ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് വാഹനാപകടത്തിൽ പരുക്ക്. പിതാവ് നൗഷാദ് ഖാനോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറാനി കപ്പ് കളിക്കാനായി അസംഗഡിൽനിന്ന് ലക്നൗവിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. റോഡിൽവച്ച് നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അപകട കാരണം എന്താണെന്നു വ്യക്തമല്ല.
‘മുഹമ്മദ് സിറാജിനെ അപമാനിക്കാൻ ശ്രമം’, ബംഗ്ലദേശിന്റെ ‘ടൈഗർ റോബി’ സ്ഥിരം പ്രശ്നക്കാരൻ
Cricket
മുഷീർ ഖാന്റെ കഴുത്തിനാണു പരുക്കേറ്റത്. മുംബൈയുടെ താരമായ മുഷീറിന് ഇറാനി കപ്പ് മത്സരം നഷ്ടമാകും. മൂന്നൂ മാസത്തിലേറെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണു റിപ്പോർട്ടുകൾ. രഞ്ജി ട്രോഫിയിലെ ഏതാനും മത്സരങ്ങളും മുഷീർ ഖാന് നഷ്ടമായേക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ സഹോദരനാണ് 19 വയസ്സുകാരനായ മുഷീർ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണു താരത്തിനു പരുക്കേൽക്കുന്നത്.
ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിക്കു വേണ്ടി കളിക്കാനിറങ്ങിയ മുഷീർ, ഇന്ത്യ എ ടീമിനെതിരെ 181 റൺസാണ് അടിച്ചുകൂട്ടിയത്. ആഭ്യന്തര ക്രിക്കറ്റിൽ 15 ഇന്നിങ്സുകളിൽനിന്നായി മൂന്ന് സെഞ്ചറികളും ഒരു അർധ സെഞ്ചറിയും അടക്കം 716 റൺസ് താരം നേടിയിട്ടുണ്ട്. ഓൾ റൗണ്ടറുടെ റോളിൽ തിളങ്ങുന്ന താരം ഫസ്റ്റ് ക്ലാസിൽ ഒൻപതു മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്.
English Summary:
Indian cricketer Musheer Khan injured in car accident