
വീണ്ടും ആരവം തീര്‍ക്കാന്‍ തിയേറ്ററുകളില്‍ ഒരു പ്രഭുദേവ ചിത്രം കൂടി എത്തിയിരിക്കുകയാണ്. ആഗോളതലത്തില്‍ റിലീസ് ചെയ്തിരിക്കുന്ന പേട്ടറാപ്പ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ജെ സിനുവാണ്. മനോഹരമായ നൃത്തച്ചുവടുകളാലും സംഗീതത്താലും സമ്പന്നമാണ് ചിത്രം. പ്രഭുദേവയുടെ അഴിഞ്ഞാട്ടം തന്നെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.
ബാല എന്ന ബാലസുബ്രഹ്മണ്യത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. വലിയൊരു പ്രഭുദേവ ആരാധകന് കൂടിയാണ് ബാല. സിനിമയില്‍ വലിയ താരമാകണമെന്ന് ആഗ്രഹിക്കുന്ന ബാലയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ആകെത്തുക.
നൃത്തം, സംഗീതം തുടങ്ങിയ ചേരുവകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് പേട്ടറാപ്പ്. പ്രഭുദേവയുടെ ആരാധകനായ ബാല എന്ന യുവാവിന്റെ നൃത്തച്ചുവടുകളും സിനിമയില്‍ ഹീറോയാകാന്‍ നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. എല്ലാത്തിനും കൈയില്‍ ഉത്തരമുള്ള ഒരാള്‍ കൂടിയാണ് ബാല. ജീവിതത്തില്‍ മിനിറ്റിന് മിനിറ്റിന് തത്വം പറയുന്ന കഥാപാത്രം.
ജീവിതം വളരെ നന്നായി ആസ്വദിക്കുന്ന ബാലയുടെ ജീവിതത്തിലേക്ക് അവിചാരിതമായി ചില പ്രതിസന്ധികളെത്തുന്നു. ഈ പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ട് പോവുകയാണ് ബാല. ബാലയുടെ പഴയകാലവും പുതിയ കാലവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
പഴയകാലം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. അതിമനോഹരമായ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി. നൃത്തവും പാട്ടുമായി നിറഞ്ഞാടുന്ന ഈ ചിത്രം അതേപടി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഛായാഗ്രഹകന് കഴിഞ്ഞിട്ടുണ്ട്.
വന്ന വഴി മറക്കരുതെന്ന് നമ്മള് ഇടയ്ക്ക് തത്വം പറയാറുണ്ട്. ജീവിതം പലപ്പോഴും പഴയ പല കാര്യങ്ങളും ചിലത് നമ്മളെ പഠിപ്പിക്കാറുണ്ട്. അതുപോലെ തന്നെയാണ് ബാലയുടെ ജീവിതത്തിലും സംഭവിക്കുന്നത്. ജീവിതത്തില്‍ നഷ്ടമായെന്ന കരുതുന്നത് ഉറ്റവരുടെ രൂപത്തില്‍ ബാലയുടെ മുന്നിലേക്കെത്തുന്നുണ്ട്. ഇത് ബാലയ്ക്ക് ഒരുപരിധിവരെ അതിജീവനത്തിന് സഹായകരമാകുന്നുമുണ്ട്.
ബാല എന്ന കഥാപാത്രം പ്രഭുദേവയുടെ കൈയില്‍ ഭദ്രമായിരുന്നു. ഡാന്‍സും പാട്ടുമായി ജീവിതം ആഘോഷിക്കുന്ന ആള് കൂടിയാണ് ബാല. നായികയായ ജെന്നിയുടെ കഥാപാത്രം വേദിക വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.
പ്രഭുദേവ നായകനായി എത്തുന്ന മുന്‍കാല തമിഴ് ചിത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം പ്രതിസന്ധികളെല്ലാം തരണം ചെയ്യാന്‍ നായകന് തന്നെ തന്നാല്‍ കഴിയുന്നത് ചെയ്യുന്നത്. അത് അതേപടി ആവര്‍ത്തിക്കാതെ നര്‍മത്തിന്റെയും ബന്ധങ്ങളുടെയും നൂലില്‍ കോര്‍ത്താണ് പേട്ടറാപ്പ് ഒരുക്കിയിരിക്കുന്നത്.
നായകന് ഒരു കട്ട പ്രഭുദേവ ആരാധകനായതിനാല്‍ തന്നെ പ്രഭുദേവയുടെ മുന്‍കാല ചിത്രങ്ങളില്‍ ചിലത് ഈ സിനിമയില്‍ റഫര്‍ ചെയ്യുന്നുമുണ്ട്. മനോഹരമായ നൃത്തച്ചുവടുകളാലും സംഗീതത്താലും സമ്പന്നമാണ് പേട്ടറാപ്പ്. ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ് പ്രഭുദേവയുടെ ഡാന്‍സ് ദൃശ്യവിരുന്ന് തന്നെയാണ്.
ഇങ്ങനെയായിരിക്കും ചിത്രത്തിന്റെ അവസാനമെന്ന ഊഹിക്കാന്‍ കഴിയാത്ത രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കലാഭവന്‍ ഷാജോണിന്റെ വില്ലന്‍ ടച്ചുള്ള വേഷം ചിരിക്ക് സിനിമയില്‍ വകയൊരുക്കുന്നു. കലാഭവന്‍ ഷാജോണിനൊപ്പം റിയാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
മാസ് ചേരുവകള്‍ക്കൊപ്പം തന്നെ മികച്ച കഥയുമായാണ് പേട്ടറാപ്പിന്റെ വരവ്. തിയേറ്ററുകളില്‍ പ്രതീക്ഷയോടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും പേട്ടറാപ്പ് നല്കുന്നു. തമിഴ് താരങ്ങള്‍ക്കൊപ്പം മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.കെ ദിനിലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദറും നിഷാദ് യൂസഫ് എഡിറ്റിംഗും എ ആര് മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]