നടി കങ്കണ റണൗട്ട് സംവിധാനംചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസി എന്ന ചിത്രത്തിലെ 13 രംഗങ്ങൾ നീക്കംചെയ്യണമെന്ന് നിർദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. ഇതിൽ ജർണൈൽ സിംഗ് ഭിന്ദ്രൻവാലെയുടെ സംഭാഷണവും ഏതാനും വയലൻസ് രംഗങ്ങളും ഉൾപ്പെടുന്നു. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
ചിലരംഗങ്ങൾ നീക്കംചെയ്തശേഷം കങ്കണ റണൗട്ടിന്റെ എമർജൻസി എന്ന ചിത്രം റിലീസ് ചെയ്യാമെന്ന് സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റി നിർദേശിച്ചതായി ബോംബെ ഹൈക്കോടതി വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ സംഭവങ്ങൾ യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നോ അടിയന്തരാവസ്ഥക്കാലത്ത് നടന്ന സംഭവങ്ങളുടെ നാടകീയമായ അവതരണമാണെന്നോ ഉള്ള മുന്നറിയിപ്പ് സ്ക്രീനിൽ പ്രദർശിപ്പിക്കണമെന്നതാണ് സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റിയുടെ പ്രധാന നിർദേശം.
അസമിനെ ചൈന ഇന്ത്യയിൽനിന്ന് വേർപെടുത്തിയെന്ന് ജവഹർലാൽ നെഹ്രു പറയുന്നതായി ചിത്രത്തിലുണ്ട്. ഇതിനെ സാധൂകരിക്കുന്ന തെളിവ് ഹാജരാക്കാൻ എമർജൻസി ടീമിനോട് റിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഭിന്ദ്രൻവാലെയും സഞ്ജയ് ഗാന്ധിയും തമ്മിലുള്ള രംഗത്തിലെ സംഭാഷണം മുഴുവൻ നീക്കചെയ്യണം. ഈ രംഗം കണ്ടാൽ ഒരു ഡീൽ സംസാരിക്കുന്നതുപോലെയാണ് തോന്നുകയെന്ന് കമ്മിറ്റി വിലയിരുത്തി. ഈ രംഗത്തിനുപിന്നിലെ ഉറവിടം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭിന്ദ്രൻവാലയെ മഹത്വവൽക്കരിക്കുന്ന മൂന്ന് രംഗങ്ങളെങ്കിലും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിലൊന്നിൽ സഞ്ജയ് ഗാന്ധിയും പ്രസിഡൻ്റ് ഗ്യാനി സെയിൽ സിംഗും തമ്മിലുള്ള സംഭാഷണവും മറ്റൊന്ന് ഇന്ദിരാഗാന്ധി കരസേനാ മേധാവിയുമായി സംസാരിക്കുന്നതും കാണിക്കുന്നു. സിനിമയിൽ കാണിക്കുന്ന അക്രമത്തിൻ്റെ തോത് കുറയ്ക്കുന്നതിനെക്കുറിച്ച് ബോർഡ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സിഖുകാരല്ലാത്തവർക്ക് നേരെ അക്രമം നടത്തുന്ന സിഖുകാരുടെ രംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒരു ബസിന് മുന്നിൽനിന്നുള്ള വെടിവെപ്പ് രംഗമുണ്ട് ചിത്രത്തിൽ. ഇവയെ ബോർഡ് രൂക്ഷമായി എതിർത്തു.
കരസേനാ മേധാവിയും ഇന്ദിരാഗാന്ധിയും ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യമാണ് നീക്കംചെയ്യാനാവശ്യപ്പെട്ട മറ്റൊരുരംഗം. ഇതിൽ അഞ്ചാം സിഖ് ഗുരുവായ ഗുരു അർജനേക്കുറിച്ചുള്ള പരമാർശം ഉള്ളതിനാലാണ് ഈ രംഗം ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടത്. യഥാർത്ഥ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ രംഗങ്ങളിലെല്ലാം ഇതേക്കുറിച്ചുള്ള വിവരങ്ങൾ സ്ക്രീനിൽ കാണിക്കണമെന്നും ഇത് പ്രേക്ഷകർക്ക് ആ സംഭവങ്ങളേക്കുറിച്ചുള്ള യഥാർത്ഥചിത്രം മനസിലാക്കാൻ സഹായിക്കുമെന്നും കമ്മിറ്റി വിലയിരുത്തി. കൂടാതെ നിർമ്മാതാക്കളോട് അവർ സിനിമയിൽ ഉപയോഗിച്ച എല്ലാ സ്ഥിതിവിവരക്കണക്കുകളുടെയും പ്രസ്താവനകളുടെയും റഫറൻസുകളുടെയും തെളിവും വസ്തുതാപരമായ ഉറവിടവും സമർപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
സെപ്റ്റംബർ ആറിനായിരുന്നു ‘എമർജൻസി’ റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറാവുമ്പോഴായിരുന്നു സിഖ് മത സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തുന്നത്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായി. ചിത്രത്തിന്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനുംവേണ്ടി നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും തിരിച്ചടിയാണ് ‘എമർജൻസി’ക്ക് ലഭിച്ചത്. തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]