ചെന്നൈ: മക്കളോടൊപ്പം ഇന്ത്യ സന്ദർശിക്കാനെത്തിയ ഓസ്ട്രേലിയൻ ചലച്ചിത്രസംവിധായകൻ ഡേവിഡ് ബ്രാഡ്ബറിയെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തിരിച്ചയച്ചു. കൂടംകുളത്ത് ആണവനിലയത്തിനെതിരേയുണ്ടായ പ്രക്ഷോഭത്തെപ്പറ്റി ഡോക്യുമെന്ററിയെടുത്തതാണ് ഇതിനു കാരണമെന്നു കരുതുന്നതായി ബ്രാഡ്ബറി മാധ്യമങ്ങളോടു പറഞ്ഞു. ഈമാസം 11-നുണ്ടായ സംഭവത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.
രണ്ടുതവണ ഓസ്കർ നാമനിർദേശം ലഭിച്ചിട്ടുള്ള ഡോക്യുമെന്ററി സംവിധായകൻ മകൾ നക്കീതയ്ക്കും മകൻ ഒമറിനുമൊപ്പമാണ് 11-ന് ചെന്നൈയിൽ വിമാനമിറങ്ങിയത്. തായ്ലാൻഡ് സന്ദർശനത്തിനുശേഷമായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. തമിഴ്നാടിനുപുറമേ കേരളത്തിലും വാരാണസിയിലും ന്യൂഡൽഹിയിലും പോകാനായിരുന്നു പരിപാടി. ബ്രാഡ്ബറിയുടെ ഭാര്യ കഴിഞ്ഞവർഷമാണ് മരിച്ചത്. കാശിയിൽച്ചെന്ന് ഹിന്ദുമതത്തിലെ മരണാനന്തര കർമങ്ങളെപ്പറ്റി മക്കൾക്കു പറഞ്ഞുകൊടുക്കുകയെന്നതും സന്ദർശനലക്ഷ്യമായിരുന്നു.
എന്നാൽ, ഇമിഗ്രേഷൻ അധികൃതർ ബ്രാഡ്ബറിയെ തടഞ്ഞുവെക്കുകയും നക്കീതയെയും ഒമറിനെയും പോകാൻ അനുവദിക്കുകയുംചെയ്തു. മണിക്കൂറുകളോളം വിമാനത്താവളത്തിലെ മുറിയിൽ നിർത്തിയശേഷം ബ്രാഡ്ബറിയെ തായ്ലാൻഡിലേക്ക് തിരിച്ചയച്ചു. ബ്രാഡ്ബറിയുടെ നിർദേശപ്രകാരം മക്കൾ ഇന്ത്യാ സന്ദർശനവുമായി മുന്നോട്ടുപോയി. 26-നാണ് അവർ തിരിച്ചുപോയത്. അതിനുശേഷമാണ് തനിക്കുണ്ടായ ദുരനുഭവം ബ്രാഡ്ബറി വെളിപ്പെടുത്തിയത്.
മുംബൈ ചലച്ചിത്രമേളയുടെ ജൂറിയായി 2012-ൽ ഇന്ത്യയിലെത്തിയ ബ്രാഡ്ബറി തമിഴ്നാട്ടിലെത്തി കൂടംകുളം സന്ദർശിച്ചിരുന്നു. അവിടെ ആണവനിലയത്തിനെതിരേ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് പഠിക്കുകയും അത് ചിത്രീകരിച്ച് ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു.
ഇതായിരിക്കും ഇന്ത്യയിലെ അധികൃതരെ പ്രകോപിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സന്ദർശനാനുമതി നിഷേധിക്കുന്നതിനുള്ള കാരണം ഇമിഗ്രേഷൻ അധികൃതർ വെളിപ്പെടുത്തിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]