി ടീമിൽനിന്നു വിട്ടയച്ചത്.
English Summary:
Irani Cup Rest of India vs Mumbai day3
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]