ബുദ്ധിരാക്ഷസനായ വക്കീൽ ഗുമസ്തൻ ആൻഡ്രൂസ് പള്ളിപ്പാടന്റെ വീട്ടിൽ നടന്നു എന്നു പറയപ്പെടുന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ‘ഗുമസ്തൻ’ എന്ന സസ്പൻസ് ത്രില്ലർ പറയുന്നത്. അടിമുടി നിഗൂഢതയുള്ള കഥാപാത്രമാണ് പള്ളിപ്പാടൻ. അദ്ദേഹത്തിന്റെ വീടിനു പോലുമുണ്ട് പേടിപ്പെടുത്തുന്ന ഒരു ദുരൂഹത. പ്രശസ്ത ക്രിമിനൽ അഡ്വക്കേറ്റ് തോമസിന്റെയും അദ്ദേഹത്തിന്റെ അച്ഛന്റെയും ഗുമസ്തനായിരുന്ന പള്ളിപ്പാടൻ നിയമത്തിന്റെ എല്ലാ നൂലാമാലകളും അരച്ചുകലക്കിക്കുടിച്ചിട്ടുള്ള ആളാണ്. പോലീസിന്റെ കണ്ണിൽ അയാൾ ബുദ്ധിയുള്ള ക്രിമിനലാണ്, നാട്ടുകാരുടെ കണ്ണിൽ മൃഗമാണ്.
ഭാര്യയെ കൊന്ന കൊലപ്പുള്ളിയുമായി തന്നെ കാണാൻ എത്തുന്ന അഡ്വക്കേറ്റിന് പ്രതിയെ രക്ഷിക്കാനുള്ള ലൂപ് ഹോൾസ് എണ്ണിയെണ്ണി പറഞ്ഞു കൊടുക്കുന്ന പള്ളിപ്പാടനെയാണ് നമ്മൾ ചിത്രത്തിൽ ആദ്യം കാണുന്നത്. പള്ളിപ്പാടന്റെ കുബുദ്ധിയും ക്രൂരതയും ദേഷ്യവുമെല്ലാം അവിടം മുതൽ വെളിപ്പെടുന്നുണ്ട്. ദുരൂഹമായ സാഹചര്യത്തിൽ പള്ളിപ്പാടന്റെ ഭാര്യ അന്നമ്മ ടീച്ചറെ കാണാതാകുകയാണ്. പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. സസ്പെൻസ് നിലനിർത്തുന്ന കഥ പറച്ചിലും പ്രേക്ഷകർക്ക് ഊഹിക്കാൻ പറ്റാത്ത കഥാന്ത്യവുമുള്ള ഈ ക്രൈം ത്രില്ലറിന്റെ സംവിധാനം അമൽ കെ ബേബിയാണ്. ശക്തമായ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് ഇസ്മത്താണ്.
കേന്ദ്ര കഥാപാത്രമായ ഗുമസ്തനായി എത്തുന്ന ജെയ്സ് ജോസ് മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, അനീറ്റ ജോഷി തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിനോയ് എസ്. പ്രസാദാണ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ കുഞ്ഞുണ്ണി എസ് കുമാർ ആണ് ക്യാമറ. എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ. ആർ, ക്രിയേറ്റീവ് സപ്പോർട്ട് ടൈറ്റസ് ജോൺ, കലാസംവിധാനം രജീഷ് കെ. സൂര്യ, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ എന്നിവർ നിർവഹിച്ചിരിക്കുന്നു. സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ഗുമസ്തന് ടിക്കറ്റ് എടുക്കാം; കയ്യടക്കത്തോടെ ഒരുക്കിയിട്ടുള്ള ഒരു കുറ്റാന്വേഷണ ചിത്രമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]