
.news-body p a {width: auto;float: none;}
പുഷ്പനെ അറിയാമോ, ഞങ്ങടെ
പുഷ്പനെ അറിയാമോ?
തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ
നിൽപ്പാണവനൊരു ചെമ്പനിനീർപ്പൂവ്…
വേദനയിലും അണയാത്ത ആവേശത്തിന്റെ അടയാളമായിരുന്നു, ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ. മുപ്പതാണ്ട് ചുരുട്ടിപ്പിടിച്ച മുഷ്ടിയോടെ മലർന്നു മാത്രം കിടന്നപ്പോഴും 24 വയസിൽ പൊലീസിന്റെ നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടിയ ആവേശം പുഷ്പൻ കൈവിട്ടിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ ചോരപുരണ്ട ഒരു ചരിത്രത്തിനു കൂടിയാണ് അവസാനമാകുന്നത്. ശരീരം വേദനകൊണ്ട് പുളയുമ്പോൾ ചൊക്ലി മേനപ്രത്തെ വീട്ടിലേക്ക് അന്വേഷിച്ചെത്തുന്ന ഏതെങ്കിലുമൊരു പ്രിയസഖാവിന്റെ സന്ദർശനം മാത്രം മതിയായിരുന്നു, പുഷ്പന് ആശ്വാസമാകാൻ. തന്റെ സഹനത്തിന്റെ കരുത്ത് പാർട്ടിക്ക് ആവേശമാകുന്നത് അറിഞ്ഞുകൊണ്ടു തന്നെ അടിമുടി പാർട്ടിയായി പുഷ്പൻ കിടന്ന കിടപ്പിൽ ജീവിച്ചു.
ഭരണകാലത്ത് പാർട്ടി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോഴോ, പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം പിടിച്ചപ്പോഴോ, കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടി പ്രതിസ്ഥാനത്തു നിർത്തിയ എം.വി.ആറിനെ ധീര വിപ്ലകാരിയായി വാഴ്ത്തിയപ്പോഴോ അദ്ദേഹത്തിന്റെ മകന് നിയമസഭാ സീറ്റ് സമ്മാനിച്ചപ്പോഴോ ഒരെതിർശബ്ദവും പാർട്ടിക്കെതിരെ പുഷ്പൻ ഉയർത്തിയില്ല. ഇരുപത്തിനാലാം വയസിൽ വെടിയുണ്ടയിൽ തീർന്നുപോകുമായിരുന്ന തന്റെ ജീവിതം മരണത്തിനു വിട്ടുകൊടുക്കാതെ നിലനിറുത്തിയതിന് പുഷ്പന് പ്രസ്ഥാനത്തോട് അതിലേറെ കടപ്പാടുണ്ടായിരുന്നു.
”എന്റെ കാര്യത്തിൽ എനിക്കൊട്ടും ദുഃഖമില്ല. ഞാനൊറ്റപ്പെടുന്നുവെന്ന തോന്നലുമില്ല. കാരണം പ്രസ്ഥാനത്തിനു വേണ്ടിയാണ് ഞാൻ ജീവൻ നല്കിയത്. കിടപ്പിലായ കാലം മുതൽ പരിചരിക്കാനും എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരാനും പാർട്ടിയുണ്ട്. ഒരുപക്ഷേ, ഞാൻ മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഈ അപകടത്തിൽ പെട്ടിരുന്നതെങ്കിൽ ഒരുമാസം പോലും തികച്ചു ജീവിക്കില്ലായിരുന്നു.”” പുഷ്പൻ പല അഭിമുഖങ്ങളിലും പറഞ്ഞു. ഒന്നാം പിണറായി സർക്കാർ പുഷ്പന് പെൻഷനും അനുവദിച്ചു.
1994 നവംബർ 25
മധു, ഷിബുലാലേ…
ബാബു, റോഷൻ, രാജീവേ…
നിങ്ങളുറങ്ങും ബലിപീഠങ്ങൾ
ഞങ്ങൾക്കെന്നും ആവേശം…
ഡി.വൈ.എഫ്.ഐയുടെ ഏറ്റവും വീര്യമുള്ള മുദ്രാവാക്യമാണിത്. കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കിടയിൽ ഈ മുദ്രാവാക്യങ്ങളോ ഇതിന്റെ വകഭേദങ്ങളോ കേൾക്കാതെ പുലർന്ന നവംബർ 25 കൾ ഓർത്തെടുക്കാൻ മലയാളിക്ക് ബുദ്ധിമുട്ടാവും. തന്റെ ഉറക്കത്തിൽ, ചോരയിൽ കുളിച്ച ആ അഞ്ചു മനുഷ്യരൂപങ്ങൾ എന്നുമുണ്ടായിരുന്നുവെന്ന് പുഷ്പൻ തന്നെ കാണാനെത്തുന്നവരോടൊക്കെ പറയാറുണ്ട്. അവരുടെ അടുത്തേക്ക് പുഷ്പനും മടങ്ങുകയാണ്. 1994 നവംബർ 25- അന്നാണ് മന്ത്രിയായ എം.വി രാഘവനെ തടയാനെത്തിയ അഞ്ചു യുവാക്കൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. അന്നാണ് സഖാവ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത്. അന്നാണ് കേരളത്തിന്റെ സമര ചരിത്രത്തിലെ കൂത്തുപറമ്പ് ദിനം എന്ന അദ്ധ്യായം ചോരകൊണ്ട് എഴുതപ്പെട്ടത്.
