കോട്ടയം : ഭക്ഷണ പാഴ്സലുകൾക്ക് മുകളിൽ സമയപരിധി രേഖപ്പെടുത്തി സ്റ്റിക്കർ പതിക്കണമെന്ന നിർദ്ദേശം നടപ്പാക്കാതെ ഒരുവിഭാഗം ഹോട്ടലുകൾ. ഭക്ഷ്യവിഷബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്തതോടെയാണ് സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. തുടക്കത്തിൽ കൃത്യമായി പാലിച്ചെങ്കിലും പരിശോധന നിലച്ചതോടെ വീണ്ടും പഴയപടിയാകുകയായിരുന്നു.
ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി പാഴ്സലിൽ രേഖപ്പെടുത്തണം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകംചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഷവർമപോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
തോന്നിയ സമയത്ത് കഴിക്കരുതേ…
പലരും പാഴ്സൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുകയാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ഭക്ഷണം എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിറുത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതും പാലിക്കുന്നില്ല. മയോണൈസും മറ്റും തയ്യാറാക്കി ഒരു മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ നിർബന്ധമാക്കിയിരുന്നു.
”ഇടക്കാലത്ത് ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെ സ്റ്റിക്കറുകൾ മടങ്ങിയെത്തി. എന്നാൽ, പരിശോധന നിലച്ചതോടെ വീണ്ടും പുറത്തായി. ഉപഭോക്താക്കളും ഇക്കാര്യം മറന്നു.
(എബി ഐപ്പ്, ഭക്ഷ്യോപദേശക സമിതിയംഗം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]