സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഓരോ ദിവസവും കൂടുന്നു. അതിനി വീട്ടിനകത്തായാലും ശരി പുറത്തായാലും ശരി. അതുപോലെ ഒരു നടുക്കുന്ന സംഭവമാണ് ലഖ്നൗവിലെ ഷഹീദ് പഥിൽ നടന്നത്. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 -കാരിയായ യുവതിയെ ബൈക്ക് യാത്രികൻ അനുചിതമായി സ്പർശിച്ച് കടന്നുകളഞ്ഞു.
ഞായറാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. അതുവഴി കടന്നുപോവുകയായിരുന്ന മറ്റൊരാളാണ് നടന്ന സംഭവങ്ങൾ ക്യാമറയിൽ പകർത്തിയത്. പിന്നീട് ചൊവ്വാഴ്ച യുവതി പൊലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എൽഡിഎ കാൺപൂർ റോഡിലെ താമസക്കാരിയാണ് യുവതി. സുശാന്ത് ഗോൾഫ് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി ഓഫീസിൽ വൈകി നടന്ന ഒരു മീറ്റിംഗിൽ പങ്കെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു.
ഷഹീദ് പാതയിലെ ലുലു മാളിനടുത്ത് എത്തിയപ്പോൾ ഒരു അജ്ഞാതൻ ബൈക്കിൽ അവളെ പിന്തുടരാൻ തുടങ്ങി. ബൈക്ക് യാത്രികൻ അവളുടെ അരയിൽ പിന്നിൽ നിന്ന് അനുചിതമായി സ്പർശിച്ച ശേഷം പാഞ്ഞു പോവുകയായിരുന്നു. ആകെ ഞെട്ടി ഭയന്ന യുവതി സ്കൂട്ടറിൻ്റെ നിയന്ത്രണം നിലനിർത്താൻ തന്നെ പാടുപെട്ടു. ഇവരെ പിന്തുടരുന്ന മറ്റൊരു ബൈക്ക് യാത്രികനാണ് സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തിയത്.
യുവതി ഉടൻ തന്നെ സഹായത്തിനായി യുപി 112 -ൽ ബന്ധപ്പെട്ടെങ്കിലും പരാതി നൽകുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. ഒടുവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പോയ ശേഷമാണ് കുറ്റകൃത്യം നടന്ന പ്രദേശം വരുന്ന ബിജ്നോർ പൊലീസ് സ്റ്റേഷനിൽ അവളുടെ പരാതി രേഖപ്പെടുത്താനായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും വീഡിയോയിൽ കാണുന്ന ബൈക്കിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുകയാണ് എന്നും ബിജ്നോർ ഇൻസ്പെക്ടർ അരവിന്ദ് കുമാർ റാണ സ്ഥിരീകരിച്ചു.
താൻ ആകെ നിരാശയാണ് എന്നാണ് യുവതി പറയുന്നത്. ആ ബൈക്ക് തന്നെ കടന്നുപോകുമെന്ന് പ്രതീക്ഷിച്ച് താൻ വേഗത കുറച്ചിരുന്നു. എന്നാൽ, അതിലുള്ളവർ തന്നെ മോശമായി സ്പർശിച്ചിട്ട് പാഞ്ഞുപോവുകയാണുണ്ടായത് എന്നും യുവതി പറയുന്നു.
വ്യാപകമായ പ്രതിഷേധമാണ് വീഡിയോ പ്രചരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഉണ്ടായത്. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുണർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]