
സംസ്ഥാനത്ത് റെക്കോർഡ് ഉയരത്തിൽ നിന്ന് അൽപം താഴേക്കിറങ്ങി സ്വർണ വില (Read More). ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 7,095 രൂപയായി. 40 രൂപ താഴ്ന്ന് 56,760 രൂപയാണ് പവൻ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ സർവകാല റെക്കോർഡ് (Read More) വില.
രാജ്യാന്തര വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്ന് വില താഴ്ന്നത്. ഇന്നലെ ഔൺസിന് 2,685 ഡോളർ എന്ന എക്കാലത്തെയും ഉയരത്തിലെത്തിയ വില ഇപ്പോഴുള്ളത് 2,658 ഡോളറിൽ. ഒരുവേള വില 2,643 ഡോളർ വരെ കൂപ്പുകുത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ കഴിഞ്ഞമാസവും പണപ്പെരുപ്പം കുത്തനെ കുറഞ്ഞിട്ടുണ്ട്.
Image : Shutterstock
കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ്. ഇത് കഴിഞ്ഞമാസം 2.5 ശതമാനത്തിൽ നിന്ന് 2.2 ശതമാനത്തിലേക്ക് കുറഞ്ഞതോടെ നവംബറിലെ പണനയ യോഗത്തിലും ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറി.
ഈ മാസം 18ന് അടിസ്ഥാന പലിശനിരക്കിൽ അരശതമാനം ബമ്പർ വെട്ടിക്കുറയ്ക്കൽ ഫെഡറൽ റിസർവ് വരുത്തിയിരുന്നു. നവംബറിലും കാൽ ശതമാനം മുതൽ അരശതമാനം വരെ കുറയ്ക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. അങ്ങനെയെങ്കിൽ സ്വർണ വില വീണ്ടും ഉയർന്നു തുടങ്ങും. എന്നാൽ, അതിന് മുന്നോടിയായി നിലവിൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വില കുത്തനെ ഇടിയാൻ കാരണം.
ജിഎസ്ടിയടക്കം വില ഇങ്ങനെ
ഒരു പവന് ഇന്ന് വില 56,760 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,440 രൂപ കൊടുത്താൽ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാം; ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,680 രൂപയും.
ഇന്ന് വെള്ളിക്കും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 98 രൂപയായി. അതേസമയം, 18 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,870 രൂപയെന്ന റെക്കോർഡ് വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]