1993-ൽ എം.വി. രാഘവന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളേജിനെതിരെ ഡി.വൈ.എഫ്.ഐ സമരം പ്രഖ്യാപിച്ചു. കൂത്തുപറമ്പ് സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.വി. രാഘവനെ സമരത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കരിങ്കൊടി കാണിക്കാനെത്തി. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ. രാമകൃഷ്ണൻ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് പിൻവാങ്ങി. പിന്മാറാതെ രാഘവൻ എത്തി.
രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവിടെ തമ്പടിച്ചിരുന്നു. രാവിലെ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ചിതറി ഓടിയവർക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺഹാളിലേക്ക്. പൊലീസുകാർ ഒരുക്കിയ വലയത്തിനുള്ളിൽ നിന്ന് നിലവിളക്കു കൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എം.വി.ആർ 13 മിനിട്ട് പ്രസംഗിച്ചു. പാർട്ടിയെ കടന്നാക്രമിച്ചും പരിഹസിച്ചുമുള്ള പ്രസംഗം പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു.
പൊലീസ് വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരികെ കണ്ണൂരിലേക്ക്. ഇതിനിടയിൽ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വെടിവയ്പു തുടങ്ങി. ഡി.വൈഎഫ്.ഐ പ്രവർത്തകരായ കെ.കെ. രാജീവൻ, ഷിബുലാൽ, ബാബു, മധു, റോഷൻ എന്നിവർ രക്തസാക്ഷിത്വം വരിച്ചു. പ്രതിഷേധങ്ങളുടെ വേലിയേറ്റത്തിൽ എം.വി. രാഘവന്റെ വീടിനടക്കം തീയിട്ടു.1997-ൽ ഇടതു സർക്കാർ നിയമിച്ച പത്മനാഭൻ കമ്മിഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡിവൈ.എസ്.പി അബ്ദുൾ ഹക്കീം ബത്തേരി, എസ്.പി രവത ചന്ദ്രശേഖർ അടക്കം പ്രതികളായി. 1997-ൽ എം.വി. രാഘവൻ അറസ്റ്റിലായി. സുപ്രീം കോടതി വരെയെത്തിയ കേസിൽ മുഴുവൻ പ്രതികളേയും പിന്നീട് വിട്ടയച്ചു..
അവധിക്കെത്തിയത് തോക്കിൻ മുന്നിലേക്ക്
കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പൻ എട്ടാംക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം നേടിയത്. സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ ബംഗളൂരുവിൽ നാട്ടുകാരന്റെ പലചരക്കുകടയിൽ ജോലിക്കു കയറി. അവധിക്കു നാട്ടിലെത്തിയപ്പോൾ സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. നവംബർ 24- ന് മേനപ്രത്തെ സഖാക്കൾ പുഷ്പനോട് പറഞ്ഞു: ‘നാളെ കൂത്തുപറമ്പ് ടൗൺഹാളിൽ മന്ത്രി എം.വി. രാഘവൻ വരുന്നുണ്ട്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർക്കെല്ലാം പങ്കെടുക്കാം!”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുഷ്പന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. സമരമുഖത്തേക്ക് പുഷ്പനും എടുത്തുചാടുകയായിരുന്നു. അമ്മ ലക്ഷ്മി ഉണ്ടാക്കിക്കൊടുത്ത കപ്പയും കഴിച്ച് സമരത്തിനു പോയതാണ് പുഷ്പൻ. ഒരുവർഷത്തിനു ശേഷം സ്ട്രെച്ചറിൽ മടങ്ങിയെത്തി. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്നാ നാഡിക്കാണ് പ്രഹരമേല്പിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോവാൻ വാഹനംപോലും കിട്ടിയിരുന്നില്ല. ഒടുവിൽ ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനിയുടെ വണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചത്. ചോരപുരണ്ട ഷർട്ട് കൂടെയുള്ളവർ ഉയർത്തിക്കാട്ടിയാണ് അന്ന് ആ വാഹനത്തിന് ആശുപത്രിയിലേക്കു വഴിയൊരുക്കിയത്.
കോടിയേരിയുടെ അന്ത്യയാത്രയ്ക്ക്
ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവർത്തകർ എടുത്തുകൊണ്ടുവന്ന് പുഷ്പനെ എത്തിച്ചിരുന്നു. ജനങ്ങൾക്കിടയിലേക്ക് പുഷ്പൻ എത്തിയ അവസാന നിമിഷമായിരുന്നു അത്. തനിക്ക് താങ്ങായും കരുത്തായും എന്നുമുണ്ടായിരുന്ന പ്രിയ സഖാവിന് പുഷപൻ അന്ത്യാഭിവാദ്യം അർപ്പിച്ചത് വൈകാരികമായ രംഗമായിരുന്നു.