
നീണ്ട 14 വർഷങ്ങൾക്കുശേഷം പ്രിയദർശനും അക്ഷയ് കുമാറും വീണ്ടുമൊന്നിക്കാനൊരുങ്ങുകയാണ്. ഭൂത് ബംഗ്ലാ എന്നുപേരിട്ടിരിക്കുന്ന ചിത്രം ഹൊറർ-കോമഡി വിഭാഗത്തിലുള്ളതാണ്. അടുത്തിടെ നടന്ന ഐഐഎഫ്ഐ അവാർഡ്സ് 2024- ചടങ്ങിനെത്തിയപ്പോൾ അക്ഷയ് കുമാറിനൊപ്പം പുതിയ ചിത്രം ചെയ്യുന്നതിനെക്കുറിച്ച് പ്രിയദർശൻ വാചാലനായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
അക്ഷയ് കുമാറിനൊപ്പം ചെയ്ത ഓരോ ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നെന്ന് പ്രിയദർശൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. അക്ഷയ്കുമാർ കോമഡി ചെയ്യാൻ കാരണം പ്രിയദർശൻ എന്ന സംവിധായകനാണെന്ന് പ്രേക്ഷകർ പറയുന്നു. പക്ഷേ അതിലൊന്നും തനിക്ക് വിശ്വാസമില്ല. സ്ക്രീനിൽ തമാശ കൈകാര്യം ചെയ്യാനുള്ള അക്ഷയ് കുമാറിന്റെ കഴിവിനെയാണ് താൻ പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്നും പ്രിയദർശൻ വിശദീകരിച്ചു.
“പതിനാലുവർഷങ്ങൾക്കുശേഷം ഞങ്ങൾ ഒരുമിക്കുമ്പോൾ എല്ലാം ഭംഗിയായി കലാശിക്കുമെന്നാണ് പ്രതീക്ഷ. അതൊരു വലിയ വെല്ലുവിളിയാണ്. പ്രേക്ഷകപ്രതീക്ഷയ്ക്കൊപ്പം നിൽക്കുന്ന ചിത്രമൊരുക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കും. വളരെ അച്ചടക്കമുള്ള അഭിനേതാവാണ് അക്ഷയ് കുമാർ. സെറ്റിൽ പറഞ്ഞസമയത്ത് വരുന്ന അർപ്പണബോധമുള്ള നടനാണ് അദ്ദേഹം. അമിതാഭ് ബച്ചനാണ് ഇക്കാര്യത്തിൽ ഒന്നാമത്. സംവിധായകനെ കേൾക്കുന്ന നടൻകൂടിയാണ് അക്ഷയ് കുമാർ.” പ്രിയദർശൻ കൂട്ടിച്ചേർത്തു.
ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദനാ ദൻ, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ എന്നീ ചിത്രങ്ങളിലാണ് ഇതിനുമുൻപ് പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് ഒന്നിച്ചത്. ഇതിൽ ഖട്ടാ മീഠാ 2010-ലാണ് പുറത്തിറങ്ങിയത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായി പുറത്തിറങ്ങിയ ചിത്രം പ്രിയദർശന്റെ തന്നെ വെള്ളാനകളുടെ നാട് എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]