
തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദമ്പതിമാർ പിടിയിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടമ്പ് പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ്(42), ഭാര്യ ഇടുക്കി ഉടുമ്പൻചോല കർണപുരം കൂട്ടാർ ചരമൂട് രാജേഷ് ഭവനിൽ രേഖ (33), പാലോട് നന്ദിയോട് ആലംപാറ തോട്ടരികത്ത് വീട്ടിൽ റെമോ എന്ന അരുൺ (27), ഭാര്യ പാങ്ങോട് വെള്ളയംദേശം കാഞ്ചിനട തെക്കുകര പുത്തൻവീട്ടിൽ ശിൽപ(26) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലോട്, പെരിങ്ങമ്മല, നന്ദിയോട് ഭാഗങ്ങളിൽ നടന്ന മോഷണങ്ങളുടെ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെരിങ്ങമ്മല കൊച്ചുവിളയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും പാലോട് കള്ളിപ്പാറ വീട്ടിൽനിന്ന് 45 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസുകളിലാണ് പാലോട് പൊലീസ് അന്വേഷണം നടത്തിയത്.
മോഷണ മുതൽ തമിഴ്നാട്ടിൽ വിവിധ ബാങ്കുകളിൽ പണയം വെച്ചും വിൽപന നടത്തിയും കോയമ്പത്തൂരിൽ ആഡംബര ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പേ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകളുടെ പരിസരങ്ങൾ നിരീക്ഷിച്ചശേഷം സിസിടിവി ദൃശ്യങ്ങളിൽ പെടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മോഷണം.
നെടുമങ്ങാട് ഡിവൈഎസ്പി അരുൺ കെ.എസ്, പാലോട് എസ്എച്ച്ഒ അനീഷ്കുമാർ എസ്, എസ്ഐ ശ്രീനാഥ്, ഷാഡോ എസ്ഐ സജു, ഷിബു, സിപിഒ സജീവ്, ഉമേഷ് ബാബു, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]