സ്നാക്കുകൾ കഴിക്കാൻ ഇഷ്ടമുള്ളവർ ഒരുപാടുണ്ടാവും. എന്നാൽ, അതിനോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല എന്നാണ് പുതിയ ഒരു കണ്ടെത്തൽ തെളിയിക്കുന്നത്. വെങ്കലയുഗത്തിൽ ബിസി 3300 -നും ബിസി 1200 -നും ഇടയിൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ മരുഭൂമി നിവാസികളുടെ മൃതദേഹത്തിന്റെ ശേഷിപ്പുകളിലാണ് ചീസ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് പുതിയ ചില കണ്ടെത്തലുകളിലേക്ക് വഴി തുറന്നിരിക്കുന്നത്.
മരണാനന്തരജീവിതത്തിൽ കഴിക്കുന്നതിന് വേണ്ടിയാണ് ഈ ചീസ് മൃതദേഹത്തോടൊപ്പം വച്ചിരിക്കുന്നത് എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. മൃതദേഹം അടക്കം ചെയ്യുമ്പോൾ അതിനൊപ്പം ചീസ് കൂടി വച്ചതായിട്ടാണ് കണ്ടെത്തൽ. തലയ്ക്കും കഴുത്തിനും ചുറ്റുമായി ചിതറിക്കിടക്കുന്ന തരത്തിലാണ് ചീസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വരണ്ട കാലാവസ്ഥയായതിനാലാവണം ഈ മൃതദേഹങ്ങൾ മമ്മിയായി മാറിയിരുന്നത് എന്നും ഗവേഷകർ പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പഴയത് എന്ന് കരുതപ്പെടുന്ന ചീസാണ് ഈ മൃതദേഹത്തിനൊപ്പം കണ്ടെത്തിയിരിക്കുന്നത്. 1615 ബിസിയിലേതാണ് ഈ ചീസ് എന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്മോൾ റിവർ സെമിത്തേരി നമ്പർ 5 -ൽ സൂക്ഷിച്ചിരിക്കുന്ന, മമ്മിയുടെ രൂപത്തിലേക്ക് മാറിയ മൃതദേഹങ്ങളിലാണ് ചീസ് കണ്ടെത്തിയിരിക്കുന്നത്. ശവസംസ്കാര പ്രക്രിയകളുടെ ഭാഗമായിട്ടും ഇവിടുത്തെ ഭൂപ്രകൃതിയുടേയും ഒക്കെ പ്രത്യേകതകളുടെ ഭാഗമായിട്ടുമാണ് അവ കാലപ്പഴക്കത്താൽ നശിക്കാത്ത അവസ്ഥയിൽ ഇരിക്കുന്നത് എന്നാണ് ഗവേഷകരുടെ അനുമാനം.
അടുത്തിടെയാണ്, ശാസ്ത്രജ്ഞർ 3,600 വർഷം പഴക്കമുള്ള ചീസിൽ നിന്ന് ഡിഎൻഎ വിജയകരമായി വേർതിരിച്ചെടുത്തത്. ഇതുവരെ അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ചീസാണിത്. ബാക്ടീരിയയും യീസ്റ്റും പാലുമായി സംയോജിപ്പിച്ച് കെഫീർ സ്റ്റാർട്ടർ ഉപയോഗിച്ചാണ് ഈ ചീസ് നിർമ്മിച്ചതെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. സിയോഹെ മനുഷ്യർ എങ്ങനെയാണ് ചീസ് നിർമ്മിച്ചിരുന്നത് എന്ന് മനസിലാക്കാൻ ഈ കണ്ടെത്തലിലൂടെ സാധിച്ചുവെന്നും ഗവേഷകർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]