ജോലി സ്ഥലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളെ കുറിച്ചും, അധിക മണിക്കൂറുകൾ ജോലി ചെയ്യുന്നതിനെ കുറിച്ചുമെല്ലാമുള്ള വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. പൂനെയിൽ ഏണസ്റ്റ് ആന്ഡ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്നാണ് ഇത്തരത്തിലുള്ള വലിയ ചർച്ചകൾ ഇവിടെ ഉയർന്നു വന്നത്.
അന്നയുടെ മരണത്തെ തുടർന്ന് നിരവധിപ്പേരാണ് അവരവരുടെ തൊഴിലിടങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത്. അതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പലരും തുറന്നെഴുതിയത്. എന്നാൽ, ലോകത്ത് പല രാജ്യങ്ങളിലും ജോലി സംബന്ധമായി ആളുകൾ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഇപ്പോഴിതാ തായ്ലാൻഡിൽ 30 വയസുള്ള ഒരു ഫാക്ടറി ജീവനക്കാരി അസുഖത്തെ തുടർന്ന് മരിച്ചതായിട്ടുള്ള വാർത്തയാണ് പുറത്തു വരുന്നത്.
സൂപ്പർവൈസർ ഇവർക്ക് സിക്ക് ലീവ് (മെഡിക്കൽ ലീവ്) നിഷേധിച്ചതായിട്ടാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാങ്കോക്കിൻ്റെ തെക്ക് ഭാഗത്തുള്ള സമുത് പ്രകാൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഡെൽറ്റ ഇലക്ട്രോണിക്സ് തായ്ലൻഡിൻ്റെ ഉടമസ്ഥതയിലുള്ള ഒരു നിർമ്മാണ പ്ലാൻ്റിൽ ജോലി ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്.
മേയ് എന്നാണ് മരിച്ച യുവതിയുടെ പേര് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവർ വൻകുടൽ വീക്കത്തിന് ചികിത്സയിലായിരുന്നു. സെപ്റ്റംബർ 5 മുതൽ 9 വരെ മെഡിക്കൽ ലീവ് എടുത്തിരുന്നു. നാല് ദിവസം മേയ് ആശുപത്രിയിലും ആയിരുന്നു. സുഖം പ്രാപിക്കുന്നതിനായി രണ്ട് ദിവസം വീട്ടിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അങ്ങനെയാണ് സപ്തംബർ 12 വരെ അവൾ സിക്ക് ലീവ് ആവശ്യപ്പെടുന്നത്. എന്നാൽ, സൂപ്പർവൈസർ ആ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ആരോഗ്യം മോശമായിരുന്നിട്ടും മേയ് ജോലിക്ക് ചെല്ലാൻ നിർബന്ധിതയായി എന്നാണ് ആരോപണം. എത്തി 20 മിനിറ്റിനുള്ളിൽ തന്നെ അവൾ ഫാക്ടറിയിലെ നിലത്ത് തളർന്നു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ അവളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. സർജറി ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഡെൽറ്റ ഇലക്ട്രോണിക്സ് തായ്ലൻഡ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരിയെ നഷ്ടപ്പെട്ടതിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
സിഇഒ വിക്ടർ ചെങ് പറഞ്ഞത്, “ഡെൽറ്റ ഇലക്ട്രോണിക്സിന്റെ വിജയത്തിന്റെ അടിത്തറ തങ്ങളുടെ ജോലിക്കാരാണ്. ഈ നഷ്ടം ഞങ്ങളെ തകർക്കും വിധത്തിലുള്ളതാണ്. ഈ ശ്രമകരമായ സമയത്ത് ജീവനക്കാരിയുടെ കുടുംബത്തിന് അചഞ്ചലമായ പിന്തുണ നൽകുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. ഡെൽറ്റ ഇലക്ട്രോണിക്സ് സുതാര്യതയുടേയും ഉത്തരവാദിത്തത്തിന്റേയും കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ എല്ലാവരേയും അറിയിക്കും“ എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]