
ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ ഇലക്ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിൽ. ഗുജറാത്തിലെ ധോലേറയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പ്ലാന്റ്. അനുബന്ധ പ്ലാന്റുകൾക്കാണ് കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ സാക്ഷിയാകുക. അസമിലും കേരളത്തിൽ മലപ്പുറത്തെ ഒഴൂരിലുമാണ് പ്ലാന്റുകൾ ആലോചിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇക്കാര്യം മനോരമ ഓൺലൈനോട് ശരിവച്ച സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്. തായ്വാൻ സെമികണ്ടക്ടർ നിർമാണക്കമ്പനിയായ പവർചിപ്പ് മാനുഫാക്ചറിങ് സെമികണ്ടക്ടർ കമ്പനിയുമായി (പിഎസ്എംസി) ചേർന്നാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റിന് ടാറ്റ ഗുജറാത്തിൽ തുടക്കമിടുന്നത്. നേരിട്ടും പരോക്ഷമായും 20,000 വിദഗ്ധ തൊഴിലാളികൾക്ക് ഇവിടെ ജോലി ലഭിക്കും. 5 വ്യത്യസ്ത ടെക്നോളജിയിൽ അധിഷ്ഠിതമായിരിക്കും ധോലേറയിലെ മെഗാ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി (ഫാബ്) എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത നൂതന ഗ്രീൻഫീൽഡ് ഫാബുമായിരിക്കും ഇത്. ഇതിനുള്ള രൂപകൽപനയും നിർമാണ പിന്തുണയും പിഎസ്എംസി ലഭ്യമാക്കും. ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ് എന്നിവയിലും അധിഷ്ഠിതമായ പ്ലാന്റിന് വർഷം 50,000 വേഫറുകൾ (സെമികണ്ടക്ടർ മെറ്റീരിയൽ) നിർമിക്കാനുള്ള ശേഷിയുമുണ്ടായിരിക്കും. ധൊലേറയിൽ വിവിധ മേഖലകൾക്ക് കരുത്തേകുന്ന മൾട്ടി-ഫാബ് പദ്ധതിയാണ് ടാറ്റ ഉന്നമിടുന്നത്. ഇതുവഴി ഒരുലക്ഷം വിദഗ്ധ തൊഴിലാളികൾക്കും തൊഴിലവസരം ലഭിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
കേരളത്തിന് വലിയ നേട്ടം
ടാറ്റാ ഗ്രൂപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ് മന്ത്രി പി. രാജീവ് മനോരമ ഓൺലൈനോട് പറഞ്ഞു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഒന്നാംറാങ്ക് അലങ്കരിക്കുന്ന കേരളത്തിന് ഇത് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷത്തിന്റെ തുടക്കത്തിൽ ആഗോള നിക്ഷേപക സംഗമം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇതിന് മുന്നോടിയായുള്ള റോഡ്ഷോകളിൽ (നിക്ഷേപക യോഗങ്ങൾ) വിവിധ മേഖലയിലെ കമ്പനികളിൽ നിന്ന് വലിയ താൽപര്യമാണ് കേരളത്തിന് ലഭിക്കുന്നത്.
സംസ്ഥാനത്ത് ഓട്ടോമോട്ടീവ് ടെക്നോളജി അനുബന്ധ പ്ലാന്റ് സ്ഥാപിക്കാനായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായും ചർച്ചകൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ മികവ് നിലനിർത്തി മുന്നോട്ട് പോകാനാണ് ശ്രമം. 10-15 വർഷത്തിനകം കേരളം മുൻനിര ഹൈടെക് ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]