![](https://newskerala.net/wp-content/uploads/2024/10/iran-fires-181-missiles-at-israel_1200x630xt-1024x538.jpg)
ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഇസ്രയേലി ജനത. ഓപ്പറേഷന് ട്രൂ പ്രോമിസ് 2 എന്ന് പേരിട്ട് ഇസ്രയേലിന് മേൽ ഇറാൻ തീക്കാറ്റ് പോലെ ഉപയോഗിച്ചത് മാരക ശേഷിയുള്ള ‘ഫത്ത’ മിസൈൽ ആണ്. അപായ സൈറണുകൾക്ക് പിന്നാലെ ഒറ്റ രാത്രികൊണ്ട് വന്നുപതിച്ചത് 181 ബാലിസ്റ്റിക്ക് മിസൈലുകളാണ്. ഗദ്ദര്‍, ഇമാദ് എന്നീ മിസൈലുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫത്ത ഹൈപ്പര്‍ സോണിക് മിസൈലുകളും ഇറാന് ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ശബ്ദത്തേക്കാള്‍ വേഗതയുള്ള മീഡിയം റെയ്ഞ്ച് ബാലിസ്റ്റിക് മിസൈലായ ഫത്ത ഒന്നിന് 1400 കിലോമീറ്ററാണ് പരമാവധി ദൂര പരിധി. ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗതയുള്ള ഫത്ത മിസൈലിന് മണിക്കൂറില്‍ 16,000 മുതല്‍ 18,500 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാന്‍ കഴിയും. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമെയ്നിയാണ് മിസൈലിന് ഫത്ത എന്ന പേര് നല്‍കിയത്. ചലിക്കാന്‍ കഴിയുന്ന നോസിലുകള്‍ ഉള്ളതിനാല്‍ ഏത് ദിശയില്‍ സഞ്ചരിക്കാനും കഴിയും എന്നതാണ് ഫത്ത മിസൈലിന്റെ പ്രത്യേകത.
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കും അകത്തേക്കും പോകാന്‍ കഴിയുന്നതിനാൽ എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പറക്കാന്‍ ഫത്ത-1-ന് കഴിയും. അതുകൊണ്ട് തന്നെ എല്ലാ പ്രതിരോധങ്ങളെയും മറികടന്ന് ഇസ്രയേലിന് മുകളിൽ തീമഴയായി ഫത്ത മിസൈലുകൾ വന്നുപതിച്ചു. എന്നാൽ ആക്രമണത്തെ ഫലപ്രദമായി നേരിട്ടതായി ഇസ്രയേലും അമേരിക്കയും പ്രതികരിച്ചു. ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരംവീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.
ഒക്ടോബർ ഒന്നിന് പ്രാദേശിക സമയം വൈകിട്ട് 7.30 ഓടെയാണ് ടെൽ അവീവിൽ അപായ സൈറൻ മുഴങ്ങിയതും ഫോണുകളിലേക്ക് ഭീകരാക്രമണം സംബന്ധിച്ച സന്ദേശം ലഭിക്കുന്നതും. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഒരു അറിയിപ്പുണ്ടാകും വരെ അവിടെ തുടരണമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ജീവൻ രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ എന്ന മുന്നറിയിപ്പോടെയാണ് സന്ദേശമെത്തിയത്. ഇറാനിൽ നിന്നും ഇസ്രയേൽ ലക്ഷ്യം വെച്ച് മിസൈലുകൾ പുറപ്പെട്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇസ്രേയിലിൽ അപകട സൈറൻ മുഴങ്ങുന്നതും സന്ദേശം ലഭിക്കുന്നത്.
Read More : ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ മറുപടി കനക്കും; മുന്നറിയിപ്പുമായി ഇറാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]